3 മാസത്തിനിടെ കോവിഡ് പോരാളികളടക്കം 1,200 പേർക്ക് ഐറിഷ് പൗരത്വം നൽകിയതായി നീതിന്യായ വകുപ്പ്

ജനുവരി മുതലുള്ള മൂന്ന് മാസങ്ങള്‍ക്കിടെ 1,200 പേര്‍ക്ക് ഐറിഷ് പൗരത്വം നല്‍കിയതായി നീതിന്യായ വകുപ്പ്. കോവിഡ് നിയന്ത്രണം കാരണം സിറ്റിസന്‍ഷിപ്പ് സെറിമണികളില്‍ പങ്കെടുത്താന്‍ സാധിക്കാത്തതിനാല്‍ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ സെറിമണിക്ക് പകരമായി ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ statutory declaration of loyalty ഒപ്പു വച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം വന്നതോടെ ജനുവരി 18 മുതലാണ് പൗരത്വ അപേക്ഷകളിന്മേലുള്ള നടപടികള്‍ പുനരാരംഭിച്ചത്.

കോവിഡ് പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന ധാരാളം മുന്‍നിര പ്രവര്‍ത്തകര്‍ പൗരത്വം ലഭിച്ചവരില്‍ ഉള്‍പ്പെട്ടതായാണ് താന്‍ മനസിലാക്കുന്നതെന്ന് നീതിന്യായ വകുപ്പ് മന്ത്രി Helen McEntee പറഞ്ഞു. 1,159 പേര്‍ കൂടി statutory declaration of loyalty ഒപ്പുവച്ചിട്ടുണ്ടെന്നും, വരുന്ന ആഴ്ചകളില്‍ അവര്‍ക്ക് നാച്വറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അയയ്ക്കുമെന്നും McEntee കൂട്ടിച്ചേര്‍ത്തു. നാച്വറലൈസേഷന്‍ നടപടികളുടെ ഭാഗമായി അപേക്ഷകരുടെ മേല്‍ ഗാര്‍ഡ നടത്തുന്ന അന്വേഷണവും ഓണ്‍ലൈനാക്കിയിരിക്കുകയാണ്.

ജൂണ്‍ മാസത്തോടെ 24,000 പൗരത്വ അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കാനാണ് നീതിന്യായ വകുപ്പ് ലക്ഷ്യമിടുന്നത്. 2020 ഡിസംബര്‍ 30 വരെ, 24 മാസമായി കാത്തുകിടക്കുന്ന പൗരത്വ അപേക്ഷകളാണ് നിലവില്‍ പരിഗണിച്ചു വരുന്നത്.

Share this news

Leave a Reply

%d bloggers like this: