അയർലണ്ടിൽ കോവിഡ് കാലത്തും പൗരത്വം നേടി കുടിയേറ്റക്കാർ; 1,000 ലേറെ പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി നീതിന്യായ വകുപ്പ്

അയര്‍ലണ്ടില്‍ സമീപകാലത്തായി 1,000-ലേറെ പേര്‍ക്ക് ഐറിഷ് പൗരത്വം നല്‍കിയതായി നീതിന്യായ വകുപ്പ്. ഇവരെ പൗരന്മാരായി സ്വീകരിക്കുന്ന നീതിന്യായ വകുപ്പിന്റെ പ്രത്യേക പരിപാടിയും ഇന്നലെ ഓണ്‍ലൈനായി നടന്നു. ഇന്നലെ വൈകിട്ട് Croke Park-ല്‍ വച്ച് നടത്തപ്പെട്ട പരിപാടി ലൈവ് ആയി സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു.

ഇറാഖില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് കുടിയേറിയ Zak Moradi എന്ന 30-കാരന്‍, പോളണ്ടില്‍ നിന്നും ഇവിടെയെത്തി പൗരത്വം ലഭിച്ച Lucyna Edgar എന്നിവര്‍ പൗരത്വ സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന ഫോട്ടോകളും നീതിന്യായ വകുപ്പ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇറാഖിലെ ഒരു അഭയാര്‍ത്ഥി ക്യാംപില്‍ ജനിച്ച കുര്‍ദ്ദ് വംശജനായ Zak, അഭ്യാര്‍ത്ഥി പദ്ധതിയുടെ ഭാഗമായി കുടുംബത്തോടൊപ്പം അയര്‍ലണ്ടിലെ Leitrim-ലേയ്ക്ക് കുടിയേറുന്നത് 11-ആം വയസിലാണ്. പിന്നീട് Tallagh-ലേയ്ക്ക് മാറിയെങ്കിലും ഇപ്പോഴും Leitrim senior hurling team അംഗമാണ് Zak. കുടിയേറ്റം നല്‍കിയ പുതുജീവിതം ഇപ്പോള്‍ പൗരത്വമായി Zak-ന് പുതുജന്മം നല്‍കിയിരിക്കുകയാണ്. ഔദ്യോഗികമായി ഇനി ഐറിഷ് പൗരനാണ് അദ്ദേഹം.

അയര്‍ലണ്ടില്‍ പൗരത്വ അപേക്ഷകള്‍ പൂര്‍ത്തീകരിക്കുന്നത് കോവിഡ് കാരണം മാസങ്ങളായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് 2021 ജനുവരിയില്‍ അപേക്ഷകര്‍ക്ക് സ്റ്റാച്ച്യൂട്ടറി ഡിക്ലറേഷന്‍ ഓഫ് ലോയല്‍റ്റി ഒപ്പിട്ട് നല്‍കാനായി ഒരു താല്‍ക്കാലിക സംവിധാനം നീതിന്യായ വകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് ശേഷം 4,400-ലേറെ പേര്‍ക്ക് certificates of naturalisation ലഭിച്ചതായാണ് സര്‍ക്കാരിന്റെ കണക്ക്.

ഇന്നലെ വൈകിട്ട് നടന്ന വിര്‍ച്വല്‍ സെലിബ്രേഷനില്‍ നീതിന്യായ വകുപ്പ് മന്ത്രി Heather Humphreys, നിയമപരിഷ്‌കരണ, കുടിയേറ്റ വകുപ്പ് മന്ത്രി Jamse Browne എന്നിവര്‍ പുതിയ പൗരന്മാരെ സ്വാഗതം ചെയ്തു. ഈയിടെ പൗരത്വം ലഭിച്ച 1,000-ഓളം പേരാണ് ഇന്നലത്തെ പരിപാടിയില്‍ ഓണ്‍ലൈന്‍ വഴി പങ്കെടുത്തത്. വൈകിട്ട് 7 മണിയോടെ ആരംഭിച്ച പരിപാടി ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയിലൂടെ ലൈവായി സ്ട്രീം ചെയ്യുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: