ഡബ്ലിൻ തുറമുഖത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വീടുകൾ നിർമ്മിക്കാൻ സർക്കാർ; ലക്ഷ്യം പ്രതിസന്ധിക്ക് പരിഹാരം

ഡബ്ലിന്‍ തുറമുഖത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഒരു ഭാഗം സര്‍ക്കാരിന്റെ പുതിയ Housing For All പദ്ധതിക്കായി നീക്കിവയ്ക്കുമെന്ന് അധികൃതര്‍. രാജ്യത്തെ വലിയ പ്രതിസന്ധികളിലൊന്നായ പാര്‍പ്പിടമില്ലായ്മയ്ക്ക് പരിഹാരം കാണുന്ന ഒരുപിടി നടപടികളിലൊന്നാണിത്.

നഗരത്തിന്റെ കിഴക്കന്‍ പ്രദേശത്ത് തുറമുഖത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് വീടുകള്‍ നിര്‍മ്മിക്കാനായി സജീവ പരിഗണനയിലുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. Land Development Agency ആണ് ഈ സ്ഥലം പാര്‍പ്പിട നിര്‍മ്മാണത്തിന് യോഗ്യമാണോ എന്ന് പരിശോധിക്കുന്നത്. രാജ്യത്തെ 10,000-ന് മേല്‍ ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളെക്കുറിച്ച് ഇത്തരത്തില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുകയാണ് Land Development Agency.

പൊതുഗതാഗത വകുപ്പായ CIE ഉമടസ്ഥതയിലുള്ള പ്രദേശം, മുമ്പ് Rathmines-ലെ Cathal Brugha Barracks-ന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം എന്നിവയും പാര്‍പ്പിടനിര്‍മ്മാണത്തിനായി ഡബ്ലിനില്‍ പരിഗണനയിലുണ്ട്.

രാജ്യത്തെ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്ന Housing for All റിപ്പോര്‍ട്ട് വരുന്ന ആഴ്ച ഭവനമന്ത്രി Darragh O’Brien പ്രസിദ്ധീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. വരും വര്‍ഷങ്ങളില്‍ പ്രതിസന്ധി നേരിടാനുള്ള മാര്‍ഗ്ഗങ്ങളാകും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

ഗതാഗത വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഏതാനും പ്രദേശങ്ങളും പാര്‍പ്പിട നിര്‍മ്മാണത്തിനായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ഡബ്ലിനിലെ Broadstone depot ഇത്തരത്തില്‍ ഹൗസിങ് കോളനിയാക്കി മാറ്റാന്‍ സാധ്യത തേടുന്നുണ്ട്. നിലവില്‍ CIE-യുടെ ഉടമസ്ഥതയിലുള്ള വിവിധ പ്രദേശങ്ങളിലായി 2,000-ഓളം വീടുകളുടെ നിര്‍മ്മാണം നടക്കുന്നുണ്ട്. ഭാവിയില്‍ പൊതുഗതാഗത സംവിധാനത്തിന്റെ വികസനത്തെ ബാധിക്കാത്ത തരത്തില്‍ ആവശ്യങ്ങള്‍ നിറവേറ്റണണെന്ന് വകുപ്പ്, സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

രാജ്യത്ത് 9 പ്രദേശങ്ങളിലായി വീടുകള്‍ നിര്‍മ്മിക്കാനാണ് Land Development Agency തീരുമാനം. ഇതിന് പക്ഷേ Oireachtas അനുമതി ലഭിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ഡബ്ലിന്‍, കോര്‍ക്ക് എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന 100% വീടുകളും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്കുള്ള വയായിരിക്കുമെന്ന് മന്ത്രി O’Brien ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതില്‍ സോഷ്യല്‍ ഹൗസിങ് പദ്ധതിയും ഉള്‍പ്പെടുത്തും. സര്‍ക്കാര്‍ സ്ഥലങ്ങളില്‍ വീടുകള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പ്രദേശങ്ങളെ പറ്റിയുള്ള റിപ്പോര്‍ട്ട് Land Development Agency ഈ വര്‍ഷം അവസാനത്തോടെ സര്‍ക്കാരിന് കൈമാറും.

നേരത്തെ 2018-ല്‍ ഡബ്ലിന്‍ തുറമുഖത്തെ സ്ഥലം വീടുകള്‍ക്കായി മാറ്റിവച്ച്, തുറമുഖം വേറെ പ്രദേശത്തേയ്ക്ക് മാറ്റാനുള്ള നീക്കത്തിന് Dublin Port Company അധികൃതര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നിലവിലെ പദ്ധതി പ്രകാരം തുറമുഖം മാറ്റി സ്ഥാപിക്കാതെ തന്നെ വീടുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് Irish Times റിപ്പോര്‍ട്ട് ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: