അയർലണ്ടിൽ മക്കളുടെ ആവശ്യത്തിനായി രക്ഷിതാക്കൾക്ക് 5 ആഴ്ച്ച വരെ ലീവ്; ആർക്കൊക്കെ ആനുകൂല്യം ലഭിക്കും?

അയര്‍ലണ്ടിലെ ജോലിക്കാര്‍ക്ക് മക്കളുടെ ആവശ്യത്തിനായി ലീവ് എടുക്കാന്‍ അവകാശം നല്‍കുന്ന നിയമമാണ് Parent’s Leave and Benefit Act 2019. ഓരോ രക്ഷിതാവിനും കുഞ്ഞ് ജനിച്ച് ആദ്യ വര്‍ഷത്തില്‍ 5 ആഴ്ച വരെ പരമാവധി ലീവ് അനുവദിക്കും. (നേരത്തെ 2 ആഴ്ച ആയിരുന്നത് ഏപ്രില്‍ മുതല്‍ 5 ആഴ്ചയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.) അഥവാ കുഞ്ഞിനെ ദത്തെടുക്കുകയാണെങ്കില്‍, കുഞ്ഞിനൊപ്പം താമസം തുടങ്ങുന്ന ദിവസം മുതല്‍ 1 വര്‍ഷം വരെയുള്ള കാലയളവാണ് ലീവിനായി കണക്കാക്കപ്പെടുക. ഒന്നിലധികം കുഞ്ഞുങ്ങള്‍ ഒരേ സമയം ജനിക്കുക, അല്ലെങ്കില്‍ ഒന്നിലധികം കുഞ്ഞുങ്ങളെ ഒരേ സമയം ദത്തെടുക്കുക എന്നീ സാഹചര്യങ്ങളിലും 5 ആഴ്ചയിലധികം ലീവ് ലഭിക്കില്ല.

ഈ ലീവ് കാലയളവില്‍ Parent’s Benefit എന്ന ധനസഹായവും ലഭിക്കും. ജോലിക്കാര്‍ക്കും, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും Parent’s Benefit തുക ലഭിക്കും. ആഴ്ചയില്‍ 245 യൂറോ വീതമാണ് ഈ സഹായം.

ആര്‍ക്കൊക്കെ ലീവ് ലഭിക്കും?

  • കുട്ടിയുടെ രക്ഷിതാവിന്
  • കുട്ടിയുടെ രക്ഷിതാവിന്റെ ഭാര്യ/ഭര്‍ത്താവ്/നിയമപരമായ പങ്കാളി, കൂടെ താമസിക്കുന്ന പങ്കാളി
  • വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്ന വ്യക്തി (Children and Family Relationships Act 2015-ന്റെ സെക്ഷന്‍ 5 പ്രകാരം)
  • ദത്തെടുക്കുന്ന കുട്ടിയുടെ രക്ഷിതാക്കള്‍
  • ദത്തെടുക്കുന്ന കുട്ടിയുടെ രക്ഷിതാവിന്റെ ഭാര്യ/ഭര്‍ത്താവ്/നിയമപരമായ പങ്കാളി
  • സ്വവര്‍ഗ്ഗവിവാഹിതരോ, നിയമപരമായ പങ്കാളികളോ ആയവര്‍, ഒരുമിച്ച് താമസിക്കുന്ന സ്വവര്‍ഗ്ഗ പങ്കാളികള്‍

ലീവിനായുള്ള അപേക്ഷ ആറ് ആഴ്ചയ്ക്ക് മുമ്പ് തൊഴില്‍ദാതാവിന് എഴുതി നല്‍കണം. അതേസമയം പ്രത്യേക സാഹചര്യങ്ങളില്‍ ഈ ലീവ് നല്‍കുന്നത് നീട്ടാന്‍ തൊഴില്‍ദാതാവിന് അധികാരമുണ്ട്. ഇത് നിങ്ങളുടെ അവകാശത്തിന് എതിരാണെന്ന് ബോധ്യപ്പെട്ടാല്‍ Workplace Relations Commission-ല്‍ പരാതിപ്പെടാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: