100,000 കോവിഡ് വാക്സിൻ കുത്തിവെപ്പ്: കഴിഞ്ഞ ആഴ്ചയിലെ ലക്ഷ്യം പൂർത്തീകരിക്കാൻ HSE-ക്ക് കഴിഞ്ഞില്ലെന്ന് റിപ്പോർട്ട്

കഴിഞ്ഞയാഴ്ചത്തെ ലക്ഷ്യമായിരുന്ന 100,000-ഓളം കോവിഡ് വാക്‌സിന്‍ കുത്തിവെപ്പുകള്‍ എന്നത് പൂര്‍ത്തീകരിക്കാന്‍ HSE-ക്ക് സാധിച്ചില്ലെന്ന് റിപ്പോര്‍ട്ട്. വാക്‌സിനുകള്‍ എത്താന്‍ വൈകിയതാണ് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 28 വരെയുള്ള കഴിഞ്ഞ ആഴ്ചയില്‍ 81,843 ഡോസ് വാക്‌സിനുകളാണ് കുത്തിവച്ചത്. ഇതില്‍ 73,054 എണ്ണം ആദ്യത്തെ ഡോസും, 7,873 എണ്ണം രണ്ടാമത്തെ ഡോസുമാണ്.

കഴിഞ്ഞ ആഴ്ചയും, ഈ ആഴ്ചയും നേരത്തെ പറഞ്ഞ സമയത്ത് വാക്‌സിന്‍ എത്തിക്കാന്‍ കഴിയില്ലെന്ന് അവസാനനിമിഷം AstraZenica അറിയിക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഡെലിവറി വൈകിയാലും അടുത്തയാഴ്ച മുതല്‍ രാജ്യം ആവശ്യപ്പെട്ടത്രയും വാക്‌സിന്‍ ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈ മാസം മുതല്‍ വാക്‌സിന്‍ വിതരണം ദ്രുതഗതിയിലാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. മാര്‍ച്ച് മുതല്‍ ആഴ്ചയില്‍ 100,000 ഡോസ് വീതം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഏപ്രിലോടെ അത് 200,000 മുതല്‍ 300,000 വരെയാക്കി വര്‍ദ്ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഡെലിവറി വൈകിയതോടെ 85-ന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ഈ ആഴ്ചയോടെ വാക്‌സിന്‍ വിതരണം പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യം നടപ്പിലാകില്ലെന്നാണ് കരുതുന്നത്.

ഫെബ്രുവരി 28 വരെയുള്ള കണക്കനുസരിച്ച് അയര്‍ലണ്ടില്‍ 141,833 പേരാണ് പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്യപ്പെട്ടത് (ആകെ ജനസംഖ്യയുടെ 2.9%). ഒരു ഡോസെങ്കിലും ലഭിച്ച 297,899 പേരും ഉണ്ട് (ആകെ ജനസംഖ്യയുടെ 6%).

വടക്കന്‍ അയര്‍ലണ്ടില്‍ 37,862 പേര്‍ (ജനസംഖ്യയുടെ 2%) മുഴുനായി വാക്‌സിനേറ്റ് ചെയ്യപ്പെട്ടപ്പോള്‍, 545,019 പേര്‍ക്ക് (28.8%) ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു.

Share this news

Leave a Reply

%d bloggers like this: