അയർലൻഡിൽ ഇന്ന് ‘ടയർ സുരക്ഷാ ദിനാചരണം’; കേടു വന്ന ടയറുമായി യാത്ര ചെയ്താൽ 120 യൂറോ പിഴ

അയര്‍ലന്‍ഡില്‍ ഇന്ന് ‘ടയര്‍ സുരക്ഷാ ദിനം’ ആചരിക്കുന്നതിന്റെ ഭാഗമായി ജനങ്ങളോട് തങ്ങളുടെ വാഹനങ്ങളുടെ ടയറുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ ആഹ്വാനം ചെയ്ത് ഗതാഗതവകുപ്പ്.

രാജ്യത്ത് ഓരോ വര്‍ഷവും ടയറുകളിലെ തകരാര്‍ കാരണമുള്ള അപകടങ്ങളില്‍ പെട്ട് 14 പേര്‍ മരിക്കുന്നുവെന്നാണ് കണക്ക്.

സുരക്ഷാദിനാചരണത്തിന്റെ ഭാഗമായി Irish Tyre Industry Association (ITIA) ഡീലര്‍മാരെ സമീപിച്ചാല്‍ സൗജന്യമായി ടയറുകള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തുന്നതാണ്.

സുരക്ഷിതമല്ലാത്ത ടയറുകള്‍ സൃഷ്ടിക്കുന്ന റോഡപകടങ്ങള്‍ തങ്ങള്‍ നിരന്തരം കാണുന്നതാണെന്ന് ഗാര്‍ഡ ചീഫ് സൂപ്രണ്ട് Mick Hennebry പറഞ്ഞു. ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നത് നിങ്ങളുടെയും, റോഡിലെ മറ്റ് യാത്രക്കാരുടെയും ജീവന്‍ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാജ്യമെമ്പാടും Roads Policing Units വാഹനപരിശോധന നടത്തുകയും, ടയറുകളുടെ നിലവാരം ഉറപ്പാക്കുകയും ചെയ്യുമെന്നും Hennerbry പറഞ്ഞു. തകരാറുള്ള ടയറുകളുമായി യാത്ര ചെയ്യുന്നവരില്‍ നിന്നും 120 യൂറോ വരെ പിഴയീടാക്കുകയും ചെയ്യും.

ടയറുകള്‍ നിലവാരമുള്ളതാണെന്ന് പരിശോധിക്കാന്‍ NCT ചെക്ക് വരെ കാത്തിരിക്കരുതെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു. ടയറിലെ കാറ്റ്, ഗ്രിപ്പ്, കേടുപാടുകള്‍, കീറലുകള്‍, ടയര്‍ തള്ളിവരുന്ന അവസ്ഥ എന്നിവയെല്ലാം ഇടയ്ക്കിടെ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും റോഡ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ഇന്നുവരെ 108 പേരാണ് അയര്‍ലന്‍ഡില്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 9% കുറവാണിത്.

Share this news

Leave a Reply

%d bloggers like this: