അയർലണ്ടിൽ 12-15 പ്രായക്കാരായ 72,000 കുട്ടികൾ വാക്സിൻ സ്വീകരിച്ചു; വാക്സിൻ എടുക്കാത്ത ആരോഗ്യപ്രവർത്തകർ രോഗവാഹകരാകാൻ സാദ്ധ്യതയുണ്ടെന്ന് ആശങ്ക

അയര്‍ലണ്ടില്‍ കഴിഞ്ഞ വാരാന്ത്യം മുതല്‍ ആരംഭിച്ച 12-15 പ്രായക്കാര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ പദ്ധതി വഴി ഇതുവരെ 72,000 കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചതായി HSE. ആകെ 124,000 കുട്ടികളാണ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും HSE തലവന്‍ Paul Reid കഴിഞ്ഞ ദിവസം പറഞ്ഞു. പ്രതീക്ഷിച്ചതിലും കൂടുതല്‍ പേര്‍ വാക്‌സിനെടുത്തതായും, ഇനിയും രജിസ്റ്റര്‍ ചെയ്യാത്തരും, വാക്‌സിന്‍ എടുക്കാത്തരും ഉടനെ തന്നെ അത് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അതേസമയം രാജ്യത്ത് വാക്‌സിന്‍ സ്വീകരിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ വഴി കോവിഡ് പടര്‍ന്നേക്കാമെന്ന ആശങ്കയും പൊതുജനാരോഗ്യ വകുപ്പ് പങ്കുവച്ചു. അവര്‍ മനപ്പൂര്‍വ്വം ചെയ്യുന്നതല്ലെങ്കില്‍പ്പോലും അത്തരമൊരു സാധ്യത നിലനില്‍ക്കുന്നതായും, അതിനാല്‍ വാക്‌സിന്‍ സ്വീകരിക്കാത്ത ഈ വിഭാഗത്തില്‍ പെടുന്നവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കണമെന്നും HSE വ്യക്തമാക്കി. വാക്‌സിനെടുക്കാനുള്ള അറിയിപ്പ് ലഭിച്ച ശേഷവും പലരും കുത്തിവെപ്പ് എടുക്കാന്‍ മടികാണിക്കുന്ന സാഹചര്യം പരിഗണിച്ചാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇതിനിടെ 1,818 പേര്‍ക്കാണ് ഇന്നലെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 244 പേര്‍ രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലാണ്. 52 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.

Share this news

Leave a Reply

%d bloggers like this: