കോവിഡ് കാലത്തും വമ്പൻ ബിസിനസ് നടത്തി പ്രമുഖ ഐറിഷ് വിസ്കി ബ്രാൻഡ് Jameson; ഇന്ത്യയിൽ വിൽപ്പന വർദ്ധിച്ചത് 85%

തങ്ങളുടെ ബ്രാന്‍ഡായ Jameson whiskey-യുടെ വില്‍പ്പന ഈ വര്‍ഷം കുതിച്ചുയര്‍ന്നതായി പ്രശസ്ത ഐറിഷ് മദ്യ നിര്‍മ്മാതാക്കളായ Irish Distillers. ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 8.6 മില്യണ്‍ കെയ്‌സ് വിസ്‌കി വിറ്റതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മുന്‍ വര്‍ഷം ഇത് 7.5 മില്യണ്‍ ആയിരുന്നു. ഇതോടെ ലോകത്ത് ഏറ്റവും വില്‍പ്പനയുള്ള അഞ്ച് അന്താരാഷ്ട്ര വിസ്‌കി ബ്രാന്‍ഡുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് Jameson Whiskey.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ സാന്നിദ്ധ്യമുള്ള ബ്രാന്‍ഡ്, ഇന്ത്യയില്‍ ഒരു വര്‍ഷത്തിനിടെ 85% വളര്‍ച്ചയാണ് കൈവരിച്ചത്. യുഎസിലാകട്ടെ ആകെ 4 മില്യണ്‍ കെയ്‌സുകളാണ് ഒരു വര്‍ഷത്തിനിടെ വിറ്റഴിക്കപ്പെട്ടത്. 19% ആണ് ഇവിടുത്തെ വര്‍ദ്ധന. യുഎസിന് പുറമെ യു.കെ (10%), ജര്‍മ്മി (30%), ഓസ്‌ട്രേലിയ (15% വരെ) അയര്‍ലണ്ട് (6%) എന്നിവിടങ്ങളിലും വില്‍പ്പന വര്‍ദ്ധിച്ചു.

അതേസമയം നൈജീരിയയില്‍ 216%, ബ്രസീലില്‍ 67%, ചൈനയില്‍ 45%, ജപ്പാനില്‍ 13% എന്നിങ്ങനെയും വില്‍പ്പന വര്‍ദ്ധിപ്പിച്ച് ബ്രാന്‍ഡ് കുതിപ്പ് നടത്തി. പോളണ്ട്(48%), ഉക്രെയിന്‍ (43%), റഷ്യ (19%) എന്നിവിടങ്ങളിലും മികച്ച വില്‍പ്പന നടന്നു.

ലോകമാകെ കോവിഡ് മാഹാമാരിയുടെ പിടിയിലായപ്പോഴും വില്‍പ്പന നിര്‍ബാധം തുടര്‍ന്നതായി കമ്പനി ചെയര്‍മാനും, സിഇഒയുമായ Conor McQuaid പറഞ്ഞു. ഹോട്ടലുകളും, ബാറുകളുമടക്കമുള്ള മേഖലകള്‍ പൂട്ടിയിട്ടപ്പോഴും വില്‍പ്പനയില്‍ കുറവുണ്ടായില്ല. ലോകമെമ്പാടും പ്രീമിയം, സൂപ്പര്‍ പ്രീമിയം ഐറിഷ് വിക്‌സികള്‍ക്ക് പ്രിയം കൂടുന്നതായാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Irish Distillers-ന്റെ ഉടമസ്ഥരായ Pernod Ricard കമ്പനിയും 2020-21 കാലഘട്ടത്തില്‍ 18.3% വളര്‍ച്ച രേഖപ്പെടുത്തി.

Mumm champagne, Diageo തുടങ്ങിയ മറ്റ് പ്രമുഖ മദ്യക്കമ്പനികളും കോവിഡ് കാലത്ത് മികച്ച ബിസിനസാണ് നടത്തിവരുന്നത്.

Share this news

Leave a Reply

%d bloggers like this: