കോവിഡ് രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കരുത്: അയർലണ്ടിലെ അധ്യാപക സംഘടന

കോവിഡ് ഡെല്‍റ്റ വകഭേദവുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ വരുന്നത് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രൈമറി സ്‌കൂള്‍ ടീച്ചേ്‌സ് യൂണിയനായ INTO. അടുത്തയാഴ്ചയോടെ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സംഘടനാ ജനറല്‍ സെക്രട്ടറി John Boyle ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

തൊണ്ടയിലെ അസ്വസ്ഥത, തലവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ് മുതലായ രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേയ്ക്ക് വിടാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നാണ് ഇന്ന് RTE-യുടെ ഒരു പരിപാടിയില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചത്. ഒപ്പം ഛര്‍ദ്ദി, വയറിളക്കം എന്നീ ലക്ഷണങ്ങളുള്ള കുട്ടികളും സ്‌കൂളുകളില്‍ എത്തുന്നത് ഒഴിവാക്കണം. കോവിഡുമായി ബന്ധപ്പെട്ട ഏത് തരത്തിലുളള രോഗലക്ഷണങ്ങളുള്ളവരും സ്‌കൂളില്‍ എത്തുന്നത് അപകടകരമായേക്കുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കുന്നത്.

അതേസമയം സ്‌കൂളിലെത്തുന്ന ജോലിക്കാര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിലെ കാലതാമസവും അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. ജോലിക്ക് പോകുന്നവര്‍ ഉടനടി വാക്‌സിനെടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ ഒന്നോ രണ്ടോ മാസം എടുത്തേക്കുമെന്നും, അതുവരെ ജോലിക്ക് പോകാം എന്ന നയം അപകടകരമായേക്കുമെന്ന് Boyle പറഞ്ഞു. വിദ്യാഭ്യാസരംഗത്തെ ജോലിക്കാര്‍ക്ക്, ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടാനായി ഹോട്ട്‌ലൈന്‍ സൗകര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയ ജോലിക്കാര്‍ക്ക് വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് INTO, വിദ്യാഭ്യാസ വകുപ്പിനോട് അഭ്യര്‍ത്ഥിച്ചതായും Boyle കൂട്ടിച്ചേര്‍ത്തു.

ക്ലാസ് റൂമുകളിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കാണിക്കുന്ന എയര്‍ പ്യൂരിഫയറുകള്‍ അടുത്തയാഴ്ചയോടെ സ്‌കൂളുകളില്‍ സ്ഥാപിക്കാന്‍ ആരംഭിക്കുമെന്നും, സെപ്റ്റംബറോടെ കൂടുതലായി ഇവ ലഭ്യമാകുമെന്നും Boyle വ്യക്തമാക്കി. അതേസമയം എല്ലാ ക്ലാസുകളിലും ഒരുപക്ഷേ മോണിറ്ററുകള്‍ ലഭ്യമായേക്കില്ലെന്നും, അത്തരം സാഹചര്യങ്ങളില്‍ അവ ഷെയര്‍ ചെയ്ത് ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ മോണിറ്ററുകള്‍ ആവശ്യമുള്ള വലിയ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസവകുപ്പ് വഴി സെപ്റ്റംബര്‍ മുതല്‍ അവ ഓര്‍ഡര്‍ ചെയ്യുകയും ചെയ്യാം.

Share this news

Leave a Reply

%d bloggers like this: