സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ കപ്പൽ; എന്താണ് സൂയസ്? ആഗോള വ്യാപാരത്തിൽ സൂയസിന്റെ പങ്കെന്ത്? സംഭവം ലോകവിപണിയെ ബാധിച്ചതെങ്ങനെ?

ലോകത്തെ 90% ചരക്കുനീക്കവും നടക്കുന്നത് സമുദ്ര മാര്‍ഗ്ഗമാണെന്നാണ് കണക്ക്. ചെലവ് കുറവും, കൂടുതല്‍ സാധനങ്ങള്‍ ഒന്നിച്ച് കൊണ്ടുപോകാം എന്നതുമാണ് അതിന് കാരണം. എന്നാല്‍ കഴിഞ്ഞ ദിവസം സൂയസ് കനാലില്‍ വമ്പന്‍ കണ്ടെയിനര്‍ ഷിപ്പ് കുടുങ്ങിപ്പോയത് പോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത്, രാജ്യാന്തര വിപണിയെത്തന്നെ വലിയ തോതില്‍ ബാധിക്കുന്ന ഒരു പ്രശ്‌നമാണ്.

മെഡിറ്ററേനിയന്‍ കടലിനെയും, ചെങ്കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന, വീതി കുറഞ്ഞതും, എന്നാല്‍ ആഴമേറിയതുമായ കനാലാണ് സൂയസ് കനാല്‍. യൂറോപ്പും ഏഷ്യയും തമ്മിലുള്ള വലിയ തോതിലുള്ള ചരക്കുനീക്കം നടക്കുന്ന സൂയസ് കനാലിനെ ലോകത്തെ എല്ലാ പ്രമുഖ ചരക്കു കമ്പനികളും ആശ്രയിക്കാറുണ്ട്. ഇവിടെയാണ് The Ever Given എന്ന വമ്പന്‍ ചരക്കുകപ്പല്‍ കനത്ത കാറ്റ് വീശിയടിച്ചത് കാരണം കുടുങ്ങിപ്പോയത്. വീതി കുറവായതിനാല്‍ മറ്റ് കപ്പലുകള്‍ക്ക് കടന്നുപോകുക അസാധ്യമായതോടെ ഇവിടെ കൂടെയുള്ള ചരക്കുനീക്കം നിലച്ചു. സൂയസില്‍ കപ്പല്‍ കുടുങ്ങിയത് മൂലം മറ്റ് പല ചരക്കുകപ്പലുകളും വഴി തിരിച്ചുവിടേണ്ടി വന്നു. അവയ്ക്ക് ലക്ഷ്യം കാണാന്‍ ശരാശരി 15 ദിവസം അധികം സഞ്ചരിക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.

യൂറോപ്പ്-ഏഷ്യ എന്നീ വന്‍കരകള്‍ക്കിടെയുള്ള ചരക്കുനീക്കത്തിന്റെ പ്രധാന ഹബ്ബാണ് സൂയസ് കനാല്‍. 2019-ല്‍ 19,000 കപ്പലുകളാണ് 1.25 ബില്യണ്‍ ടണ്‍ ചരക്കുമായി ഈ വഴി കടന്നുപോയത്. ലോകത്തെ ആകെ ചരക്കുനീക്കത്തിന്റെ 13% ആണ് ഇതെന്ന് ഓര്‍ക്കുക. നിലവില്‍ ദിവസവും 49 കപ്പലുകളാണ് ഇവിടെ കൂടി കടന്നുപോകുന്നത്. 2023-ഓടെ അത് 97 ആയി ഉയര്‍ത്താനുള്ള പദ്ധതികള്‍ അധികൃതര്‍ നടത്തിവരികയാണ്.

The Ever Given പോലെയുള്ള വന്‍കിട കപ്പലുകളാണ് സൂയസിലൂടെ കടന്നുപോകുന്നതില്‍ മൂന്നില്‍ ഒന്നും എന്നാണ് കണക്ക്. അങ്ങനെയെങ്കില്‍ ഈ കപ്പലിന് സംഭവിച്ചതു പോലെയുള്ള അപകടം നാളെ മറ്റ് കപ്പലുകള്‍ക്കും വന്നുകൂടായ്കയില്ല. 400 മീറ്റര്‍ നീളവും, 59 മീറ്റര്‍ വീതിയും, വെള്ളത്തിനടിയില്‍ 16 മീറ്റര്‍ താഴ്ന്നു കിടക്കുന്നതുമായത്ര വലിപ്പമാണ് The Ever Given-ന് ഉള്ളത്. 18,000 കണ്ടെയിനറുകള്‍ ഒരുമിച്ച് കൊണ്ടുപോകാന്‍ തക്ക വലിപ്പമുള്ളതാണ് ഈ കപ്പല്‍. വലിപ്പം ഏറെയാണെന്നതിനാല്‍ ഇത്തരം സാഹചര്യത്തില്‍ കപ്പല്‍ ഇവിടെ നിന്നും മാറ്റുക ദുഷ്‌കരവും, ഏറെ സമയം വേണ്ടിവരുന്നതുമായ പ്രവൃത്തിയാണ്.

മെഡിറ്ററേനിയന്‍ ഭാഗത്ത് കനാലിന് വീതി കൂട്ടിയതിനാല്‍, രണ്ട് ചാനലുകള്‍ ഉണ്ട്. ഇത്തരത്തില്‍ കപ്പല്‍ കുടുങ്ങായാലും അടുത്ത ചാനലിലൂടെ ചരക്കുനീക്കം സാധ്യമാകും. എന്നാല്‍ The Ever Given കുടുങ്ങിയ ഭാഗത്ത് ഒരു ചാനല്‍ മാത്രമേ ഉള്ളൂ എന്നതാണ് ചരക്കുനീക്കം നില്‍ക്കാന്‍ ഇടയാക്കിയത്. 193 കിലോമീറ്റര്‍ നീളമുള്ള കനാലില്‍, ഇത്തരം പ്രദേശത്താണ് കപ്പല്‍ കുടുങ്ങുന്നതെങ്കില്‍, കപ്പല്‍ പുറത്തെത്തിക്കും വരെ ബാക്കിയുള്ളവ കാത്തിരിക്കുക മാത്രമേ നിവൃത്തിയുള്ളൂ. മാത്രമല്ല, കപ്പലുകള്‍ തമ്മിലുള്ള കൂട്ടിയിടിക്കും അത് കാരണമായേക്കും.

ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്ന ചരക്ക് മരുന്നോ, ഭക്ഷണമോ ആണെങ്കില്‍ അത് ഭീമമായ നഷ്ടവും, ലക്ഷ്യസ്ഥാനത്ത് എത്താതിരുന്നാല്‍ വലിയ ക്ലേശവുമാകും ഉണ്ടാക്കുക.

എന്നാല്‍ ക്രിസ്മസ് കാലം പോലെ, തിരക്കേറിയ ചരക്കുനീക്കം നടക്കുന്ന സമയം അല്ലാത്തതിനാലാണ് കഴിഞ്ഞ ദിവസത്തെ സംഭവം വലിയ നാശനഷ്ടം ഉണ്ടാക്കാതിരുന്നത്. നിലവില്‍ The Ever Given കുടുങ്ങിയ പ്രദേശം അത്യാവശ്യം വീതി ഉള്ളതിനാല്‍ തീരത്തെ പാറയുമായുള്ള കൂട്ടിമുട്ടലും ഒഴിവായി. മറിച്ചാണെങ്കില്‍ സ്ഥിതി വഷളായേനെ.

ഇത്തരം സാഹചര്യം ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും, കനാലിന്റെ വീതി കൂട്ടി, സുരക്ഷിതമായ സഞ്ചാരപാത സൃഷ്ടിക്കുകയാണ് പരിഹാരമെന്നും വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിവരങ്ങള്‍: Rory Hopcraft, Industrial Researcher, University of Plymouth

Kevin Jones, Executive Dean, Faculty of Science and Engineering, University of Plymouth

Kimberly Tam, Lecturer in Cyber Security, University of Plymouth.

കടപ്പാട്: The Conversation, The Journal.

Share this news

Leave a Reply

%d bloggers like this: