കോവിഡ്: അയർലണ്ടിൽ കെട്ടിക്കിടക്കുന്നത് 83,000 പാസ്പോർട്ട് അപേക്ഷകൾ

അയര്‍ലണ്ടിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം 83,000-ഓളം ആണെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ അവസാനം ആരംഭിച്ച ലെവല്‍ 5 നിയന്ത്രണങ്ങള്‍ കാരണം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതാണ് ഇത്രയും അപേക്ഷകള്‍ കുന്നുകൂടാന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ മുതലുള്ള അപേക്ഷകള്‍ ഇതില്‍പ്പെടുന്നു. അതേസമയം അടിയന്തരാവശ്യത്തിന് പാസ്‌പോര്‍ട്ട് നല്‍കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തത് കാരണം ധാരാളം പേര്‍ക്ക് പഠനം, ജോലി, അടിയന്തരാവശ്യത്തിന് ബന്ധുക്കളെ കാണാന്‍ പോകുക എന്നീ ആവശ്യങ്ങളൊന്നും തന്നെ നടത്താന്‍ സാധിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. മക്കള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കാനായി സ്വന്തം പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ള രക്ഷിതാക്കളും പാസ്‌പോര്‍ട്ട് തിരികെ ലഭിക്കാതെ വിഷമത്തിലാണ്. പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ അപേക്ഷയ്‌ക്കൊപ്പം പ്രധാനപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചവരും ഇതോടൊപ്പം കഷ്ടത്തിലായിരിക്കുകയാണ്. EU ഇതര പൗരന്മാര്‍ പാസ്‌പോര്‍ട്ടിനായി സമര്‍പ്പിച്ചിരിക്കുന്നത് Garda National Immigration Bureau (GNIB) കാര്‍ഡ് ആണ്. EU പൗരന്മാരല്ലാത്തതിനാല്‍ ഈ കാര്‍ഡ് കൈവശമുണ്ടാകേണ്ടത് നിര്‍ബന്ധവുമാണ്. എന്നാല്‍ നടപടി ഇനിയും പൂര്‍ത്തീകരിക്കാത്തതിനാല്‍ മാസങ്ങളായി പലരുടെയും കൈയില്‍ കാര്‍ഡ് ഇല്ല. ഇത്തരത്തില്‍ പ്രധാനപ്പെട്ട രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുള്ളതിനാല്‍ മറ്റ് അത്യാവശ്യ ഘട്ടങ്ങളില്‍ രേഖ ഹാജരാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല.

ലെവല്‍ 4 നിയന്ത്രണത്തിലേയ്ക്ക് മാറുന്നതോടെ പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍ ഉടനടി പൂര്‍ത്തീകരിക്കുമെന്നും, കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ 6-8 ആഴ്ചകള്‍ മതിയെന്നുമാണ് പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ പറയുന്നത്. ഫെബ്രുവരി 1 മുതല്‍ ഇതുവരെ 22,000 പാസ്‌പോര്‍ട്ടുകള്‍ നല്‍കിയതായും അധികൃതര്‍ പറയുന്നു. എന്നാല്‍ ഇനിയും പാസ്‌പോര്‍ട്ടോ, സമര്‍പ്പിച്ച രേഖകളോ ലഭിക്കാത്ത പലരും, തങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് വേണ്ടെന്നും, അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ തിരികെ തന്നാല്‍ മതിയെന്നുമാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: