അയർലണ്ടിൽ രേഖകളില്ലാതെ താമസിക്കുന്ന കുടിയേറ്റക്കാരെ നിയമപരമായി അംഗീകരിക്കാൻ പദ്ധതി; നവംബർ മുതൽ 6 മാസക്കാലം അപേക്ഷ നൽകാമെന്ന് മന്ത്രി

അയര്‍ലണ്ടില്‍ മതിയായ രേഖകളില്ലാതെ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ആശ്വാസവാര്‍ത്ത. ഇത്തരത്തിലുള്ള 17,000-ഓളം പേരുടെ പൗരത്വവും, മറ്റ് വിവരങ്ങളും നിയമപരമായി അംഗീകരിക്കുന്നതിനുള്ള പദ്ധതി അണിയറയില്‍ തയ്യാറായി വരുന്നതായി Junior minister for law reform James Browne കഴിഞ്ഞ ദിവസം വ്യക്തമാക്കി. ലൈംഗികവ്യാപാരം പോലെയുള്ള കാര്യങ്ങള്‍ക്കായി അയര്‍ലണ്ടിലെത്തിച്ച് ചൂഷണം ചെയ്യപ്പെടുന്ന നിരവധി സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് ഗുണകരമാകും പദ്ധതിയെന്നാണ് വിശ്വസിക്കപ്പെടുന്നത്.

സെപ്റ്റംബര്‍ ആദ്യ വാരത്തോടെ പദ്ധതിയുടെ രൂരരേഖ തയ്യാറാകുമെന്നും, സെപ്റ്റംബര്‍ അവസാനത്തോടെ ഇത് മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്നുമാണ് മന്ത്രി Browne പറഞ്ഞത്. നവംബറോടെ ഇവര്‍ക്കായി ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറക്കും. തുടര്‍ന്ന് ആറ് മാസക്കാലത്തോളം ഇവര്‍ക്ക് നിയമപരമായി അംഗീകരിക്കപ്പെടാന്‍ അപേക്ഷിക്കാം.

അപേക്ഷിച്ചതിന് ശേഷമുള്ള ആദ്യ ഘട്ടമായി ഇവര്‍ക്ക് നിയമപരമായി തൊഴില്‍ ചെയ്യാനുള്ള അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുക. മതിയായ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ ഇവരില്‍ മിക്കവരും തൊഴില്‍ ചൂഷണം നേരിടുകയും, മുഖ്യാധാരാ ജോലികള്‍ ചെയ്യുന്നതില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുകയുമാണ്. അപേക്ഷിച്ച് പിന്നീട് ഇവരില്‍ യോഗ്യതയുള്ളവര്‍ക്ക് ഐറിഷ് പൗരത്വം നല്‍കുന്നതും പരിഗണിക്കും.

കുറഞ്ഞത് നാല് വര്‍ഷമെങ്കിലുമായി അയര്‍ലണ്ടില്‍ ജീവിക്കുന്ന കുടിയേറ്റക്കാരെയാണ് പദ്ധതിയില്‍ പരിഗണിക്കുക. എന്നാല്‍ കുട്ടികള്‍ ഉളളവരാണെങ്കില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം താമസിച്ചാലും മതി.

നിലവിലെ കണക്കനുസരിച്ച് അയര്‍ലണ്ടില്‍ രേഖകളില്ലാത്ത ഭൂരിഭാഗം കുടിയേറ്റക്കാരും ഫിലിപ്പൈന്‍സ്, മംഗോളിയ, ചൈന, ബംഗ്ലാദേശ്. ബ്രസീല്‍, മലാവി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അഫ്ഗാനില്‍ താലിബാന്‍ തീവ്രവാദികള്‍ ഭരണം പിടിച്ചതോടെ തിരിച്ചുപോകാന്‍ ഭയപ്പെടുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്കും പദ്ധതി ഗുണകരമാകും. ‘ഒരു തലമുറയ്ക്ക് ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരം’ എന്നാണ് മന്ത്രി പദ്ധതിയെ വിശേഷിപ്പിക്കുന്നത്.

രേഖയില്ലാത്ത കുടിയേറ്റക്കാരില്‍ പലരും കുറഞ്ഞ കാലത്തേയ്ക്കുള്ള തൊഴില്‍ വിസയിലാണ് അയര്‍ലണ്ടിലെത്തുന്നത്. എന്നാല്‍ വിസ കാലാവധി തീര്‍ന്നാലും ഇവര്‍ മടങ്ങിപ്പോകാതെ ഇവിടെ തുടരുന്നു. മറ്റ് പലരും തൊഴില്‍ വിസ പോലുമില്ലാത്തവരാണ്. ഇവരെ രാജ്യത്തെ മുതലാളിമാരും കമ്പനികളും തൊഴില്‍ പീഢനത്തിന് ഇരയാക്കുന്നുണ്ട്. സ്ത്രീകളെ വേശ്യാവൃത്തിയിലേയ്ക്കും തള്ളിവിടുന്നു.

Share this news

Leave a Reply

%d bloggers like this: