നെതർലൻഡ്സിൽ കോവിഡ് നെഗറ്റീവ്, വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കി 650 പേരെ പങ്കെടുപ്പിച്ച് ഡാൻസ് ഷോ; പങ്കെടുത്ത 165 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കിഴക്കന്‍ നെതര്‍ലണ്ട്‌സിലെ Enschede നഗരത്തില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്‌സിനേഷന്‍ തെളിവ് എന്നിവ മാനദണ്ഡമാക്കി ആളുകളെ പ്രവേശിപ്പിച്ചിട്ടും, പരിപാടിയില്‍ പങ്കെടുത്ത 180 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഏകദേശം 650-ഓളം പേരാണ് ഡാന്‍സ് ഷോയില്‍ പങ്കെടുത്തത്.

രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും, പരിപാടികളില്‍ പ്രവേശനത്തിന് മുമ്പ് ടെസ്റ്റ് രേഖ ഹാജരാക്കാനുമുള്ള ഡച്ച് സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ് സംഭവം. ഒരാഴ്ച മുമ്പത്തെക്കാള്‍ 145% അധികം കോവിഡ് കേസുകളാണ് രാജ്യത്ത് ഞാറാഴ്ച രേഖപ്പെടുത്തിയത്.

ഈ പരിപാടിയില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചേക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. എവിടെ നിന്നാണ് രോഗബാധയുടെ ആരംഭമെന്ന് കണ്ടെത്താനും, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനുമുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടന്നുവരുന്നതായി പൊതുജനാരോഗ്യ വകുപ്പ് വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുത്ത എല്ലാവരോടും ഐസൊലേഷനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജൂണ്‍ 26 ശനിയാഴ്ചയാണ് Aspen Valley nightclub-ല്‍ പരിപാടി സംഘടിപ്പിച്ചത്. 15 മാസത്തിന് ശേഷം ആദ്യമായി നടത്തിയ പൊതു പരിപാടിയായിരുന്നു ഇത്. ഇതേദിവസം തന്നെ രാജ്യത്തെ മിക്ക കോവിഡ് നിയന്ത്രണങ്ങളും ഇളവ് ചെയ്യുകയും ചെയ്തിരുന്നു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, വാക്‌സിനേറ്റ് ചെയ്യപ്പെട്ടു എന്നതിനുള്ള തെളിവോ ഹാജരാക്കിയാല്‍ പരിപാടിയില്‍ പങ്കെടുക്കാമെന്നും, മാസ്‌ക്, സാൂഹിക അകലം എന്നിവ ആവശ്യമില്ല എന്നുമായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്.

എന്നാല്‍ PCR ടെസ്റ്റിന് പകരം പെട്ടെന്ന് റിസല്‍ട്ട് ലഭ്യമാകുന്ന rapid antigen test നടത്തിയത് വഴി, റിസല്‍ട്ടുകള്‍ തെറ്റായതാണ് പ്രശ്‌നത്തിലേയ്ക്ക് നയിക്കാനുള്ള ഒരു കാരണമായി കരുതപ്പെടുന്നത്. PCR-നെ അപേക്ഷിച്ച് ആന്റിജന്‍ ടെസ്റ്റിന് കൃത്യത കുറയുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സൗജന്യമായായിരുന്നു ഇവിടെ ആന്റിജന്‍ ടെസ്റ്റ് നടത്തിയത്.

അതേസമയം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ പലതും വ്യാജമായിരുന്നു എന്ന ആരോപണവുമുണ്ട്. പലരും മറ്റുള്ളവരുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുമായാണ് പരിപാടിക്ക് വന്നതെന്ന്, പരിപാടിയില്‍ പങ്കെടുത്തവരില്‍ ഒരാള്‍ പറഞ്ഞതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

40 മണിക്കൂര്‍ മുമ്പ് കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം, പിന്നീട് ആരെങ്കിലുമായും സമ്പര്‍ക്കമുണ്ടാകുക വഴി വൈറസ് ബാധിക്കുകയും, പക്ഷേ മുമ്പുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി പരിപാടിയില്‍ പങ്കെടുത്തതും രോഗം പടരാന്‍ കാരണമായതായി സംഘാടകര്‍ കരുതുന്നു. പലര്‍ക്കും ഒരു ഡോസ് മാത്രം ആവശ്യമായ Johnson&Johnson-ന്റെ വാക്‌സിന്‍ കുത്തിവച്ചതിന്റെ പിറ്റേദിവസം തന്നെ വാക്‌സിനേറ്റ് ചെയ്തു എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതും പിഴവായി ചൂണ്ടിക്കാട്ടപ്പെടുന്നു. രണ്ട് ആഴ്ചയോളം എടുത്ത ശേഷം മാത്രമേ വാക്‌സിന്‍ ശരീരത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കൂവെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു.

നെതര്‍ലണ്ട്‌സ് ജനസംഖ്യയില്‍ 60% പേര്‍ക്ക് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട് എന്നാണ് നിലവിലെ കണക്ക്. യൂറോപ്പില്‍ ഏറ്റവുമധികം വാക്‌സിന്‍ നല്‍കപ്പെട്ട രാജ്യങ്ങളിലൊന്നാണ് നെതര്‍ലണ്ട്‌സ്. ഈ ആഴ്ച മുതല്‍ 12-ന് മേല്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനും ആരംഭിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: