അയർലണ്ടിലെ ആരോഗ്യ പ്രവർത്തകരുടെ പൗരത്വ അപേക്ഷകൾ മാത്രമായി fast track രീതിയിൽ പരിഗണിക്കാൻ സാധിക്കില്ല; നീതിന്യായ വകുപ്പ്

അയര്‍ലണ്ടിലെ ആരോഗ്യപ്രവര്‍ത്തകരുടെ പൗരത്വ അപേക്ഷകള്‍ മാത്രമായി fast-track ചെയ്യാന്‍ സാധിക്കില്ലെന്ന് നീതിന്യായ വകുപ്പ്.  നിലവില്‍ രണ്ട് വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുന്ന പൗരത്വ അപേക്ഷകളാണ് വകുപ്പ് fast track രീതിയില്‍ പരിഗണിച്ച് വരുന്നത്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ അപേക്ഷകള്‍ക്ക് പ്രത്യേക fast track പരിഗണന നല്‍കാന്‍ നിലവില്‍ സംവിധാനമില്ലെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കുന്നു.

നിലവില്‍ 24,000-ഓളം പൗരത്വ അപേക്ഷകളാണ് വകുപ്പിന് മുമ്പിലുള്ളത്. ഇതില്‍ 4,000-ഓളം അപേക്ഷകള്‍ അവസാനഘട്ട പരിശോധനയിലുമാണ്. ഇതില്‍ത്തന്നെ മിക്കതും 30 മാസത്തിലേറെയായി തീരുമാനം കാത്തുകെട്ടിക്കിടക്കുകയാണ്. വേറെ 2,500 അപേക്ഷകളില്‍ കൂടി ജൂണോടെ തീരുമാനമെടുക്കുമെന്നും വകുപ്പ് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 30-ഓടെ രണ്ട് വര്‍ഷത്തിലേറെയായി അപേക്ഷിക്കപ്പെട്ട എല്ലാ പൗരത്വ അപേക്ഷകളും വകുപ്പിന്റെ പരിഗണനയില്‍ വരും.

നിലവില്‍ പരിഗണിച്ചുവരുന്ന രണ്ട് വര്‍ഷത്തിലേറെയായ അപേക്ഷകളില്‍ നിരവധി ആരോഗ്യപ്രവര്‍ത്തകരുണ്ട്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ മാത്രം അപേക്ഷകള്‍ പ്രത്യേകമായി വേഗത്തില്‍ പരിഗണിക്കാനുള്ള സംവിധാനം ഇപ്പോള്‍ ഇല്ല.

ആരോഗ്യപ്രവര്‍ത്തകരുടെ പൗരത്വ അപേക്ഷകള്‍ fast track രീതിയില്‍ പരിഗണിക്കുന്ന സംവിധാനം നടപ്പിലാക്കണമെന്ന് നേരത്തെ യൂണിയനുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ ഈ സംവിധാനം നടപ്പിലാക്കിയതായും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും രണ്ട് വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നവരുടെ അപേക്ഷകള്‍ പെട്ടെന്ന് പരിഗണിക്കാനുള്ള അധികൃതരുടെ തീരുമാനത്തെ വിവിധ യൂണിയനുകള്‍ സ്വാഗതം ചെയ്തു.

അഞ്ച് വര്‍ഷം അയര്‍ലണ്ടില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് പൗരത്വത്തിനായി അപേക്ഷിക്കാം. 6 മുതല്‍ 12 മാസത്തിനുള്ളില്‍ അപേക്ഷയില്‍ തീരുമാനമെടുക്കണമെന്നാണ് ചട്ടമെങ്കിലും നാല് വര്‍ഷത്തിലേറെയായി കാത്തിരിക്കുന്ന നിരവധി പേര്‍ ഉണ്ട്.

Share this news

Leave a Reply

%d bloggers like this: