അഫ്‌ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കുന്നു; കാണ്ഡഹാറും പിടിച്ചെടുത്തു

അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാണ്ഡഹാര്‍ തങ്ങള്‍ പിടിച്ചടക്കിയതായി താലിബാന്‍. ഇതോടെ രാജ്യത്തെ മൂന്നില്‍ രണ്ട് ഭാഗവും തീവ്രവാദസംഘടനയായ താലിബാന്‍ കീഴടക്കിയതായാണ് റിപ്പോര്‍ട്ട്. കാണ്ഡഹാര്‍ പ്രദേശത്ത് നിന്നും സര്‍ക്കാരിന് സൈന്യത്തെ പിന്‍വലിക്കേണ്ടി വന്നതായി AFP-യും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്ത് നേരത്തെ താലിബാന്‍ പിടിച്ചടക്കിയിരുന്നു.

യുഎസ് സേനയുടെയും, സഖ്യസേനയുടെയും സൈനികരെ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വലിക്കാനാരംഭിച്ചതോടെയാണ് തീവ്രവാദസംഘടനയായ താലിബാന്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ആക്രമണം ശക്തമാക്കിയതും, പിടിച്ചടക്കല്‍ തുടങ്ങിയതും. നിലവില്‍ തലസ്ഥാനമായ കാബൂള്‍ മാത്രമാണ് പ്രധാനമേഖലയായി സര്‍ക്കാരിന്റെ കൈവശമുള്ളത്.

സ്ഥിതി വഷളായതോടെ അഫ്ഗാനിലെ യുഎസ് എംബസിയിലുള്ള ഉദ്യോഗസ്ഥരെ സുരക്ഷിതരായി തിരികെയെത്തിക്കാന്‍ 3,000 സൈനികരെ അയയ്ക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു. തങ്ങളുടെ എംബസി ഉദ്യോഗസ്ഥരെ തിരികെയെത്തിക്കാനായി 600 സൈനികരെ അയയ്ക്കുമെന്ന് യു.കെ സര്‍ക്കാരും നേരത്തെ അറിയിച്ചിരുന്നു.

അതേസമയം രാജ്യത്ത് വീണ്ടും താലിബാന്‍ ഭരണം വന്നേക്കാമെന്ന് ഭയന്ന് നിരവധി പേര്‍ അഫ്ഗാനില്‍ നിന്നും പലായനം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. 20 വര്‍ഷക്കാലത്തോളം യുഎസ് നേതൃത്വത്തില്‍ രാജ്യത്ത് തമ്പടിച്ച സൈന്യം ഈ മാസം അവസാനത്തോടെ പൂര്‍ണ്ണമായും പിന്‍വാങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: