ഡബ്ലിൻ ജയിലിൽ കക്ഷിയെ സന്ദർശിക്കണമെങ്കിൽ അടിവസ്ത്രം അഴിച്ചുമാറ്റണമെന്ന് അധികൃതർ; പരാതിയുമായി വനിതാ സൊളിസിറ്റർ

ഡബ്ലിനിലെ ജയിലില്‍ തന്റെ കക്ഷിയെ സന്ദര്‍ശിക്കണമെങ്കില്‍ ബ്രാ അഴിച്ചുമാറ്റണമെന്ന് വനിതാ സൊളിസിറ്ററോട് ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി ആരോപണം. 2020 ജൂണ്‍ 11-ന് നടന്ന സംഭവത്തെത്തുടര്‍ന്ന് Irish Prison Service-ന് സൊളിസിറ്റര്‍ രേഖാമൂലം പരാതി നല്‍കിയതായി Irish Examiner റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം തന്നെ അപമാനിക്കുന്നതായിരുന്നുവെന്ന് സൊളിസിറ്റര്‍ പരാതിയില്‍ പറയുന്നു. ഡബ്ലിനിലെ Cloverhill Prison അധികൃതര്‍ക്ക് എതിരെയാണ് പരാതി.

തന്റെ കക്ഷിയെ കാണാനായി ജയിലിലെത്തിയ സൊളിസ്റ്ററോട് ഇലക്രോണിക് സെക്യൂരിറ്റി മോണിറ്റര്‍ വഴിയുള്ള ദേഹപരിശോധനയ്ക്കിടെ അലാറം ശബ്ദിച്ചതിനെത്തുടര്‍ന്ന് ഷൂസ്, കമ്മലുകള്‍, വാച്ച്, ജാക്കറ്റ് എന്നിവയെല്ലാം അഴിച്ചുവയ്ക്കണമെന്ന് ജയില്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് അനുസരിച്ച ഇവര്‍ വീണ്ടും ദേഹപരിശോധനയ്ക്ക് വിധേയയായപ്പോള്‍ വീണ്ടും അലാറം ശബ്ദിച്ചു. ഈ സമയം അവിടെ നില്‍ക്കുകയായിരുന്നു പുരുഷന്മാരായ ജയില്‍ ഉദ്യോഗസ്ഥരിലൊരാള്‍ ഇവരോട് ‘നിങ്ങള്‍ അടിവസ്ത്രം ധരിച്ചിട്ടുണ്ടോ’ എന്ന് ചോദിക്കുകയായിരുന്നു. അത് കാരണമാണ് അലാറം ശബ്ദിക്കുന്നതെന്ന് സൂചിപ്പിച്ച ഇയാള്‍, അലാറം ശബ്ദിക്കുന്ന നിലയ്ക്ക് കക്ഷിയെ കാണാന്‍ അനുവാദം നല്‍കില്ലെന്ന് പറയുകയായിരുന്നുവെന്നാണ് സൊളിസിറ്റര്‍ പരാതിയില്‍ പറയുന്നത്. അടിവസ്ത്രം അഴിച്ചുമാറ്റിയാല്‍ മാത്രമേ കക്ഷിയെ സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കൂ എന്നായിരുന്നു ഇതിന്റെ അര്‍ത്ഥമെന്നും പരാതിയില്‍ പറയുന്നു.

കക്ഷിയുടെ ജാമ്യവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സന്ദര്‍ശനമായിരുന്നു ഇതെന്നതിനാല്‍ തനിക്ക് വേറെ വഴിയില്ലാതെ, ബ്രാ അഴിച്ചുവച്ച ശേഷം അകത്ത് പ്രവേശിക്കേണ്ടി വന്നതായും സൊളിസിറ്റര്‍ പറയുന്നു. ഈ സാഹചര്യം തന്നെ ശരിക്കും ഭയപ്പെടുത്തിയതായും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സ്ത്രീയായതനിലാണ് ഈ അനുഭവം നേരിടേണ്ടി വന്നതെന്നും, അപമാനിക്കപ്പെട്ടതായും, ചൂഷണം ചെയ്യപ്പെട്ടതുമായാണ് തനിക്ക് അനുഭവപ്പെട്ടതെന്നും സൊളിസ്റ്റര്‍ വിശദീകരിക്കുന്നു.

ബാത്ത്‌റൂമില്‍ പോയി ബ്രാ അഴിച്ച് മാറ്റാമെന്ന് മറ്റൊരു ഗാര്‍ഡ് പറഞ്ഞതായും സൊളിസ്റ്റര്‍ പറയുന്നു. നിസ്സഹായയായ താന്‍ കരച്ചിലിന്റെ വക്കിലായിരുന്നുവെന്നും, ശേഷം സന്ദര്‍ശനത്തിനം പൂര്‍ത്തിയാക്കും വരെ ജാക്കറ്റ് ഉപയോഗിച്ച് ശരീരം മറച്ചതായും അവര്‍ പറഞ്ഞു. കഴിഞ്ഞ പല വര്‍ഷങ്ങളായി ജയില്‍ സന്ദര്‍ശിക്കുന്ന തനിക്ക് ഇത്തരമൊരു മോശപ്പെട്ട അനുഭവം ഇതാദ്യമാണെന്ന് സൊളിസ്റ്റര്‍ പറയുന്നു. ഈ സംഭവം കാരണം കക്ഷിയുമായി ശരിക്ക് സംസാരിക്കാന്‍ സാധിക്കാതെ വന്നതായും, തന്റെ ബാരിസ്റ്ററുമായുള്ള ബന്ധം വഷളായതായും അവര്‍ വ്യക്തമാക്കി.

ഈ സംഭവം തന്റെ ആത്മവിശ്വാസം കെടുത്തിയതായും, അതിന് ശേഷം ഇന്നേവരെ ഒരു ജയിലും സന്ദര്‍ശിക്കാന്‍ തനിക്ക് ആയിട്ടില്ലെന്നും സൊളിസിറ്റര്‍ പരാതിയില്‍ വ്യക്തമാക്കുന്നു. ഭാവിയില്‍ ഒരു സ്ത്രീക്കും ജയിലുകളില്‍ വച്ച് ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും അവര്‍ പറയുന്നു.

അതേസമയം മുമ്പ് തന്റെ കക്ഷിയെ കാണാനായി ഒരു പുരുഷനായ സൊളിസ്റ്റര്‍ ജയിലില്‍ പോയപ്പോള്‍, ഇതേപോലെ മൂന്ന് തവണ അലാറം ശബ്ദിച്ചെങ്കിലും ഇത്തരത്തില്‍ അടിവസ്ത്രം അഴിച്ചുമാറ്റാന്‍ ആരും ആവശ്യപ്പെട്ടില്ല എന്ന കാര്യവും, പ്രവേശനം അനുവദിച്ചു എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവവുമായി ബന്ധപ്പെട്ട് നീതിന്യായ വകുപ്പ് മന്ത്രി Heather Humphreys-മായി ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നതായും സൊളിസ്റ്റര്‍ വ്യക്തമാക്കി.

ഇതേപ്പറ്റി Prison Service അധികൃതരോട് പ്രതികരണം ചോദിച്ചപ്പോള്‍, ആഭ്യന്തര കാര്യങ്ങളെപറ്റി പ്രതികരിക്കാനില്ലെന്നും, എന്നാല്‍ പരാതി ലഭിച്ചതായും, അന്വേഷണം നടത്തിയതായും അറിയിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: