അഫ്‌ഗാനിൽ സ്ഥിതി വഷളാകുന്നു; ഐറിഷ് ദൗത്യ സംഘം ഉടൻ മടങ്ങാൻ സാധ്യത

അഫ്ഗാനിസ്ഥാനില്‍ രക്ഷാദൗത്യത്തിനെത്തി 48 മണിക്കൂറിനകം ഐറിഷ് പ്രത്യേക സംഘം പിന്മാറ്റത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഐറിഷ് പൗരന്മാരടക്കമുള്ളവരെ താലിബാന്‍ പിടിച്ചടക്കിയ അഫ്ഗാനില്‍ നിന്നും ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നതന്ത്രവിദഗ്ദ്ധര്‍, ആര്‍മി റെയ്ഞ്ചര്‍മാര്‍ എന്നിവരടങ്ങിയ സംഘം കാബൂള്‍ വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ താലിബാന്‍ തീവ്രവാദികളുടെ ഭീഷണി വര്‍ദ്ധിച്ചതോടെ സംഘം കൂടുതല്‍ സമയം ഇവിടെ ചെലവഴിക്കാന്‍ സാധ്യതയില്ലെന്ന് Independent റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദേശകാര്യമന്ത്രി Simon Coveney, Irish Defence Forces നേതാക്കളുമായി ഇന്ന് രാവിലെ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താനിരിക്കുകയാണ്. ഡബ്ലിനിലെ National Emergency Coordination Centre-ലാകും ചര്‍ച്ച. അടുത്ത 24 മണിക്കൂറിനിടെ സംഘത്തോട് തിരികെ വരാന്‍ നിര്‍ദ്ദേശം നല്‍കുക എന്ന തീരുമാനമാകും ചര്‍ച്ചയില്‍ ഉരുത്തിരിയുക എന്ന് പ്രതീക്ഷിക്കുന്നു.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 24 ഐറിഷ് പൗരന്മാരും, 12 കുട്ടികളുമാണ് അഫ്ഗാനില്‍ നിന്നും രക്ഷപ്പെടാനായി കാത്തിരിക്കുന്നത്. അതേസമയം അയര്‍ലണ്ടില്‍ താമസിക്കാന്‍ അനുവാദമുള്ള ഏതാനും അഫ്ഗാന്‍ പൗരന്മാരടക്കം കൂടുതല്‍ പേര്‍ അവിടെയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഓഗസ്റ്റ് 31-നകം രാജ്യം വിടണമെന്നാണ് താലിബാന്‍ അമേരിക്കയ്ക്ക് നല്‍കിയ നിര്‍ദ്ദേശം. അതിനാല്‍ത്തന്നെ ഈ സമയപരിധിക്ക് ശേഷം തീവ്രവാദികള്‍ ആക്രമണം നടത്തിയേക്കുമെന്നാണ് ഭയപ്പെടുന്നത്. 31-നുള്ളില്‍ രാജ്യം വിടാനാഗ്രഹിക്കുന്ന എല്ലാവരെയും രക്ഷപ്പെടുത്താന്‍ സാധിക്കുന്നത് പ്രാവര്‍ത്തികമല്ലെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യക്തമാക്കിയെങ്കിലും, സമയം നീട്ടിക്കിട്ടാന്‍ ശ്രമം നടത്തില്ലെന്നാണ് യുഎസ് പറയുന്നത്.

സ്വയം യാത്ര ചെയ്ത് വിമാനത്താവളത്തിലേയ്ക്ക് വരാന്‍ ശ്രമിക്കരുതെന്ന് യുഎസ് സേന തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എയര്‍പോര്‍ട്ട് ഇപ്പോഴും യുഎസ് സേനയുടെ നിയന്ത്രണത്തിലാണ്. ഇന്ത്യയും ഇവിടെ രക്ഷാദൗത്യം നടത്തിവരികയാണ്.

Share this news

Leave a Reply

%d bloggers like this: