അയർലണ്ടിൽ ഒരാഴ്ചയ്ക്കിടെ ദിവസേനയുള്ള കോവിഡ് രോഗികൾ 2,000 വരെയായേക്കാം; ചില മേഖലകളിൽ നിയന്ത്രണം തുടരണമെന്ന് വിദഗ്ദ്ധർ; വാക്സിൻ എടുത്തവർക്കും രോഗം

അടുത്ത 7 മുതല്‍ 10 ദിവസത്തിനിടെ അയര്‍ലണ്ടില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം 2,000 വരെയായി ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പുമായി Health Service Executive (HSE). ഇന്നലെ 1,189 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും, നിലവില്‍ 95 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നും National Public Health Emergency Team (Nphet)-ഉം അറിയിച്ചു. 23 പേരാണ് തീവ്രപരിചരണവിഭാഗത്തിലുള്ളത്.

ഈ മാസം അവസാനത്തോടെ ദിവസേനയുള്ള രോഗികളുടെ എണ്ണം 2,000 ആയി ഉയര്‍ന്നേക്കാമെന്നാണ് HSE-യുടെ ചീഫ് ക്ലിനിക്കല്‍ ഓഫീസറായ Dr Colm Henry ഇന്നലെ പറഞ്ഞത്. സമൂഹത്തിലെ രോഗവ്യാപനം, ജനം എടുക്കുന്ന മുന്‍കരുതലുകള്‍ എന്നിവയെ ആശ്രയിച്ചായിരിക്കും രോഗികളുടെ എണ്ണം എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന അഞ്ചില്‍ ഒരാള്‍ വീതം മുഴുവനായും വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരാണെന്ന കണക്കും Dr Henry മുന്നോട്ടുവച്ചു. അതായത് 20%. ഇത് അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കിലും വാക്‌സിനെടുത്തവരുടെ മാത്രം കാര്യമെടുത്താല്‍ 95% വരെ സുരക്ഷ വൈറസില്‍ നിന്നും വാക്‌സിന്‍ നല്‍കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ കോവിഡ് നാലാം തരംഗത്തെ പ്രതിരോധിക്കാനായി ഏതാനും മാസങ്ങള്‍ കൂടി ചില നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടെന്ന് Irish College of General Practitioners ഉപദേശകയായ Dr Mary Favier പറഞ്ഞു. ചെറിയ ഇളവുകള്‍ നല്‍കിയാല്‍ അത്തരം സ്ഥലങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടാന്‍ സാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം മേഖലകളിലെ ജോലിക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും, ഏതാനും മാസങ്ങള്‍ കൂടി നിയന്ത്രണം തുടര്‍ന്നാല്‍ രോഗികളുടെ എണ്ണം നിയന്ത്രിക്കാനും, വാക്‌സിന്‍ പദ്ധതി പൂര്‍ത്തീകരിക്കാനും സാധിക്കുമെന്നും അവര്‍ പറഞ്ഞു. അതിനുശേഷം മാത്രമേ നൈറ്റ് ക്ലബ്ബുകള്‍ അടക്കമുള്ളവ തുറക്കാവൂ എന്നും അവര്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യം അപകടകരവും, ആശങ്കപ്പെടുത്തുന്നതുമാണെന്ന് Irish Epidemiological Modelling Advisory Group തലവന്‍ Professor Philip Nolan-ഉം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ദിവസേന 6% വീതം രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. അതിനാല്‍ സമൂഹം ജാഗ്രത തുടരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വാക്‌സിന്‍ കിട്ടുന്ന മുറയ്ക്ക് തന്നെ എടുക്കുകയും വേണം.

Donegal-ലെ Carndonagh തെരഞ്ഞെടുപ്പ് മണ്ഡലത്തിലെ കോവിഡ് രോഗികളുടെ എണ്ണം ദേശീയശരാശരിയെക്കാള്‍ എട്ട് മടങ്ങ് അധികമാണെന്നതും ആശങ്കയുളവാക്കുന്നതാണ്. Buncrana, Adree, Galway City Central, Donegal Town LEA എന്നിവിടങ്ങളിലും രോഗവ്യാപനനിരക്ക് ഉയര്‍ന്ന് തന്നെയാണ്.

Share this news

Leave a Reply

%d bloggers like this: