Black Lives Matter മുന്നേറ്റത്തിന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി പിന്തുണ നൽകി

ലോകമെമ്പാടും ആളിപ്പടര്‍ന്ന ‘Black Lives Matter’ മുന്നേറ്റത്തിന് ബ്രിട്ടനിലെ രാജ്ഞി പിന്തുണ നല്‍കിയതായി റിപ്പോര്‍ട്ട്.

യുഎസിലെ ജോര്‍ജ്ജ് ഫ്‌ളോയ്ഡ് സംഭവത്തിന് ശേഷം രാജകുടുംബവുമായി നടത്തിയ ചര്‍ച്ചയില്‍ എലിസബത്ത് രാജ്ഞിയും, രാജകുടുംബവും Black Lives Matter മുന്നേറ്റത്തെ പിന്തുണയ്ക്കുന്നതായി അറിയിച്ചുവെന്ന് Lord-Lieutenant for London ആയ Ken Olisa ആണ് വെളിപ്പെടുത്തിയത്. Lord-Lieutenant for London ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യ കറുത്ത വര്‍ഗ്ഗക്കാരനാണ് അദ്ദേഹം. കഴിഞ്ഞ ദിവസം Channel 4-ന് നല്‍കിയ ഒരു അഭിമുഖത്തിലാണ് ബ്രിട്ടനിലെ രാജകുടുംബം വിപ്ലവാത്മകമായ മുന്നേറ്റത്തിന് പിന്തുണ നല്‍കിയതായി അദ്ദേഹം വ്യക്തമാക്കിയത്.

ബ്രിട്ടനിലെ സമൂഹത്തില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ നേരിടുന്ന തടസങ്ങളെ ഇല്ലാതാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് രാജകുടുംബം അറിയിച്ചതായും Olisa പറഞ്ഞു.

അതേസമയം രാജകുടുംബം വംശീയത കാണിച്ചുവെന്ന് ഹാരി രാജകുമാരനും, ഭാര്യ മേഗന്‍ മെര്‍ക്കലും വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കുടുംബം കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടിയുള്ള അവകാശങ്ങളെ പിന്തുണയ്ക്കുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഈ വര്‍ഷം ആദ്യം ഓപ്ര വിന്‍ഫ്രിയുമായുള്ള ഒരു അഭിമുഖത്തിനിടെയാണ് തങ്ങളുടെ മകനായ ആര്‍ച്ചിയുടെ തൊലിനിറം കറുത്തതായേക്കുമെന്ന് രാജകുടുംബത്തിലെ ഒരാള്‍ (രാജ്ഞിയും, ഫിലിപ്പും അല്ലാതെ) ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്ന് മേഗന്‍ പറഞ്ഞത്. കുട്ടി ജനിക്കുന്നതിന് മുമ്പായിരുന്നു കുടുംബാംഗം ഇങ്ങനെയൊരു കാര്യം പറഞ്ഞതെന്നും മേഗന്‍ വെളിപ്പെടുത്തിയിരുന്നു.

രണ്ട് വംശത്തില്‍ പെട്ട മാതാപിതാക്കളുടെ മകനായി ജനിച്ചതുകൊണ്ടാവാം ആര്‍ച്ചിക്ക് രാജകുമാരന്റെ സ്ഥാനമോ, സുരക്ഷയോ നല്‍കാതിരുന്നതെന്ന് കരുതുന്നതെന്നും ഹാരിയും മേഗനും പറഞ്ഞിരുന്നു.

തുടര്‍ന്ന് പ്രശ്‌നം കുടുംബത്തിനുള്ളില്‍ പരിഹരിക്കുമെന്ന് എലിസബത്ത് രാജ്ഞിയും, തങ്ങള്‍ വംശീയത കാണിക്കുന്നവരല്ലെന്ന് പ്രിന്‍സ് വില്ല്യമും പ്രസ്താവിച്ചിരുന്നു.

കൊട്ടാരത്തിലെ ന്യൂനപക്ഷവംശജരായ ജോലിക്കാരുടെ എണ്ണം വളരെ കുറവാണെന്നും, ഈ വിഭാഗത്തില്‍ പെട്ട കൂടുതല്‍ പേരെ ജോലിക്കെടുക്കേണ്ടതുണ്ടെന്നും ബെക്കിംങ്ഹാം പാലസും സമ്മതിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: