അയർലണ്ടിൽ വൈറസിനെതിരെ ആർജ്ജിത പ്രതിരോധ ശേഷി ലഭിക്കാൻ 90% പേരും വാക്സിനേറ്റ് ചെയ്യപ്പെടണം; കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള സാധ്യതയും തേടുന്നു

രാജ്യത്തെ 90% ആളുകള്‍ക്കും വാക്‌സിന്‍ കുത്തിവെപ്പ് നല്‍കിയാല്‍ മാത്രമേ സമൂഹത്തിന് ആര്‍ജ്ജിത പ്രതിരോധശേഷി (Herd immunity) കൈവരിക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യവിദഗ്ദ്ധര്‍. 18-ന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കിയതിന് പിന്നാലെ, കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാനാണ് HSE ഇതിലൂടെ സൂചന നല്‍കുന്നതെന്നാണ് കരുതുന്നത്. വാക്‌സിന്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന സങ്കീര്‍ണ്ണതകളെയും, ഗുണങ്ങളെയും പറ്റി National Immunisation Advisory Committee (Niac) വ്യക്തമായ പഠനം നടത്തണമെന്നും HSE ചീഫ് ക്ലിനിക്കല്‍ ഓഫിസറായ Dr Colm Henry കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.

തിങ്കളാഴ്ച മുതല്‍ രാജ്യത്ത് indoor dining-ന് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം, വാക്‌സിനെടുക്കാത്തവര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ദോഷകരമായേക്കുമെന്ന ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തിലാണ് കുട്ടികളെയും വാക്‌സിനേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ സജീവമാകുന്നത്.

60% പേര്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കുന്നത് സമൂഹത്തിന് ആര്‍ജ്ജിത പ്രതിരോധശേഷി നല്‍കുമെന്നായിരുന്നു Dr Henry നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ വ്യാപന ശേഷി കൂടിയ ഡെല്‍റ്റ വകഭേദം എത്തിയതോടെ പത്തില്‍ ഒമ്പത് പേര്‍ക്കും വാക്‌സിന്‍ നല്‍കിയാല്‍ മാത്രമേ ഇത് സാധ്യമാകൂവെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. അതായത് 85-90% പേരെങ്കിലും വാക്‌സിനേറ്റ് ചെയ്യപ്പെടണം. അതിനാല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നത് ഒഴിച്ചുകൂടാനാകാത്തതാണ്.

കുട്ടികളില്‍ വാക്‌സിന്‍ എടുത്താലുണ്ടാകുന്ന ബുദ്ധിമുട്ടുകളാണോ, വൈറസ് കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളാണോ പ്രധാനമെന്ന് കണ്ടെത്തണമെന്നും Dr Henry പറയുന്നു. നേരത്തെ മറ്റെന്തെങ്കിലും രോഗങ്ങളുള്ള 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ യു.കെ തീരുമാനിച്ചിരുന്നു. ഇവരില്‍ വൈറസ് ബാധ വേഗത്തിലായേക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണിത്. യുഎസിലും 12-ന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. നിലവില്‍ 12-15 പ്രായക്കാരായ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള സാധ്യതകളാണ് അയര്‍ലണ്ടില്‍ Niac തേടുന്നത്. 16-17 പ്രായക്കാര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി Simon Harris-ഉം വ്യക്തമാക്കിയിരുന്നു.

അനുമതി ലഭിച്ചാലും കുട്ടികളെ indoor dining-ന് കൊണ്ടുപോകരുതെന്നാണ് ചീഫ് മെഡിക്കല്‍ ഓഫിസറായ ടോണി ഹോലഹാനടക്കം മുന്നറിയിപ്പ് നല്‍കുന്നത്.

Share this news

Leave a Reply

%d bloggers like this: