അയർലണ്ടിൽ ലോക്ക്ഡൗൺ കാലത്ത് ഓൺലൈൻ വിൽപ്പന കൂടി; ഓൺലൈൻ ഷോപ്പിംഗ് സംബന്ധിച്ച പരാതിക്കാരും കൂടിയതായി കോംപെറ്റീഷൻ കമ്മീഷൻ

അയര്‍ലണ്ടില്‍ കോവിഡ് ലോക്ക്ഡൗണ്‍ കാരണം ഓണ്‍ലൈന്‍ ഷോപ്പിങ് വര്‍ദ്ധിച്ചത് ഈയിനത്തിലെ ഉപഭോക്തൃ പരാതികള്‍ വര്‍ദ്ധിക്കാനും കാരണമായതായി Competition and Consumer Protection Commission (CCPC). ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ല, കേടുപാടുകളുള്ളതാണ് തുടങ്ങിയ കാരണങ്ങളുമായും തങ്ങളെ ബന്ധപ്പെടുന്നവരുടെ എണ്ണം 2021-ലെ ആദ്യ ആറു മാസത്തിനുള്ളില്‍ വര്‍ദ്ധിച്ചതായി CCPC വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ പരാതിയുമായി 19,800 പേരാണ് തങ്ങളുടെ ഹെല്‍പ്പ്‌ലൈനില്‍ ബന്ധപ്പെട്ടതെന്ന് CCPC പറഞ്ഞു. ഏറ്റവുമധികം പേര്‍ ഉന്നയിച്ച പരാതി, വാങ്ങിയ ഉല്‍പ്പന്നം (ഓണ്‍ലൈന്‍ ആയും, ഓഫ്‌ലൈന്‍ ആയും) കേടുപാടുള്ളതാണ് എന്നായിരുന്നു.

ഓണ്‍ലൈന്‍ ഷോപ്പിങ് സംബന്ധിച്ച പരാതികള്‍ അറിയിക്കാനും, സംശയങ്ങള്‍ ചോദിക്കാനുമാണ് പിന്നീട് ഏറ്റവുമധികം പേര്‍ ബന്ധപ്പെട്ടത്. ഓണ്‍ലൈന്‍ വഴി ഷോപ്പ് ചെയ്യുമ്പോഴുള്ള ഡെലിവറി, പണം തിരികെ ലഭിക്കല്‍ എന്നിവയെക്കുറിച്ചായിരുന്നു ഇവരില്‍ മിക്കവര്‍ക്കും അറിയേണ്ടിയിരുന്നത്. 1,356 പേരാണ് ഇക്കാര്യങ്ങള്‍ക്കായി CCPC-യെ സമീപിച്ചത്. 2020-ലെ ആദ്യ ആറു മാസത്തില്‍ 1,169 പേരായിരുന്നു ഇക്കാരണങ്ങളുമായി ബന്ധപ്പെട്ട് CCPC-യെ വിളിച്ചിരുന്നത്.

നിലവിലുള്ള കരാറുകള്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ് മൂന്നാമതായി ഏറ്റവും കൂടുതല്‍ പേര്‍ CCPC-യുമായി ബന്ധപ്പെട്ടത്. കോവിഡ് കാരണം സാഹചര്യം മാറിയതാണ് കരാര്‍ റദ്ദാക്കാന്‍ ഇവരില്‍ ഭൂരിഭാഗം പേരെയും നിര്‍ബന്ധിതരാക്കിയത്.

ഉല്‍പ്പന്നങ്ങളോ, സേവനങ്ങളോ മതിയായ നിലവാരമില്ലാത്തതായി കണ്ടെത്തിയ 2,241 പരാതികളും, 774 ഓണ്‍ലൈന്‍ ഷോപ്പിങ് പരാതികളും Small Claims Court-ന് കൈമാറിയതായും CCPC അറിയിച്ചു.

ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിളിക്കുന്നവരുടെ എണ്ണം മൂന്നില്‍ രണ്ടായി വര്‍ദ്ധിച്ചതായും, യാത്ര, അവധിക്കാലം ചെലവഴിക്കല്‍, ട്രാന്‍സ്‌പോര്‍ട്ട് എന്നിവയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ 71% കുറഞ്ഞതായും കമ്മിഷന്‍ വ്യക്തമാക്കി.

ധനകാര്യ ഇടപാടുകളുടെ പരാതികളില്‍ മോര്‍ട്ട്‌ഗേജ്, മോട്ടോര്‍ ഇന്‍ഷുറന്‍സ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളായിരുന്നു കൂടുതല്‍.

Share this news

Leave a Reply

%d bloggers like this: