അയർലൻഡിൽ വൈദ്യുതിക്കും, പാചകവാതകത്തിനും വില കുത്തനെ ഉയരുന്നു; ഓരോ വീട്ടുകാരും അധികം ചെലവിടുന്നത് 540 യൂറോയോളം

അയര്‍ലന്‍ഡില്‍ ഈ വര്‍ഷം പാചകവാതകം, വൈദ്യുതി എന്നിവയ്ക്ക് വില വര്‍ദ്ധിപ്പിച്ചത് പല വട്ടമെന്ന് റിപ്പോര്‍ട്ട്. ഇത് കാരണം ഓരോ വീട്ടുകാര്‍ക്കും വൈദ്യുതിയിനത്തില്‍ ശരാശരി 340 യൂറോ, പാചകവാതകത്തിനായി 200 യൂറോ എന്നിങ്ങനെയാണ് അധികം ചെലവഴിക്കേണ്ടി വരുന്നത് എന്നും Bonkers.ie പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ചില കമ്പനികള്‍ നാല് തവണ വരെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും അവസാനമായി വില വര്‍ദ്ധിപ്പിച്ചത് Bord Gáis Energy (BGE) ആണ്. ഒക്ടോബര്‍ മുതല്‍ വൈദ്യുതിക്ക് 10% യൂണിറ്റ് വിലവര്‍ദ്ധിപ്പിക്കുമെന്നും, പാചകവാതകത്തിന് 12% വില വര്‍ദ്ധിപ്പിക്കുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് Bord Gáis Energy (BGE) ഈ വര്‍ഷം മാത്രം വൈദ്യുതിക്ക് വില വര്‍ദ്ധിപ്പിക്കുന്നത്. ഗ്യാസിന് രണ്ടാം തവണയും.

BGE-യുടെ ഈ വില വര്‍ദ്ധന കമ്പനിയില്‍ നിന്നും വൈദ്യുതി കണക്ഷന്‍ എടുത്തിട്ടുള്ള 350,000 വീട്ടുകാര്‍ക്ക് വര്‍ഷം 123 യൂറോയുടെ അധികച്ചെലവ് ഉണ്ടാക്കും. 300,000 വീട്ടുകാര്‍ ഗ്യാസ് ഇനത്തില്‍ 100 യൂറോയും അധികമായി നല്‍കേണ്ടിവരും.

ഊര്‍ജ്ജം ലഭിക്കാനുള്ള ചെലവ് വര്‍ദ്ധിച്ചതാണ് വില വര്‍ദ്ധനയ്ക്ക് കാരണമായി കമ്പനി പറയുന്നത്. സമ്പദ് വ്യവസ്ഥ പഴയതുപോലെയാകാന്‍ തുടങ്ങിയതോടെ ആവശ്യക്കാര്‍ വര്‍ദ്ധിച്ചതും മറ്റൊരു കാരണമായി.

അതേസമയം യു.കെയില്‍ ഹോള്‍സെയില്‍ ഗ്യാസ് വില കുത്തനെ ഉയര്‍ന്നതോടെ ഏഴ് കമ്പനികളാണ് ഓഗസ്റ്റിന് ശേഷം പൂട്ടിപ്പോയത്. നേരത്തെ ഗ്യാസ് വാങ്ങി സ്‌റ്റോക്ക് ചെയ്തിട്ടില്ലാത്ത ചെറുകിട കമ്പനികള്‍ക്ക് ബിസിനസ് തുടരണമെങ്കില്‍ വന്‍ വില നല്‍കി ഗ്യാസ് വാങ്ങേണ്ട അവസ്ഥയാണ്. എന്നാല്‍ ഈ വില ഉപഭോക്താക്കളില്‍ നിന്നും ലഭിക്കില്ല എന്നതിനാല്‍ കമ്പനി അടച്ചിടാന്‍ ഇവര്‍ നിര്‍ബന്ധിതരാകേണ്ടിവരുന്നു.

വില വര്‍ദ്ധന ഇങ്ങനെ തുടര്‍ന്നാല്‍ അയര്‍ലന്‍ഡിലെ സാധാരണക്കാരായവര്‍ക്ക് ഊര്‍ജ്ജദൗര്‍ലഭ്യം അനുഭവപ്പെടാന്‍ താമസമുണ്ടാകില്ലെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇതിനിടെ പ്രശ്‌നപരിഹാരത്തിനായി ശ്രമമാരംഭിക്കുമെന്ന് ഊര്‍ജ്ജമന്ത്രി ഈമണ്‍ റയാന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: