ചാവാലി നായ

തെരുവിൽ എച്ചിൽകൂനകൾ തേടി അലഞ്ഞുതിരിഞ്ഞു നടന്നപ്പോഴാണ് ഞാൻ യജമാനനെ ആദ്യമായി കാണുന്നത്.എന്റെ മുൻപിൽ വന്നുനിന്ന അദ്ദേഹത്തെ കണ്ട് ഞാനാദ്യം ഒന്ന് ഭയന്നെങ്കിലും അതുമറച്ചുവെച്ചു കുരച്ചു; യജമാനനെ പോലെ രണ്ടുകാലിൽ നടക്കുന്നവർ ഉപദ്രവിച്ചിട്ടേയുണ്ടായിരുന്നുള്ളു എന്നുമെന്നെ. എന്നാൽ ശാന്തമായി പുഞ്ചിരിച്ചു സ്നേഹം കാട്ടി അദ്ദേഹം കൈഞൊടിച്ചപ്പോൾ സന്തോഷത്തോടെ വാലാട്ടി ഞാൻ കൂടെ ചെന്നു.

യജമാനൻ എന്നെയുംകൊണ്ട് അദ്ദേഹത്തിന്റെ വലിയവീട്ടിലെത്തി. അദ്ദേഹമെനിക്ക് വക്കുപൊട്ടിയ കറിച്ചട്ടിയിൽ ചോറുകുഴച്ചു എന്റെ മുൻപിൽ വെച്ചുതന്നു. സന്തോഷത്തോടെ ഞാനതു നക്കിത്തിന്നു. എന്നെപോലെ തെണ്ടിയായ ചാവാലി നായയെ നാലാളുകൺകെ വളർത്തുന്ന ആക്ഷേപം ഒഴിവാക്കാൻ അദ്ദേഹമെനിക്ക് പിന്നാപ്പുറത്തു വിറകുപുരയ്ക്കടുത്തു ഒരു കീറചാക്ക് വിരിച്ചുതന്നു. പോകാൻ എനിക്കുവേറെ ഇടമില്ലെന്നു അദ്ദേഹത്തിന് നിശ്ചയമുള്ളതുകൊണ്ടാകാം തുടലിട്ടെന്നെ കെട്ടിയിട്ടിരുന്നില്ല.എനിക്ക് ചെയ്യുവാൻ ഉത്തരവാദിത്തങ്ങളും ആ വീട്ടിലുണ്ടായിരുന്നില്ല.

വീട്ടുകാവലിനു മുന്തിയ ഉന്നതകുലജാതനായ ഒരു അൾസേഷ്യൻ അദ്ദേഹത്തിനുണ്ടായിരുന്നു. എങ്കിലും വിറകുപുരയിലെ അന്തേവാസികളായ പാറ്റ,എലി, മരപട്ടി തുടങ്ങിയവയോടു അങ്കംവെട്ടി ഞാനെന്റെ യജമാനനോട് കൂറ് കാണിച്ചു… ഒരിക്കൽ യജമാനന്റെ ശബ്ദം കേട്ട് വാലാട്ടി പൂമുഖത്തെത്തിയ എന്റെ നേർക്കു കുരച്ചുചാടിയ അൾസേഷ്യനെ അനുനയിപ്പിക്കാൻ ഏറെ പണിപ്പെട്ട അദ്ദേഹം അന്നെന്നെ ശകാരിച്ചു.തലകുനിച്ചു പിന്നാപ്പുറത്തെത്തി ഞാൻ അദ്ദേഹം തന്ന കീറചാക്കിൽ പോയികിടന്നു. അന്നേ ദിവസം ഞാൻ ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ല..എന്റെ ചട്ടിയിൽ നിറയെ ഉറുമ്പുകൾ കയറുന്നതും നോക്കി കണ്ണുനീർ വാർത്തു ഞാൻ കിടന്നു.

”ഇവ്‌ടെല്ലാം നെറച്ചും ഉറുമ്പ് കേറിയല്ലോ….!! അശ്രീകരംപിടിച്ച പട്ടി…!!” വേലക്കാരിപ്പെണ്ണ് അതുംപറഞ്ഞു ഒരുചരുവത്തിൽ വെള്ളംകോരി എന്റെ മേലേക്കൊഴിച്ചു. ഞാൻ പ്രതികരിച്ചില്ല.പിന്നീടൊരിക്കലും വഴിതെറ്റി പോലും പൂമുഖത്തേക്കു പോകാതിരിക്കാൻ ഞാൻ ശ്രദ്ധവെച്ചു.

വല്ലപ്പോഴുമൊക്കെ പിന്നാപ്പുറത്തിറങ്ങുമ്പോൾ അദ്ദേഹം എന്നോട് കുശലം പറഞ്ഞു.ഞാനതിൽ സന്തുഷ്ടയായിരുന്നു. അല്ല; എനിക്കത്രയും മതിയായിരുന്നു. യജമാനനൊപ്പം പ്രഭാതസവാരിക്കൂ പോകാനും പുല്തകിടിയിലേക്കു അദ്ദേഹമെറിയുന്ന വളയങ്ങൾ കടിച്ചെടുത്തു കൃത്യമായി കൊടുത്തു യജമാനനെ സന്തോഷിപ്പിക്കുവാനുള്ള ആഢ്യത്വം ചാവാലിപ്പട്ടിയായ എനിക്കില്ലെന്നു വളരെ സ്പഷ്ടമായി ഞാനറിഞ്ഞിരുന്നു.

കാലം ചെല്ലവേ അദ്ദേഹമെന്നെ തീർത്തും മറന്നു.പിന്നാപ്പുറത്തേക്കുള്ള വരവും നിലച്ചു.എങ്കിലും സദാസമയം ചെവിവട്ടംപിടിച്ചു യജമാനന്റെ സ്വരത്തിനു ഞാൻ കാതോർത്തു.പോകെപ്പോകെ ഒരു മൗഢ്യമെന്നെ ബാധിച്ചു.”അയിന് ദീനമായിരിക്കുമെന്നു ജോലിക്കാരികൾ പരസ്പരം പറഞ്ഞു. പിന്നെ പിന്നെ എന്റെ ചട്ടിയിലേക്കു വറ്റിട്ടു വെക്കാനും ആരും മെനക്കെടാതെയായി.ദെണ്ണിച്ചു വാരിയെല്ലുകൾ എഴുന്നു ഞാനൊരു പേകോലമായിത്തീർന്നു.

ഇന്നിപ്പോൾ എന്തെന്നറിയില്ല എനിക്കുള്ള കുഴച്ചച്ചോറുമായി യജമാനനാണ് വന്നത്. കാലുകളുയർത്തി വാലാട്ടി കുരച്ചു ഞാനെന്റെ സന്തോഷം പ്രകടിപ്പിച്ചു.സമയംതെറ്റി വിളമ്പിത്തന്ന ചോറെങ്കിലും ഞാൻ ചട്ടി നക്കിത്തോർത്തി വെടിപ്പാക്കി തിന്നുതീർത്തു. പിന്നെ അദ്ദേഹമെന്നെ പൂമുഖത്തൂടെ കാറിന്റെ ഡിക്കിയിലേക്കു കയറ്റിയിരുത്തി. അതുകണ്ട അൾസേഷ്യൻ കുരച്ചുചാടിയെങ്കിലും യജമാനന്റെ ഉയർന്ന ഒച്ചയിൽ നിശ്ശബ്ദനായ അവൻ തന്റെ കൂട്ടിൽ ചുരുണ്ട് കൂടി മുറുമുറുത്തു .

എനിക്കെല്ലാമൊരു സ്വപ്നം പോലെതോന്നി, യജമാനനൊപ്പമൊരു സവാരിക്ക് ഞാൻ എത്രയോ ആശിച്ചിരുന്നു.എനിക്കാകെ ഒരുന്മേഷം തോന്നി.കാറിന്റെ ഡിക്കിയിൽ കിടന്ന യജമാനന്റെ ഷൂസിൽ മുഖമുരച്ചു ഞാനെന്റെ സന്തോഷം പ്രകടിപ്പിച്ചു. ഞങ്ങൾ ഏറെ ദൂരം സഞ്ചരിച്ചു. എനിക്ക് പരിചിതമല്ലാത്ത ഏതോ ഒരു സ്ഥലത്തു അദ്ദേഹം കാർ നിർത്തി എന്നെ ഇറക്കി നിർത്തിയിട്ടു തിരക്കിട്ടു വണ്ടിയിൽ കയറി.മറന്നുവെച്ചതെന്തോ എടുക്കാൻ തിരികെ കയറിയതാകുമെന്നോർത്തു ; അദ്ദേഹമെന്നെ ഉപേക്ഷിച്ചു പോവുകയാണെന്ന് അറിയാതെ യജമാനന്റെ കാറുയർത്തിയ പൊടിപടലത്തിനു പിന്നാലെ ഞാൻ കുരച്ചുകൊണ്ടോടി .ഉപേക്ഷിക്കപ്പെടുകയാണ് എന്നറിഞ്ഞിട്ടും അത് അംഗീകരിക്കാൻ കൂട്ടാക്കാതെ പിന്നാലെയോടുന്ന വെറുമൊരു ചാവാലിനായ മാത്രമാണല്ലോ എന്നും ഞാൻ .

Share this news

Leave a Reply

%d bloggers like this: