ക്ലെയറിൽ തിരയടിച്ച് തെറിപ്പിച്ച ബോട്ട് പറയിലിടിച്ച് തകർന്നു; മത്സ്യത്തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി

Co Clare-ല്‍ പാറയിലിടിച്ച് തകര്‍ന്ന ബോട്ടില്‍ നിന്നും മത്സ്യത്തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി. രണ്ട് പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ശക്തമായ തിര അടിച്ചുതെറിപ്പിച്ച ചെറിയ ബോട്ട് പാറയിലിടിച്ച് തകരുകയായിരുന്നു. എന്നാല്‍ ഇതിന് മുമ്പ് ബോട്ടില്‍ നിന്നും കടലില്‍ വീണതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അപകടം സംഭവിച്ചില്ല.

Doolin Point-ലെ വടക്കന്‍ കടല്‍ പ്രദേശത്തായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്ന രണ്ട് പേരും പോളണ്ട് സ്വദേശികളായിരുന്നു. ശക്തമായ കാറ്റും, തിരയും ദുഷ്‌കരമാക്കിയ പ്രദേശത്തായിരുന്നു ഇവരുടെ മീന്‍പിടിത്തം.

മത്സ്യത്തൊഴിലാളികളുടെ ബോട്ടിന്റെ എഞ്ചിന്‍ നിശ്ചലമായതോടെ അത് നന്നാക്കാന്‍ ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു എന്നാണ് വിവരം. തുടര്‍ന്നുണ്ടായ ശക്തമായ തിരയില്‍ മത്സ്യത്തൊഴിലാളികള്‍ കടലിലേയ്ക്ക് എടുത്തെറിയപ്പെട്ടു. എന്നാല്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിരുന്നതിനാല്‍ നീന്തിയ ഇവര്‍ സമീപത്തെ പാറക്കെട്ടില്‍ അള്ളിപ്പിടിച്ച് കയറി. പിന്നാലെ തിരയില്‍പ്പെട്ട ബോട്ട് പാറക്കെട്ടിലിടിച്ച് തകരുകയായിരുന്നു.

ഉച്ചയ്ക്ക് ശേഷം 3.30-ഓടെ Irish Coast Guard, Aran Islands RNLI lifeboat എന്നിവര്‍ രക്ഷാദൗത്യത്തില്‍ പങ്കെടുത്തു. ലിമറിക്കില്‍ മറ്റൊരു ദൗത്യത്തിലായിരുന്ന കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററും കുതിച്ചെത്തി.

തൊഴിലാളികള്‍ പരിഭ്രാന്തിയിലായിരുന്നെങ്കിലും വേറെ പരിക്കുകളൊന്നും ഉണ്ടായില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുടെ മൊബൈല്‍ ഫോണുകളടക്കമുള്ള സാധനങ്ങള്‍ കടലില്‍ നഷ്ടപ്പെട്ടിരുന്നു. ഇരുവരെയും സുരക്ഷിതമായി കരയ്‌ക്കെത്തിച്ച് ചികിത്സ നല്‍കിയതായി രക്ഷാപ്രവര്‍ത്തകര്‍ പിന്നീട് പറഞ്ഞു. ഭാഗ്യം കൊണ്ട് മാത്രമാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: