കോർക്കിൽ cost-rental പദ്ധതി പ്രകാരം 73 അപ്പാർട്ട്മെന്റുകൾ നിർമ്മിക്കുമെന്ന് Cluid ; മാസവാടക 990 മുതൽ 1100 യൂറോ വരെ

കോര്‍ക്കില്‍ 30 മില്യണ്‍ യൂറോയുടെ cost-rental ഹൗസിങ് പദ്ധതി പ്രഖ്യാപിച്ച് ഹൗസിങ് ഏജന്‍സിയായ Cluid. പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന 88 അപ്പാര്‍ട്ട്‌മെന്റുകളില്‍ 73 എണ്ണം cost-rental നിരക്ക് പ്രകാരവും, 15 എണ്ണം സോഷ്യല്‍ ഹൗസിങ് പദ്ധതി പ്രകാരവും താമസക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുമെന്ന് Cluid അധികൃതര്‍ അറിയിച്ചു. Lancaster Quay-യില്‍ കമ്പനിയുടെ നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് സമീപമാകും ഇവ നിര്‍മ്മിക്കുക. O’Callaghan Properties-നാണ് നിര്‍മ്മാണച്ചുമതല.

Cost-rental പദ്ധതി പ്രകാരമുള്ള 73 കെട്ടിടങ്ങള്‍ ഒരു ബെഡ്, രണ്ട് ബെഡ് അപ്പാര്‍ട്ട്‌മെന്റുകളായാകും നിര്‍മ്മിക്കുക. അര്‍ഹരായ വാടകക്കാര്‍ക്ക് 990 മുതല്‍ 1,100 വരെ മാസവാടകയ്ക്ക് ഇവ നല്‍കും. നിലവിലെ വിപണിനിരക്കിനെക്കാള്‍ 45% വരെ കുറഞ്ഞ തുകയാണ് ഇവയെന്ന് Cluid പറയുന്നു.

സര്‍ക്കാരിന്റെ പുതിയ cost-rental tenure model, വിപണിനിരക്കിനെക്കാള്‍ 25% എങ്കിലും കുറവായിരിക്കണം വാടക എന്നാണ് നിഷ്‌കര്‍ഷിക്കുന്നത്. മിതമായ വരുമാനമുള്ളവര്‍ക്കും വാടകവീടുകള്‍ ലഭ്യമാക്കാനാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

രാജ്യവ്യാപകമായി വാടകനിരക്ക് ഒരു വര്‍ഷത്തിനിടെ 5.6% വര്‍ദ്ധിച്ചിരിക്കുന്നുവെന്ന Daft.ie റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് Cluid പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 2019-ന് ശേഷം വാടനിരക്ക് വര്‍ദ്ധന അതിവേഗത്തിലായിരിക്കുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു. ഓഗസ്റ്റ് 1-ലെ കണക്കനുസരിച്ച് വെറും 2,455 വീടുകള്‍ മാത്രമാണ് രാജ്യത്ത് Daft.ie വഴി വാടകയ്ക്ക് വച്ചിരിക്കുന്നത്. ഇതില്‍ 75% ഡബ്ലിനിലാണ്. 2006-ന് ശേഷം വാടകയ്ക്ക് കൊടുക്കാനിരിക്കുന്ന വീടുകളുടെ എണ്ണത്തില്‍ ഇത്രയും കുറവുണ്ടാകുന്നത് ഇതാദ്യമാണ്.

സര്‍ക്കാരിന്റെ cost-rental scheme-ന് അനുസൃതമായി Cluid പ്രഖ്യാപിക്കുന്ന രണ്ടാമത്തെ പദ്ധതിയാണിത്. ഡബ്ലിനിലെ Balbriggan പ്രദേശത്ത് 25 വീടുകള്‍ പദ്ധതി പ്രകാരം നിര്‍മ്മിക്കുമെന്ന് ഏജന്‍സി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 1,000-ലേറെ പേരാണ് ഈ വീടുകള്‍ വാടകയ്ക്ക് ലഭിക്കാനായി അപേക്ഷിച്ചത്.

Share this news

Leave a Reply

%d bloggers like this: