വിപണിയിലെ മത്സരത്തിന് വിഘാതം സൃഷ്ടിച്ചു; അയർലണ്ടിലെ ആറ് വാഹന ഇൻഷുറൻസ് കമ്പനികളോട് നയം മാറ്റാൻ ഉത്തരവിട്ട് CCPC

അയര്‍ലണ്ടിലെ ആറ് പ്രമുഖ കാര്‍ ഇന്‍ഷുറന്‍സ് കമ്പനികളോട് തങ്ങളുടെ ആഭ്യന്തര ഇന്‍ഷുറന്‍സ് നയത്തില്‍ മാറ്റം വരുത്താന്‍ ഉത്തരവ് നല്‍കി The Competition and Consumer Protection Commission (CCPC). AIG Europe S.A., Allianz PLC, AXA Insurance DAC, Aviva Insurance Ireland DAC, FBD Insurance PLC, AA Ireland Limited എന്നീ കമ്പനികളുടെ നിലവിലെ ഇന്‍ഷുറന്‍സ് നയങ്ങള്‍ വിപണിയിലെ ആരോഗ്യകരമായ പരസ്പരമത്സരത്തിന് എതിരാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് ഉത്തരവ്. കമ്പനികള്‍ ഇക്കാര്യം അനുസരിക്കാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം മറ്റ് കാര്‍ ഇന്‍ഷുറന്‍സ് ദാതാക്കളുടെ സംഘടനകളായ Brokers Ireland (മുമ്പ് the Irish Brokers Association (IBA)), the Professional Insurance Brokers Association (PIBA) എന്നിവ ഈ ചട്ടങ്ങള്‍ അനുസരിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. തങ്ങള്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നാണ് ഈ സംഘടനകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ നിലപാട്.

രാജ്യത്തെ സ്വകാര്യ മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് കമ്പനികള്‍ വിപണിയിലെ പരസ്പര മത്സരത്തിന് സാഹചര്യമൊരുക്കാതെ പ്രവര്‍ത്തിക്കുന്നു എന്ന സംശയത്തില്‍ 2016-ലാണ് CCPC അന്വേഷണമാരംഭിച്ചത്. Price-signalling എന്നറിയപ്പെടുന്ന അനധികൃതമായ പ്രവര്‍ത്തനം കമ്പനികള്‍ നടത്തിവരുന്നതായായിരുന്നു സംശയം. തങ്ങള്‍ പ്രീമിയം വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്ന കാര്യം മറ്റ് കമ്പനികളെ അനധികൃതമായി അറിയിക്കുന്ന രീതിയാണ് ‘price signalling.’ ഇതെത്തുടര്‍ന്ന് മറ്റ് കമ്പനികളും പ്രീമിയം വര്‍ദ്ധിപ്പിക്കുന്നതോടെ മേഖലയിലാകെ വിലക്കയറ്റമുണ്ടാകുന്നു.

2015-2016 കാലഘട്ടത്തിലെ 21 മാസങ്ങളില്‍ രാജ്യത്തെ വിവിധ കമ്പനികള്‍ ഈ ചട്ടലംഘനം നടത്തിയതായാണ് CCPC കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. തങ്ങള്‍ വര്‍ദ്ധിപ്പിക്കാനുദ്ദേശിക്കുന്ന പ്രീമിയം തുക എത്രയെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത് അടക്കമുള്ള രീതികളിലൂടെയായിരുന്നു ഇത് നടത്തിവന്നത്. മറ്റ് വഴികളിലൂടെയും കമ്പനികള്‍ ഈ വിവരങ്ങള്‍ പരസ്പരം കൈമാറി.

ഇത് മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി കണ്ടെത്തിയ CCPC, ഇക്കാര്യം ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ ബാങ്കിന് കത്തെഴുതുകയും ചെയ്തു.

ഓരോ കമ്പനിയും തങ്ങളുടെ പ്രീമിയം തുക നിശ്ചയിക്കേണ്ടത് സ്വതന്ത്രമായിട്ടാകണം എന്ന് CCPC വ്യക്തമാക്കി. അല്ലാതെ മറ്റ് കമ്പനികളുടെ തുകകള്‍ താരതമ്യപ്പെടുത്തിയാകരുത്. പ്രീമിയം വര്‍ദ്ധിപ്പിക്കുന്ന കാര്യം കാലേകൂട്ടി മറ്റ് കമ്പനികളെ അറിയിക്കുന്നത് പരസ്പര മത്സരനിയമത്തിന് എതിരാണ്. ഇതിന്റെ ഫലമാകട്ടെ ഉപഭോക്താക്കള്‍ വലിയ തുക പ്രീമിയം നല്‍കേണ്ടിവരിക എന്നതുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം Brokers Ireland, the Professional Insurance Brokers Association (PIBA) എന്നീ കമ്പനികള്‍ തങ്ങള്‍ ഇത്തരത്തിലുള്ള ചട്ടലംഘനം നടത്തിയതായുള്ള ആരോപണം നിഷേധിച്ചു.

Share this news

Leave a Reply

%d bloggers like this: