മുൻ പാക്കിസ്ഥാൻ നയതന്ത്രജ്ഞന്റെ മകളെ വെടിവച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ട നൂർ മുമ്പ് ഡബ്ലിനിലെ വിദ്യാർത്ഥിനി

മുന്‍ പാക്കിസ്ഥാനി നയതന്ത്രജ്ഞനായ ഷൗക്കത്ത് മുഖദാമിന്റെ മകള്‍ നൂര്‍ മുഖദാമിനെ (27) വെടിവച്ച് കൊലപ്പെടുത്തി. പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ സെക്ടര്‍ എഫ്-7/4 പ്രദേശത്ത് ചൊവ്വാഴ്ചയാണ് നൂറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറിന്റെ പിതാവ് മുമ്പ് പാക്കിസ്ഥാനു വേണ്ടി സൗത്ത് കൊറിയയില്‍ അംബാസഡറായി പ്രവര്‍ത്തിച്ചിരുന്നു.

കൊലപാതകത്തെത്തുടര്‍ന്ന് നൂറിന്റെ ഒരു സുഹൃത്തിനെ ഇസ്ലാമാബാദ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുമ്പ് ഡബ്ലിനില്‍ 12 വര്‍ഷക്കാലത്തോളം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു നൂര്‍ മുഖദാം. സൗത്ത് ഡബ്ലിനിലെ സ്‌കൂളില്‍ പഠിച്ചിരുന്ന നൂറിന് അയര്‍ലണ്ടില്‍ സുഹൃത്തുക്കളുമുണ്ടായിരുന്നു. നല്ല സ്വഭാവത്തിനും, വ്യക്തിത്വത്തിനും ഉടമയായിരുന്ന നൂര്‍, ആരെയും വേദനിപ്പിച്ചിരുന്നില്ലെന്നും കൂട്ടുകാര്‍ ഓര്‍മ്മിക്കുന്നു.

അതേസമയം പാക്കിസ്ഥാനില്‍ അഫ്ഗാന്‍ അംബാസഡറുടെ മകളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു എന്ന് പരാതിയുയര്‍ന്നതിന് പിന്നാലെയാണ് നൂറിന്റെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ പാക്കിസ്ഥാന്‍ അംബാസഡറായ നജീബുളള അലിഖിലിന്റെ മകളെ ജൂലൈ 16-ന് തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതായി അഫ്ഗാന്‍ വിദേശകാര്യ ഓഫീസാണ് പറഞ്ഞത്. എന്നാല്‍ പാക്കിസ്ഥാന്‍ ഇത് നിഷേധിക്കുകയാണ് ഉണ്ടായത്.

Share this news

Leave a Reply

%d bloggers like this: