ശമ്പള വർദ്ധന വാഗ്ദാനം ഫലം കണ്ടില്ല; കമ്പനിയുടെ പുതിയ പെരുമാറ്റച്ചട്ടം തള്ളി Dublin Bus ഡ്രൈവർമാർ

ജോലിസ്ഥലത്തെ പുതിയ പെരുമാറ്റച്ചട്ടങ്ങള്‍ അംഗീകരിക്കുന്നതിന് പകരമായി 15% വരെ ശമ്പളവര്‍ദ്ധന നല്‍കാമെന്ന കമ്പനി വാഗ്ദാനം Dublin Bus ഡ്രൈവര്‍മാര്‍ നിരസിച്ചു. Siptu, National Bus and Rail Union (NBRU) എന്നീ തൊഴിലാളി സംഘടനകള്‍ കൂടി പിന്തുണച്ചിരുന്ന ധാരണയെ 90% ബസ് ഡ്രൈവര്‍മാരും വ്യാഴാഴ്ച എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു. 1,700 ഡ്രൈവര്‍മാരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

ഡ്രൈവര്‍മാരുടെ അഭിപ്രായം തങ്ങള്‍ മനസിലാക്കുന്നതായും, ബാക്കി കാര്യങ്ങള്‍ ഇതുകൂടി കണക്കിലെടുത്ത ശേഷം തീരുമാനിക്കുമെന്നും Dublin Bus പ്രതികരിച്ചു. Siptu, NBRU സംഘടനകള്‍ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ശമ്പളവര്‍ദ്ധന പ്രഖ്യാപിച്ചെങ്കിലും, ഡ്രൈവര്‍മാര്‍ക്കായി കമ്പനി മുന്നോട്ടുവച്ച പുതിയ പെരുമാറ്റച്ചട്ടങ്ങള്‍ തൃപ്തികരമല്ലെന്നാണ് ഇതിലൂടെ മനസിലാകുന്നത്. ഇതോടെ തലസ്ഥാനത്ത് ബസ് ഗതാഗതം വ്യാപിപ്പിക്കാനുള്ള കമ്പനിയുടെ പുതിയ പദ്ധതിയായ Bus Connects-ഉം അനിശ്ചിതത്വത്തിലായി.

പദ്ധതി പ്രകാരം ഒന്നോ, രണ്ടോ റൂട്ടുകളില്‍ മാത്രം ബസോടിക്കുന്ന ഡ്രൈര്‍മാര്‍ ഇനിമുതല്‍ ഡിപ്പോയിലെ കൂടുതല്‍ റൂട്ടുകളില്‍ മാറി മാറി ജോലി ചെയ്യണമെന്നായിരുന്നു പ്രധാന നിര്‍ദ്ദേശം. ഇത് പലരും അംഗീകരിച്ചിരുന്നില്ല. മാത്രമല്ല ഈ മാറ്റം, ആഴ്‌യില്‍ 39 മണിക്കൂര്‍ എന്ന നിലവിലെ ജോലിസമയം ഇനിയും വര്‍ദ്ധിപ്പിക്കുമെന്നും ആശങ്കയുയര്‍ന്നിരുന്നു. ഇവയെ പിന്തുണയ്ക്കുന്നില്ലെങ്കിലും ശമ്പളവര്‍ദ്ധനയെയും, ബോണസിനെയും പിന്തുണയ്ക്കുന്നുവെന്നായിരുന്നു തൊഴിലാളി സംഘടനകളായ Siptu-വും NBRU-വും കഴിഞ്ഞ മാസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. മണിക്കൂറില്‍ 23.50 യൂറോയും, ആഴ്ചയില്‍ 916 യൂറോ വരെയുമായിരുന്നു ഡ്രൈവര്‍മാര്‍ക്ക് ശമ്പളവര്‍ദ്ധന വാഗ്ദാനം ചെയ്തിരുന്നത്.

Share this news

Leave a Reply

%d bloggers like this: