ഖബറിടങ്ങൾ: ദയാൻ; അയർലണ്ടിന്റെ ചരിത്രത്തിലാദ്യമായി ഒരു മലയാളിയുടെ നോവൽ ഐറിഷ് മാധ്യമത്തിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു

അയര്‍ലണ്ട് മലയാളികള്‍ക്ക് ഏറെ പരിചിതനാണ് ദയാന്‍ എന്ന പ്രവാസി. പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞ കവിതകളിലൂടെ സാഹിത്യാസ്വാദകരുടെ മനസ് നിറച്ച ദയാന്‍, തന്റെ ഏറ്റവും പുതിയ നോവലായ ‘ഖബറിടങ്ങള്‍,’ ‘റോസ് മലയാള’ത്തിലൂടെ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു. ഒരുപക്ഷേ അയര്‍ലണ്ടിന്റെ ചരിത്രത്തിലാദ്യമായാകും ഒരു മലയാളിയുടെ നോവല്‍ ഇത്തരത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. പ്രിയവായനക്കാര്‍ ‘ഖബറിടങ്ങളെ’ നെഞ്ചോട്‌ ചേര്‍ക്കുമെന്ന വിശ്വാസത്തില്‍

-എഡിറ്റര്‍, റോസ് മലയാളം.

അദ്ധ്യായം 1

ബലിപെരുന്നാൾ

ആമിനോടൻ വളപ്പിൽ പോക്കറ് ഹാജി, സൈക്കിളിടിച്ചു മയ്യത്താകുന്നവരെ നല്ല മുട്ടൻ പോത്തുകളെ കൊണ്ടുവരുമായിരുന്നു ഓരോ പെരുന്നാളിനും. അവയെ തീറ്റിയും, തലോടിയും പോക്കറ് ഹാജി ഒരു ഹമാമിനെ പോലെ നടക്കും. പോക്കറ് ഹാജി നടത്തിപ്പുകാരനായിരുന്നെങ്കിൽ, ഉടയോൻ കയ്യക്കുട്ടിയുമ്മയായിരുന്നു. കറുത്തു മുടുമുട്ടനായ് നിൽക്കുന്ന പോത്തിന്റെ അടുത്ത് ഒരു കസേരയിൽ കയ്യക്കുട്ടിയുമ്മ ഇരുന്നാൽ ജിന്നുകൾ പോലുമടുക്കില്ലെന്നു നാട്ടുകാർ പറയും. അത്രയ്ക്ക് തലയെടുപ്പും, പ്രസരിപ്പുമായിരുന്നു അവർക്ക്. ഒരു ഉടയോനെ പോലെ അവർ ജീവിച്ചു.

1970-ൽ പുതിയരിച്ചേരിയിൽ നിന്നും പോക്കറ് ഹാജി കയ്യക്കുട്ടിയുമ്മയെ നിക്കാഹ് ചെയ്യുമ്പോ വയസ് 16. അളന്നും, തിരുത്തിയും കയ്യക്കുട്ടിയുമ്മ കയറിവന്നത് സ്വർഗ്ഗത്തിലേക്ക് അല്ലാഹുവിന്റെ മുടിയിലൂടെ നടന്നു ചെല്ലുന്നതിലും ഭീകരമായിരുന്നു. ആ കണ്ണുകൾ വേദനയും നഷ്ടങ്ങളും, വിഷവും തേനും പോലെ തിരിച്ചറിയാനാവാത്ത വിധം കലർന്ന് ചുവന്നു കിടന്നു. ആമിനോടൻ വളപ്പിലെ മരീദായി അവർ ജീവിച്ചു. ഞാൻ ഒരു കേരളീയ സ്ത്രീ അല്ലായെന്നും, പേരും പുകഴും പറ്റിയ അറേബ്യൻ സ്ത്രീ ആണെന്നും വിശ്വസിച്ചു പോന്നു. പൊന്നും സുഗന്ധ വ്യഞ്ജനങ്ങളും കയ്യടക്കാൻ വന്ന അറബികൾ കേരളത്തിന് നൽകിയ ഏറ്റവും മികച്ച സംഭാവനയുടെ വേരുകളാണ് മുസ്ലിംകൾ എന്ന് കയ്യക്കുട്ടിയുമ്മ അഭിമാനിച്ചു. അതോടൊപ്പം തന്റെ നടപ്പിലും, പെരുമാറ്റത്തിലും അവരതു പ്രകടമാക്കി.

“നീയറിഞ്ഞാ പുതിയ പള്ളി കമ്മിറ്റി തീരുമാനം… ഇനി ബലിപെരുന്നാളിന് അറക്കണ പോത്തിന്റെ ഇറച്ചി പള്ളിക്കടുത്തുള്ള അന്യമതക്കാരനും കൊടുക്കണോന്ന്…”

‘മത സൗഹാര്‍ദം…ഫൂ…’ നീട്ടിയൊരു തുപ്പും.

‘കൊറേ മാപ്പിളമാര് ഇപ്പൊ കമ്മ്യൂണിസ്റ്റ് ആയ്ക്കണ്… അതാണ്…’

പഴക്കംചെന്ന വീടിന്റെ തൂണില്‍ കയ്യക്കുട്ടിയുമ്മ അമര്‍ത്തിപ്പിടിച്ചു. വിരലുകള്‍ കൊണ്ട് കോറി ദേഷ്യത്തിന്റെ മഴവില്ലു വരച്ചു. ഒന്നും മിണ്ടാതെ പെട്ടന്ന് അകത്തേക്ക് നടന്നു. പരമ്പര്യം കൊണ്ട് ക്ഷയിച്ച വീടിന്റെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ഒരു ഫോട്ടോയിലേക്ക് അവര്‍ ദേഷ്യത്തോടെ നോക്കി. ആ പുണ്യഭൂമിയില്‍ മതിയായിരുന്നില്ലേ എന്റെ പടപ്പ് എന്ന് മനസ്സില്‍ ഉരുവിട്ടു. വരാന്തയിലിരുന്ന പോക്കറു ഹാജിയെ നോക്കിപറഞ്ഞു ‘ എന്റെ ബലിയുടെ പങ്കുപറ്റാന്‍ ഒരു അന്യമതക്കാരെനെയും ഈ കയ്യക്കുട്ടിയുമ്മ സമ്മതിക്കൂല.’

ആമിന പ്ലാവിന്റെ ഉച്ചിയില്‍ തട്ടി ശബ്ദം കനലത്തരികള്‍ പോലെ താഴേക്ക് ചിതറിവീണു. അത് മണ്ണിനെ ചൂടുപിടിപ്പിച്ചു. എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ അവര്‍ അകത്തേക്ക് നടന്നു.

മഞ്ഞവെളിച്ചം ഇനിയും വീശിയിട്ടില്ലാത്ത മഹിഷപട്ടണത്തെ ജനങ്ങള്‍ രണ്ടുകയ്യും മുകളിലേക്കുയര്‍ത്തി സ്വര്‍ണ മത്സ്യത്തെ പിടിക്കുന്നത് സ്വപ്നം കണ്ട് ഇന്നും കഴിയുന്നു. സഖാവ് ശ്രീധരനെ തല്ലിക്കൊന്നതും അതേ നാട്ടില്‍ തന്നെ. ശ്രീധരന്റെ ചോരയും ഹാലിളകിയ പോത്തിന്റെ ചോരയും ഒരുപോലാണെന്ന് കയ്യക്കുട്ടിയുമ്മ എപ്പോഴും പറയും. ശ്രീധരനെ അടിച്ചു കൊന്നതാണോ എന്നത് ഇപ്പോഴും അവിടെ ഒരു ചര്‍ച്ചാവിഷയം തന്നെയാണ്.

‘ഓനെ മങ്ങാടന്റെ ഗുളികന്‍ കൊണ്ടുപോയതെന്നു’ ശിവദാസന്‍, പട്ടാളം ദാമുന്റെ പീടികയിലിരുന്നു തള്ളിവിട്ടു.

കെട്ട വായയുടെ മണം ദേശാടന പക്ഷികളേക്കാള്‍ ദൂരം പറക്കുമെന്നപോലെ എല്ലാവരും അത് വിശ്വസിച്ചു. കാരണം മങ്ങാടന്‍ ഒരു തികഞ്ഞ ഗുളിക ഭക്തനും, വച്ചാരാധനക്കാരനുമായിരുന്നു. ഏലസ്സുകള്‍ ജപിച്ചു നല്‍കിയും, പ്രാര്‍ത്ഥിച്ചും അയാള്‍ ജീവിച്ചു പോന്നിരുന്നു. ശ്രീധരനൊരു ശക്തനാണെന്നും, ഒടിവിദ്യക്കാരനായിരുന്നെന്നും തള്ളിവിടുമ്പോഴാണ് ലത കടയിലോട്ട് കയറിവരുന്നത്.

‘ എന്റെ ശിവദാസാ , നിനക്ക് വേറെ പണിയൊന്നുമില്ലേ… ശ്രീധരനൊരാണായിരുന്നു… നിന്നെപ്പോലെ അടപ്പില്ലാത്ത കിണറുകണ്ടാ ചാടുന്നവനല്ല’

‘ ഓ നിനക്ക് കൊറേ ആണുങ്ങളെയറിയാ…’ ലത കേള്‍ക്കാതെ ശിവദാസന്‍ പിറുപിറുത്തു .

‘ എന്താ ശിവദാസാ…’ ലത ചോദിച്ചു.

‘ ഒന്നുല്ലല്ലോ അല്ലേ… ശ്രീധരനെ ആരോ കൊന്നതാ, ആര്‍ക്കാണോ ലാഭം അവര്‍ തന്നെ.’ ലത നടന്നുപോയി.

അവളുടെ നിതംബത്തിലേക്ക് നോക്കി ശിവദാസന്‍ പറഞ്ഞു,

‘അവള് പെശകാ ദാമൂ…’

ആഴ്ചകള്‍ തൊണ്ടന്‍ പ്ലാപ്പറമ്പില്‍ ലതയുടെ പുരുഷന്‍മാരായ് കടന്നുപോയ്. ഇതൊന്നുമറിയത്തെ ചന്ദ്രന്‍ നഗരത്തിലെ എസ്ബിഐ ബാങ്കിന് കാവലിരുന്നു. ഗോപാലന്‍ ഐസ്‌ക്രീം വിറ്റു. സേവ്യര്‍ പതിവുപോലെ ഓട്ടോയുമായി പോയി. അക്കാലത്ത് അയാള്‍ക്ക് മാത്രമാണ് രണ്ടാളെ കേറ്റാവുന്ന ഓട്ടോ ഉണ്ടായിരുന്നത്. പതിവുപോലെ ചന്ദ്രന്‍ ലീവിന് വന്ന ശനിയാഴ്ച, ബലിപെരുന്നാള്‍ ദിവസം ലത കാത്തിരുന്നു. പോത്തിനായി പള്ളിക്കാരും.

ആമിനോടാന്‍ വളപ്പില്‍ അന്നൊരു വിരുന്ന് തന്നെയാണ്. പുലര്‍ച്ചെ ഹജര്‍ നിസ്‌ക്കാരം കഴിഞ്ഞാല്‍, എല്ലാ കുടുംബക്കാരുടെയും സാന്നിദ്ധ്യത്തില്‍ കയ്യക്കുട്ടിയുമ്മ പോത്തിനെ പള്ളിക്കാര്‍ക്കു കൈമാറും. ദിക്കറുകളോതി പള്ളിക്കാര്‍ പോത്തിനെ അറവുകാരന് കൈമാറും. അതൊരു വലിയ ചടങ്ങുതന്നെയായിരുന്നു അവിടെ.

സൂര്യന്‍ ബലിപെരുന്നാളിനായി ഉണരാന്‍ കാത്തിരിക്കുന്ന നിമിഷം. ഇടക്കൊന്നു കയ്യക്കുട്ടിയുമ്മ ഉണര്‍ന്നോ എന്നുനോക്കി സൂര്യന്‍ ഒളിച്ചിരുന്നു.
‘ പോക്കര്‍ക്കാ… കയ്യക്കുട്ടിയുമ്മാ…’ അലറിവിളിച്ചു സുബൈര്‍ ഓടിയെത്തി.

ശ്വാസം അടക്കിപ്പിടിക്കാന്‍ പോലുമാവാതെ അയാള്‍ വിറച്ചുനിന്നു.

‘ എന്താ സുബൈറേ അനക്ക് പ്രാന്തായാ…’ പോക്കറുഹാജി ചോദിച്ചു.

ശ്വാസത്തിന്റെ വേലിയേറ്റങ്ങളിലെവിടെനിന്നോ വാക്കുകളെ തട്ടിയെടുത്ത് അയാള്‍ നാവിന്റെ കരയിലെത്തിച്ചു.

‘ നമ്മടെ പോത്ത്… അത് ചത്ത് കെടക്കാണ് ഹാജ്യാരേ…’ സുബൈര്‍ ഉറക്കെ കരഞ്ഞു.

‘അള്ളാഹ്’ പോക്കര്‍ നെഞ്ചത്ത് കൈവച്ചു.

ഒട്ടും ഭാവമാറ്റമില്ലാതെ, കയ്യക്കുട്ടിയുമ്മ വരാന്തയിലിരിപ്പുണ്ടായിരുന്നു. കലിഞ്ഞുതുള്ളി ശമിച്ച കടലുപോലെ ആ മുഖത്തു ചെറിയ ചിരി വിടര്‍ന്നു. തന്റെ അരപ്പട്ടയൊന്നു മുറുക്കി അവര്‍ അകത്തേക്ക് നടന്നു. ശാന്തയായി കുര്‍ആന്‍ തുറന്നു വായിച്ചു.

‘ വിഷം തിന്നുമരിച്ച പോത്ത്, ദീനിനായി ദാനം ചെയ്യപ്പെട്ടെന്നു കരുതിക്കോളാം.’

[തുടരും]

Share this news

Leave a Reply

%d bloggers like this: