അയർലണ്ടിലെ നഴ്‌സുമാർക്ക് വാക്സിൻ ലഭിച്ചത് മാസങ്ങൾക്ക് മുമ്പ്; ബൂസ്റ്റർ ഷോട്ടുകൾ നൽകാൻ ആവശ്യമുയർത്തി INMO

അയര്‍ലണ്ടിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ ലഭ്യമാക്കണമെന്ന് സര്‍ക്കാരിനോട് Irish Nurses and Midwives Organisation (INMO). നിലവില്‍ 1,800-ഓളം ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് കാരണം അവധിയിലാണെന്ന കണക്ക് പുറത്തുവന്ന സാഹചര്യത്തിലാണ് സംഘടനയുടെ ആവശ്യം.

കഴിഞ്ഞ മാസം മാത്രം നഴ്‌സുമാരടക്കം 371 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന് INMO പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കുന്നത് വര്‍ദ്ധിക്കുകയാണെന്നും, അവര്‍ അപകടമേഖലയിലാണ് ജോലി ചെയ്യുന്നതെന്നും INMO ജനറല്‍ സെക്രട്ടറി Phil Ní Sheaghdha പറഞ്ഞു. 60-ന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഷോട്ട് നല്‍കി സുരക്ഷയൊരുക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.

ഭൂരിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് AstraZeneca വാക്‌സിന്‍ ലഭിച്ചത്. അതേസമയം AstraZeneca, Pfizer വാക്‌സിനുകളുടെ രോഗപ്രതിരോധശേഷി 90 ദിവസങ്ങള്‍ക്ക് ശേഷം കുറയുമെന്ന് യു.കെ ഓക്‌സഫര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞിരുന്നു.

2020 ഫെബ്രുവരി മുതല്‍ ആവശ്യത്തിന് ലീവ് പോലും ലഭിക്കാതെ രാജ്യത്തെ നഴ്‌സുമാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുകയാണെന്ന് Phil Ní Sheaghdha പറഞ്ഞു. ജോലിസ്ഥലത്ത് കോവിഡ് കാരണമുള്ള അപകടസാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതിനാല്‍, അവര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ വഴി കഴിയുന്നത്ര സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് വാക്‌സിന്‍ ലഭ്യതക്കുറവ് ഇല്ല എന്ന കാര്യം ചൂണ്ടിക്കാട്ടിയ Sheaghdha, mRNA സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാക്‌സിനുകള്‍ (ഉദാ: Pfizer, Moderna) വേണം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാനെന്നും വ്യക്തമാക്കി.

ഇക്കാര്യങ്ങള്‍ കാണിച്ച് ചീഫ് മെഡിക്കല്‍ ഓഫിസര്‍, National Immunisation Advisory Committee (Niac) എന്നിവര്‍ക്ക് കത്ത് നല്‍കിയതായി INMO അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: