പരാതി പറയാൻ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല; അയർലണ്ടിൽ ഗാർഹിക പീഢനവും, മോഷണവും അടക്കം ഗാർഡ അന്വേഷിക്കാതെ വിട്ടത് 500-ഓളം പരാതികൾ

അയര്‍ലണ്ടില്‍ ഗാര്‍ഹിക പീഢനം അടക്കമുള്ള പരാതികള്‍ അറിയിക്കാനായി ഗാര്‍ഡയുടെ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 999-ല്‍ വിളിച്ച 500-ഓളം പേരുടെ കോളുകള്‍ അകാരണമായി ക്യാന്‍സല്‍ ചെയ്തതായി റിപ്പോര്‍ട്ട്. 2019-2020 കാലഘട്ടത്തില്‍ ഗാര്‍ഡയ്ക്ക് ലഭിച്ച പരാതി ഫോണ്‍ കോളുകളെപ്പറ്റിയുള്ള വിശദമായ അന്വേഷണത്തിലാണ് ഇക്കാര്യം വെളിവായതെന്ന് ഗാര്‍ഡ കമ്മിഷണര്‍ Drew Harris പറഞ്ഞു. ഇത്തരത്തില്‍ ശരിയായി കൈകാര്യം ചെയ്യാതിരുന്ന കോളുകളില്‍ 13% എങ്കിലും കുറ്റകൃത്യം ഉള്‍പ്പെട്ടവയായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2019 മുതല്‍ 2020 ഒക്ടോബര്‍ വരെ ഗാര്‍ഡയ്ക്ക് ലഭിച്ച 5,871 ‘priority 1’ കോളുകള്‍ കൃത്യമായി കൈകാര്യം ചെയ്യാത്തതിലൂടെ 400 മുതല്‍ 500 കുറ്റകൃത്യങ്ങള്‍ വരെ അന്വേഷിക്കപ്പെട്ടില്ലെന്നാണ് Harris പറയുന്നത്. ആഴ്ചയില്‍ ശരാശരി അഞ്ച് പരാതികളാണ് ഇത്തരത്തില്‍ ഗാര്‍ഡ അന്വേഷിക്കാതിരുന്നത്. പലതും ഗാര്‍ഡ അന്വേഷിക്കേണ്ടതല്ലായിരുന്നെങ്കില്‍ കൂടി Tusla-യ്‌ക്കോ, സാമൂഹികക്ഷേമ വകുപ്പുകള്‍ക്കോ കൈമാറേണ്ടിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ വരെയുള്ള 22 മാസത്തിനിടെ 200,000-ലേറെ എമര്‍ജന്‍സി കോളുകളാണ് ഗാര്‍ഡ ക്യാന്‍സല്‍ ചെയ്തത്. ഇത്രയധികം കോളുകള്‍ ലഭിച്ചതിനാല്‍ ക്യാന്‍സല്‍ ചെയ്ത ‘priority 1’ കോളുകളാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുന്നത്. ഗാര്‍ഹികപീഢനം, ലൈംഗിക കുറ്റകൃത്യങ്ങള്‍, മോഷണം, ദേഹോപദ്രവം എന്നിവ അടക്കമുള്ള പരാതികള്‍ അറിയിക്കാനായി വിളിച്ച കോളുകള്‍ ക്യാന്‍സല്‍ ചെയ്തവയില്‍ ഉള്‍പ്പെടുന്നു.

പരാതിയിറിയിക്കാനായി വിളിക്കുന്ന കോളുകള്‍ ഗാര്‍ഡ ശ്രദ്ധിക്കുന്നില്ലെന്ന് നേരത്തെ വിവാദമുയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു 22 മാസത്തിനിടെ ലഭിച്ച പരാതി ഫോണ്‍ കോളുകള്‍ പരിശോധിക്കാന്‍ ഗാര്‍ഡ തീരുമാനിച്ചത്. ഇതിനായി പുറത്തുനിന്നുള്ള സാങ്കേതി വിദഗ്ദ്ധനായ Derek Penman-നെ ചുമതലപ്പെടുത്തി. മുന്‍ സ്‌കോട്‌ലണ്ട് പോലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഇത്തരത്തില്‍ പരാതി കോളുകള്‍ കട്ട് ചെയ്തതിലൂടെ ആയിരക്കണക്കിന് പേര്‍ക്ക് അര്‍ഹമായ പോലീസ് സേവനം ലഭിച്ചില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഗാര്‍ഡ കമ്മിഷണര്‍ Drew Harris പൊതുജനത്തിനോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

2019 തുടക്കം മുതല്‍ 2020 ഒക്ടോബര്‍ വരെയുള്ള 22 മാസത്തിനിടെ 1.4 മില്യണ്‍ പരാതി കോളുകളാണ് ഗാര്‍ഡയ്ക്ക് ലഭിച്ചത്. ഇതില്‍ 203,000 കോളുകള്‍ ഉദ്യോഗസ്ഥര്‍ അറ്റന്‍ഡ് ചെയ്യാതെ വിടുകയായിരുന്നു. ഇതില്‍ 35% കോളുകള്‍ ഒരേ സംഭവത്തെപ്പറ്റിയുള്ള വിവിധ നമ്പറുകളില്‍ നിന്നുള്ള പരാതിയായതിനാലാണ് ക്യാന്‍സല്‍ ചെയ്തതെന്ന് ഗാര്‍ഡ വിശദീകരിക്കുന്നുണ്ട്. അതേസമയം 20% പരാതികളെപ്പറ്റി അന്വേഷിക്കാന്‍ ഗാര്‍ഡ തയ്യാറായെങ്കിലും അവ ‘cancelled’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പലതും ഗൗരവകരമായ പരാതികളായിരിക്കാമെന്നാണ് സംശയം.

Share this news

Leave a Reply

%d bloggers like this: