കോടിക്കണക്കിനു യൂറോയുടെ വിറ്റുവരവ്, പക്ഷേ ടാക്സ് അടയ്ക്കാൻ ആമസോണിനു മടി

2020-ല്‍ 43.8 ബില്യണ്‍ യൂറോയുടെ ഭീമമായ വിറ്റുവരവുണ്ടായിട്ടും ഓണ്‍ലൈന്‍ റീട്ടെയിലര്‍ കമ്പനിയായ ആമസോണ്‍ യൂറോപ്പിലെ കോര്‍പ്പറേഷന്‍ ടാക്‌സ് അടച്ചില്ലെന്ന് റിപ്പോര്‍ട്ട്. മഹാമാരി കാരണം ഷോപ്പിങ് ഓണ്‍ലൈനിലായതോടെ വമ്പന്‍ ബിസിനസാണ് യുഎസ് കമ്പനിയായ ആമസോണിന് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ഈ വര്‍ഷവും അത് തുടരുകയാണെങ്കിലും കമ്പനി ടാക്‌സ് അടയ്ക്കുന്നതില്‍ വിമുഖത കാട്ടുകയാണെന്ന് Irish Times റിപ്പോര്‍ട്ട് ചെയ്യുന്നു.

2019-ല്‍ 32 ബില്യണ്‍ യൂറോയായിരുന്നു EU-വില്‍ ആമസോണിന്റെ വിറ്റുവരവ്. എന്നാല്‍ 2020-ല്‍ കോവിഡ് കാരണം അത് 43.8 ബില്യണായി ഉയര്‍ന്നു. ആമസോണിന്റെ യൂറോപ്പിലെ ബിസിനസ് നിയന്ത്രിക്കുന്ന ലക്‌സംബര്‍ഗിലുള്ള corporate filings-ല്‍ നിന്നാണ് ഈ വിവരം ലഭ്യമായതെന്ന് Irish Times റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വരുമാനം വര്‍ദ്ധിച്ചിട്ടും 1.2 ബില്യണ്‍ യൂറോ നഷ്ടമുണ്ടായി എന്ന് കാട്ടിയാണ് ടാക്‌സ് നല്‍കാതിരിക്കുന്നത്. ഈ നഷ്ടം കാരണം 56 മില്യണ്‍ യൂറോയുടെ ടാക്‌സ് ഇളവാണ് കമ്പനിക്ക് ലക്‌സംബര്‍ഗ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

അതേസമയം ലക്‌സംബര്‍ഗില്‍ corporate filings-ന് വളരെ കുറച്ച് രേഖകള്‍ മാത്രമേ ആവശ്യമുള്ളൂ എന്നതിനാല്‍ എങ്ങനെയാണ് ഇത്ര വലിയ ബിസിനസ് നേട്ടത്തിനിടയിലും 1.2 ബില്യന്റെ നഷ്ടം സംഭവിച്ചത് എന്നതിന് ആമസോണ്‍ വിശദീകരണമൊന്നും നല്‍കുന്നില്ല. പകരം വിവിധ ഇനങ്ങളിലായി ചെലവ് വന്നതായാണ് കാണിച്ചിരിക്കുന്നത്.

കോര്‍പ്പറേറ്റ് ടാക്‌സ് അടയ്‌ക്കേണ്ടത് ലാഭം അനുസരിച്ചാണ്, വരുമാനം അനുസരിച്ചല്ല എന്ന് ആമസോണ്‍ വക്താവ് സഭവത്തില്‍ പ്രതികരിച്ചു. തങ്ങളുടെ ലാഭം വളരെ കുറവായിരുന്നു എന്നും അദ്ദേഹം പറയുന്നു.

2017-ല്‍ ലക്‌സംബര്‍ഗ് ആമസോണിന് അനധികൃതമായി 250 മില്യണ്‍ യൂേറാ ടാക്‌സ് ഇളവ് നല്‍കിയതായി European Commission കണ്ടെത്തിയിരുന്നു. ഈ തുക തിരികെ പിടിക്കാനുള്ള കമ്മിഷന്‍ ഉത്തരവിനെതിരെ ലക്‌സംബര്‍ഗ് അപ്പീല്‍ നല്‍കി. ഈ കേസില്‍ നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരവേയാണ് പുതിയ വിവാദം.

Share this news

Leave a Reply

%d bloggers like this: