അയർലണ്ടിൽ ഹീറ്ററുകളുടെ കാലം കഴിയുന്നു; തൽസ്ഥിതി തുടർന്നാൽ പകരം എയർ കണ്ടീഷണറുകൾ ഇടംപിടിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ

കഴിഞ്ഞ ഏതാനും ആഴ്ചകളായി അയര്‍ലണ്ടില്‍ അന്തരീക്ഷതാപനിലയിലുണ്ടായ കുത്തനെയുള്ള വര്‍ദ്ധന ആശങ്കപ്പെടുത്തുന്നതാണ്. ചില പ്രദേശങ്ങളില്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നു എന്നത് വരുംകാലം അയര്‍ലണ്ടും വേനലിന്റെ പിടിയിലമരുമോ എന്ന ഭയാശങ്കയും ഉണര്‍ത്തുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവംു ‘ചൂടേറിയ’ ദിനങ്ങളായിരുന്നു കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ എന്ന് കാലാവസ്ഥാ വകുപ്പായ Met Eireann-ഉം സാക്ഷ്യപ്പെടുത്തുന്നു.

ആഗോളമായ കാലാവസ്ഥാവ്യതിയാനത്തിന്റെ അനന്തരഫലങ്ങളാണ് അയര്‍ലണ്ടും അനുഭവിക്കുന്നതെന്നാണ് കാലാവസ്ഥാനിരീക്ഷകരുടെ പക്ഷം. ജര്‍മ്മനിയിലും, ബെല്‍ജിയത്തിലും കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കവും, ഗ്രീസിലും, തുര്‍ക്കിയും പടര്‍ന്നുപിടിച്ചിരിക്കുന്ന കാട്ടുതീയുമെല്ലാം ഇതിന്റെ ഭാഗം തന്നെ.

1900-ന് ശേഷമുള്ള 100 വര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ അന്തരീക്ഷതാപനില ശരാശരി 0.9 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നിട്ടുണ്ടെന്നാണ് Met Eireann ഉദ്യോഗസ്ഥനായ Dr Padraig Flatterny പറയുന്നത്. രാജ്യത്തെ താപനില വര്‍ഷംതോറും ഉയര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്നതാണ് തങ്ങളുടെ നിരീക്ഷണമെന്നും അദ്ദേഹം പറയുന്നു.

ഇക്കാരണത്താല്‍ തന്നെ അയര്‍ലണ്ടില്‍ ഇപ്പോഴുള്ള ഹീറ്റിങ് സംവിധാനങ്ങളുടെ ആവശ്യകത കുറയുമെന്നും, പകരം എയര്‍ കണ്ടീഷനറുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്നുമാണ് വിദഗ്ദ്ധര്‍ അനുമാനിക്കുന്നത്. ഉടനെയൊരു മാറ്റം കാണാനായില്ലെങ്കിലും അടുത്ത 20-40 വര്‍ഷത്തിനുള്ളില്‍ പ്രകടമായ മാറ്റം ഈ രംഗത്ത് ഉണ്ടാകുമെന്ന് തന്നെയാണ് അവര്‍ വ്യക്തമാക്കുന്നത്.

രാജ്യത്തെ ചൂട് ഓരോ വര്‍ഷവും പടിപടിയായി വര്‍ദ്ധിച്ചുവരുമെന്നാണ് Environmental Protection Agency (EPA), Irish Centre for High-End Computing (ICHEC), Marine Institute, Met Eireann എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലും വ്യക്തമായത്. ഇതിന്റെ വിശദമായ മാപ്പ് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

2041-2060 കാലഘട്ടത്തിനിടെ രാജ്യത്തെ അന്തരീക്ഷ താപനില വളരെയേറെ വര്‍ദ്ധിക്കുകയും, ഉഷ്ണതരംഗം (heat waves) പതിവാകുകയും ചെയ്യും. തല്‍ഫലമായി മഞ്ഞുവീഴ്ച കുറയുകയും, വേനല്‍ക്കാലത്തിന്റെ ദൈര്‍ഘ്യമേറുകയും ചെയ്യും. അതേസമയം മഴയും, ജലപാതവും കൂടുതല്‍ ശക്തമാകുകയും ചെയ്യും.

0.8 ഡിഗ്രി മുതല്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് കണക്കാക്കുന്നത്. ഒരു ഡിഗ്രി എന്നത് ചെറിയ സംഖ്യയായി തോന്നുമെങ്കിലും അസഹ്യമായ ചൂടാകും ഭാവിയില്‍ കാത്തിരിക്കുന്നതെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മഞ്ഞുകാലരാത്രികളിലെ തണുപ്പ് കുറയുകയും ചെയ്യും.

2050-ഓടെ വേനല്‍ക്കാലങ്ങളില്‍ ശരാശരി താപനില ഇപ്പോഴത്തേതിനെ അപേക്ഷിച്ച് 2 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. രാജ്യത്തും, ആഗോളമായും പുറത്തുവിടപ്പെടുന്ന ഹരിതഗൃഹവാതകങ്ങളും സ്ഥിതി വഷളാകാന്‍ കാരണമാകും.

ഈ നൂറ്റാണ്ടിന്റെ പകുതിയോടെ അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഹീറ്റിങ് സംവിധാനങ്ങളുടെ ഉപയോഗം 11 ശമാനത്തോളം കുറയുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. കിഴക്കന്‍ പ്രദേശങ്ങളില്‍ 15 ശതമാനവും. എന്നാല്‍ പുറന്തള്ളുന്ന കാര്‍ബണിന്റെയും മറ്റും അളവ് പരമാവധി ആകുകയാണെങ്കില്‍ ഇരു പ്രദേശങ്ങളിലും ഹീറ്റിങ് സംവിധാനങ്ങളുടെ ഉപയോഗം യഥാക്രമം 23%, 16% എന്നിങ്ങനെയും കുറയും. അതേസമയം കിഴക്കന്‍ മേഖലയിലും, മധ്യപ്രദേശങ്ങളിലും എയര്‍ കണ്ടീഷനറുകളുടെ ഉപയോഗം വര്‍ദ്ധിക്കുകയും ചെയ്യും.

ഉഷ്ണതരംഗം അടിക്കടി ഉണ്ടാകുന്നത് പോലെ മഴയും ഇടയ്ക്കിടെ വന്നെത്തും. കാലാവസ്ഥ പ്രചനാതീതമാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആര്‍ദ്രതയും പടിപടിയായി (humidity) വര്‍ദ്ധിക്കും.

മഞ്ഞ്കാലത്ത് ഇപ്പോഴുള്ള പൂജ്യം ഡിഗ്രിക്ക് താഴെയുള്ള ദിനങ്ങള്‍ 2050-ഓടെ 50% വരെ കുറഞ്ഞേക്കാം. മഞ്ഞുവീഴ്ചയിലും 30% വരെ കുറവ് വരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രകൃതി വിഭവങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജശേഖരണത്തിലും അയര്‍ലണ്ട് പിന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സോളാര്‍, വിന്‍ഡ് എനര്‍ജി സംവിധാങ്ങളില്‍ നിന്നുമുള്ള ഊര്‍ജ്ജശേഖരണം താഴേയ്ക്കാകും.

Blazing India: All about the killer heatwave

ആകെത്തുകയില്‍ ഈ മാറ്റങ്ങളെ ഒരുപരിധി വരെ പിടിച്ചുനിര്‍ത്താന്‍ രാജ്യത്തെ ഹരിതഗൃഹവാകതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുകയാണ് പ്രധാന മാര്‍ഗ്ഗം. ഏറ്റവും കുറവ് പുറന്തള്ളല്‍ മുതല്‍, വിനാശകരമായ പുറന്തള്ളല്‍ വരെ നാല് തരത്തിലുള്ള greenhouse gas standard emission scenarios (SSPs) ആണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രതീക്ഷിക്കുന്നത്. ഓരോ ഘട്ടത്തിലും മാറ്റം പല തരത്തിലാകും.

എന്തുതന്നെയായാലും അടുത്ത 20 വര്‍ഷത്തിനിടെയുണ്ടാകുന്ന വാതകങ്ങളടെയും മറ്റും പുറന്തള്ളല്‍ അടിസ്ഥാനമാക്കിയാകും ലോകത്തിന്റെയും. അയര്‍ലണ്ടിന്റെയും ഭാവി നിശ്ചയിക്കപ്പെടുക എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചുരുക്കത്തില്‍, വരും കാലങ്ങളില്‍ വാതകങ്ങളുടെ പുറന്തള്ളല്‍ കുറഞ്ഞാല്‍, ക്രമാനുഗതമായി താപനില വര്‍ദ്ധനയിലും കുറവുണ്ടാകും. മറിച്ചായാല്‍ ഹിറ്ററുകള്‍ക്ക് പകരം എയര്‍ കണ്ടീഷനറുകള്‍ സ്ഥാനം പിടിക്കും. അതും എത്ര കാലത്തേയ്ക്ക് സഹായിക്കുമെന്ന് ഉറപ്പ് പറയാനാകില്ലെന്നത് വേറെ കാര്യം.

Share this news

Leave a Reply

%d bloggers like this: