അയർലണ്ടിലെ 2 ലക്ഷം വീടുകളിൽ കൂടി ബ്രോഡ്ബാൻഡ് എത്തിക്കാൻ Eir; ലക്ഷ്യം വിപണിയുടെ 84% കരസ്ഥമാക്കൽ

അയര്‍ലണ്ടിലെ 2 ലക്ഷം വീടുകളിലും ഓഫീസുകളിലും കൂടി തങ്ങളുടെ ജിഗാ ബൈറ്റ് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് വ്യാപിപ്പിക്കാനൊരുങ്ങി ഇന്റര്‍നെറ്റ് സേവനദാതാക്കളായ Eir. ഇതോടെ രാജ്യമെമ്പാടും 1.9 മില്യണ്‍ കണക്ഷനുകളുമായി രാജ്യത്തെ ആകെ 84% വീടുകളിലും ഓഫീസുകളിലും ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കമ്പനിയായി തങ്ങള്‍ മാറുമെന്ന് Eir അധികൃതര്‍ പറഞ്ഞു.

ബാക്കിയുള്ള സ്ഥലങ്ങളില്‍ National Broadband Plan (NBP) 3 മില്യണ്‍ യൂറോയോളം മുടക്കി ഇന്റര്‍നെറ്റ് സേവനമെത്തിക്കും.

കോവിഡ് മഹാമാരി കാരണം കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് തങ്ങളുടെ ബിസിനസ് വര്‍ദ്ധിച്ചതെന്ന് Eir പറയുന്നു. ഭൂരിഭാഗം ഓഫീസ് ജോലിക്കാരും വര്‍ക്ക് ഫ്രം ഹോമിലേയ്ക്ക് മാറിയതും, ഓണ്‍ലൈന്‍ ക്ലാസുകള്‍ ധാരാളമായി ആരംഭിച്ചതും ഒരു വീട്ടില്‍ ഒരു ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എന്നത് അത്യാവശ്യമാക്കിത്തീര്‍ത്തിരിക്കുകയാണ്. ഇന്റര്‍നെറ്റിന് നല്ല വേഗത ആവശ്യമായതിനാലും, ഒന്നിലധികം പേര്‍ക്ക് ഒരേസമയം ഉപയോഗിക്കണം എന്നതിനാലുമാണ് ബ്രോഡ്ബാന്‍ഡ് സേവനം തന്നെ ആളുകള്‍ തെരഞ്ഞെടുക്കുന്നത്. ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്യപ്പെടുന്ന സിനിമ, വെബ്‌സീരീസ് എന്നിവയുടെ ആധിക്യവും മറ്റൊരു കാരണമായി.

നേരത്തെ സര്‍ക്കാരിന്റെ NBP-യുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന Eir, അവരുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതോടെ സ്വന്തമായി നെറ്റ് വര്‍ക്ക് സേവനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ 1 ബില്യണ്‍ യൂറോയാണ് കമ്പനി ഇതിനായി മുടക്കിയത്. ഏപ്രില്‍ മാസത്തോടെ രാജ്യത്തെ 749,000 വീടുകളില്‍ കണക്ഷന്‍ എത്തിക്കാന്‍ Eir-ന് സാധിക്കുകയും ചെയ്തു. Eir പിന്‍വാങ്ങിയതോടെ National Broadband Ireland-മായി ചേര്‍ന്നാണ് NBP രാജ്യത്ത് ഇന്റര്‍നെറ്റ് സേവനം നല്‍കിവരുന്നത്.

Share this news

Leave a Reply

%d bloggers like this: