അയർലണ്ടിൽ ഈ ആഴ്ച മുതൽ 700 ഫാർമസികൾ വഴി വാക്സിൻ ലഭിക്കും; കുട്ടികൾക്കും വാക്സിൻ കുത്തിവെപ്പ് ഈ ആഴ്ച

അയര്‍ലണ്ടില്‍ ഈ ആഴ്ച മുതല്‍ 700 ഫാര്‍മസികള്‍ വഴി കോവിഡ് പ്രതിരോധ വാക്‌സിനായ Pfizer നല്‍കുമെന്ന് Irish Pharmacy Union (IPU). mRNA സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച Pfizer/BioNtech വാക്‌സിന്‍ ചെറുപ്പക്കാരില്‍ കൂടുതല്‍ സുരക്ഷിതമാണെന്ന് നേരത്തെ വിവിധ ആരോഗ്യ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. HSE വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് നല്‍കിവരുന്നതും Pfizer അല്ലെങ്കില്‍ ഇതേ സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച Moderna വാക്‌സിനുകളാണ്.

ജൂണ്‍ മുതല്‍ ഫാര്‍മസികള്‍ വഴി വാക്‌സിനുകള്‍ നല്‍കാന്‍ ആരംഭിച്ച ശേഷം ഇതുവരെ ഏകദേശം 200,000 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായാണ് കണക്ക്. 320 ഫാര്‍മസികള്‍ Pfizer വാക്‌സിനും, 1,000-ഓളം ഫാര്‍മസികള്‍ Jansen വാക്‌സിനുമാണ് നല്‍കിവരുന്നത്. ഇതിനുപുറമെ കൂടുതല്‍ ഫാര്‍മസികള്‍ ഉള്‍പ്പെടുത്തി Pfizer വാക്‌സിന്‍ വിതരണം വ്യാപിപ്പിക്കുമെന്നാണ് IPU അറിയിച്ചിരിക്കുന്നത്. ഈ ഫാര്‍മസികളില്‍ ഈയാഴ്ച തന്നെ വാക്‌സിന്‍ സ്റ്റോക്ക് എത്തും.

അതേസമയം 12-15 പ്രായക്കാരായ കുട്ടികള്‍ക്ക് ഈയാഴ്ച മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇവരില്‍ Pfizer വാക്‌സിന്‍ സുരക്ഷിതമാണെന്നാണ് അധികൃതര്‍ പറയുന്നത്. പ്രാഥമികമായി വാക്‌സിനേഷന്‍ സെന്ററുകള്‍ വഴിയാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുകയെങ്കിലും, വീടിനടുത്തുള്ള ഫാര്‍മസികള്‍ വഴിയും വാക്‌സിന്‍ ലഭിക്കും. രക്ഷിതാക്കളുടെ സമ്മതപ്രകാരം മാത്രമേ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കൂ.

Share this news

Leave a Reply

%d bloggers like this: