ഇറാഖി ഇസ്ലാമിക നേതാവ് അൽ-സിസ്താനിയുമായി പോപ്പ് ഫ്രാൻസിസിന്റെ കൂടിക്കാഴ്ച്ച; സുരക്ഷാ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു

ഇറാഖിലെ ഇസ്ലാമിക നേതാവായ ആയത്തൊള്ള അലി അല്‍-സിസ്താനിയുമായി, പോപ്പ് ഫ്രാന്‍സിസ് നടത്തുന്ന കൂടിക്കാഴ്ചയുടെ മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഇറാഖ് നഗരമായ നജാഫില്‍ ‘വിഘടനത്തിന്റെ കാലത്തുള്ള സഹവര്‍ത്തിത്വം’ എന്ന വിഷയത്തിലാണ് ഇരു മത നേതാക്കന്മാരും തമ്മില്‍ ചരിത്രപരമായി പ്രാധാന്യമുള്ള കൂട്ടിക്കാഴ്ച നടത്തുന്നത്.

ഇറാഖിനും പുറത്തുമുള്ള ഷിയ മുസ്ലീങ്ങളുടെയിടയില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് അല്‍-സിസ്താനി. ഇറാനിലെ ഷിയകള്‍ക്കിടയിലും ഏറെ ബഹുമാനിതനാണ് അദ്ദേഹം. നജാഫിലെ അദ്ദേഹത്തിന്റ വസതിയില്‍ ശനിയാഴ്ചയാണ് 40 മിനിറ്റോളം നീളുന്ന കൂിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ കുറച്ചു സമയം പോപ്പും അല്‍-സിസ്താനിയും മാത്രമായും ചെലവഴിക്കും.

കൂടിക്കാഴ്ച തീരുമാനിച്ചതിനെത്തുടര്‍ന്ന് വിശദമായ സുരക്ഷാ പരിശോധനയും മറ്റുമാണ് ഇപ്പോള്‍ നടക്കുന്നത്. കോവിഡിന് പുറമെ ഇറാന്റെ പിന്തുണയുള്ള വിഘടനവാദികളുടെയും ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണ് ഇത്. ക്രിസ്ത്യന്‍ ജനത ഏറെ കുറവുള്ള ഇറാഖില്‍, പോപ്പിന്റെ സന്ദര്‍ശനം അവര്‍ക്ക് ഗുണകരമാകുമെന്നും, ഷിയകളുടെ പിന്തുണ ലഭിച്ചാല്‍ കൂടുതല്‍ സൈര്യജീവിതം നയിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ഷിയ പോരാളികളുടെ ഉപദ്രവം ക്രിസ്ത്യന്‍ സമൂഹത്തിന് ഉണ്ടാകുകയുമില്ല.

ഇറാഖിന് പുറമെ ഇറാനും കൂടിക്കാഴ്ചയെ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. 90-കാരനായ അല്‍-സിസ്താനി ഇറാനിയന്‍ മതനേതാവായ അലി ഖൊമേനിയുടെ എതിരാളിയായാണ് അറിയപ്പെടുന്നത്. ഇറാന്റെ പല ചെയ്തികളെയും അദ്ദേഹം എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെയും തള്ളിപ്പറഞ്ഞിട്ടുണ്ട് അദ്ദേഹം. അല്‍-സിസ്താനിയുടെ ആഹ്വാനത്തെത്തുടര്‍ന്നാണ് 2005 ജനുവരിയിലെ തെരഞ്ഞെടുപ്പില്‍ ഇറാഖി ജനതയില്‍ പലരും വോട്ട് ചെയ്യാനായി ബൂത്തുകളില്‍ എത്തിയത്. 2003-ലെ യുഎസ് അധിനിവേശത്തിന് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്.

Share this news

Leave a Reply

%d bloggers like this: