എല്ലാവരും ‘അവശ്യ ജോലിക്കാർ’; ഡ്രൈവിങ് ടെസ്റ്റിൽ അവശ്യ ജോലിക്കാർക്ക് മുൻഗണന എന്നത് അർത്ഥശൂന്യമായി മാറിയെന്ന് RSA

അയര്‍ലണ്ടില്‍ അവശ്യജോലിക്കാര്‍ക്ക് ഡ്രൈവിങ് ടെസ്റ്റില്‍ മുന്‍ഗണന കൊടുക്കുക എന്ന നിര്‍ദ്ദേശം അര്‍ത്ഥശൂന്യമായി മാറിയെന്ന് Road Safety Authority. പാര്‍ട്ട് ടൈം ജോലിക്കാര്‍ക്ക് പോലും അവശ്യജോലിക്കാരാണെന്ന് കാണിച്ച് നേരത്തെ ടെസ്റ്റില്‍ പങ്കെടുക്കാവുന്ന സ്ഥിതിയാണെന്നും RSA പറയുന്നു.

കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യരംഗത്തെ ജീവനക്കാര്‍, ആംബുലന്‍സ് അടക്കമുള്ള അടിയന്തരരക്ഷാ മേഖലയിലുള്ള ജോലിക്കാര്‍, മരുന്നും മറ്റ് ആരോഗ്യഉപകരണങ്ങളും വിതരണം ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് കഴിയുന്നതും വേഗം ടെസ്റ്റ് നടത്തി ലൈസന്‍സ് നല്‍കുന്നതിന് വേണ്ടിയായിരുന്നു സര്‍ക്കാര്‍ ഇവരെ അവശ്യജോലിക്കാരായി പരിഗണിക്കുകയും, ടെസ്റ്റിന് ആദ്യം ഇവരെ പരിഗണിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തത്. ആദ്യ ഘട്ടത്തില്‍ വലിയ കുഴപ്പങ്ങളില്ലാതെ ഇക്കാര്യം നടപ്പിലാക്കിയെങ്കിലും, മെയ് മാസത്തിന് ശേഷം ആര്‍ക്കും തങ്ങള്‍ അവശ്യജോലിക്കാരാണെന്ന് കാട്ടി ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കുന്നുവെന്നാണ് RSA അധികൃതര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന RSA ഉദ്യോഗസ്ഥന്‍ ഗതാഗതവകുപ്പിന് വിശദമായ ഇമെയില്‍ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. Penny’s store-ലെ പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് പോലും തങ്ങള്‍ അവശ്യ ജോലിക്കാരാണെന്ന് കാട്ടി ടെസ്റ്റില്‍ മുന്‍ഗണന നേടാന്‍ സാധിക്കുമെന്ന് ഇമെയിലില്‍ പറയുന്നു. അതിനാല്‍ അവശ്യജോലിക്കാര്‍ക്ക് മുന്‍ഗണ എന്നത് അര്‍ത്ഥശൂന്യമായി മാറിയെന്നും RSA പറയുന്നു.

പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരും തങ്ങള്‍ ‘അവശ്യ ജോലിക്കാരാണ്’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത്, കാത്തിരിപ്പ് കുറയ്ക്കാന്‍ ശ്രമിക്കുന്നതാണ് ഇതിന് കാരണം. നിലവില്‍ രാജ്യത്ത് 100,000-ലേറെ പേരാണ് ഡ്രൈവിങ് പ്രാക്ടിക്കല്‍, തിയറി ടെസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നത്. ഇതില്‍ പലരും മാസങ്ങളോളമായി ടെസ്റ്റ് തീയതിക്കായി കാത്തിരിപ്പ് തുടരുകയാണ്.

ഇതിനിടെ കോവിഡ് നിയന്ത്രണം കാരണമാക്കി അപ്പോയിന്റ്‌മെന്റ് ലഭിച്ച പലരും ടെസ്റ്റിന് ഹാജരാകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി RSA പറയുന്നു. നിലവിലെ കോവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിക്കുന്നതിനാല്‍ RSA-ക്ക് ദിവസേന ആറ് ടെസ്റ്റുകള്‍ വീതമേ നടത്താന്‍ സാധിക്കുന്നുള്ളൂ. അതിനാല്‍ പ്രോട്ടോക്കോള്‍ ഇളവ് നല്‍കണമെന്നും ആവശ്യമുണ്ട്.

നിലവിലെ അപേക്ഷകള്‍ കുന്നുകൂടിക്കിടക്കുന്നത് പരിഹരിക്കാന്‍ വ്യാപകമായി ഡ്രൈവിങ് ടെസ്റ്റുകള്‍ പുനഃരാരാംഭിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്. 40 പുതിയ ഉദ്യോഗസ്ഥരെ ടെസ്റ്റിനായി നിയമിക്കുന്നത് കാത്തിരിക്കുന്നവരുടെ എണ്ണം 12,000 ആക്കി കുറയ്ക്കുമെന്നും RSA ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ കാത്തിരിപ്പ് കാലവും അടുത്ത വര്‍ഷം അവസാനത്തോടെ മൂന്നാഴ്ചയായി കുറയും.

Share this news

Leave a Reply

%d bloggers like this: