അയർലണ്ടിൽ സ്വന്തമായി ഒരു വീട് വാങ്ങണമെങ്കിൽ ഉണ്ടായിരിക്കേണ്ട മിനിമം ശമ്പളം 90,000 യൂറോ; ഞെട്ടിക്കുന്ന പ്രവചനവുമായി സാമ്പത്തിക വിദഗ്ദ്ധൻ

അയര്‍ലണ്ടില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഭവനവില 22.5% വരെ ഉയരുമെന്ന് സാമ്പത്തിക വിദഗ്ദ്ധനായ Dermot O’Leary. 2023 ആകുമ്പോഴേയ്ക്കും വീടുകള്‍ക്ക് ശരാശരി 63,366 യൂറോയാണ് വര്‍ദ്ധിക്കുക. 2021-ല്‍ 12.5%, 2022-ല്‍ 5%, 2023-ല്‍ 4% എന്നിങ്ങനെ വില വര്‍ദ്ധിക്കുമെന്നാണ് Goodbody സ്‌റ്റോക്ക് മാര്‍ക്കറ്റ് കമ്പനിയിലെ ധനകാര്യവിദഗ്ദ്ധനായ O’Leary പ്രവചിക്കുന്നത്.

ഇതോടെ രണ്ട് വര്‍ഷത്തിനിടെ 63,366 യൂറോ അധികമായി ഒരു വീടിന് നല്‍കേണ്ടിവരും. അതായത് 2023-ഓടെ ഒരു വീടിന്റെ ശരാശരി വില 343,729 യൂറോ ആയി മാറും. 2020 അവസാനം ഇത് 280,363 യൂറോ ആയിരുന്നു.

എന്നാല്‍ ഞെട്ടിക്കുന്ന കണക്ക് മറ്റൊന്നാണ്. ഭവനവില ഇത്തരത്തില്‍ കുതിച്ചുയര്‍ന്നാല്‍ ഇവിടെ ഒരു വീട് സ്വന്തമാക്കണമെങ്കില്‍ സാധാരണക്കാരുടെ ശമ്പളം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 88,387 യൂറോയെങ്കിലും ആയിരിക്കണം. അതായത് രണ്ട് വര്‍ഷത്തിനിടെയുണ്ടാകേണ്ട ശരാശരി ശമ്പള വര്‍ദ്ധന 17,000 യൂറോ. എങ്കില്‍ മാത്രമേ സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ സാധാരണക്കാര്‍ക്ക് സാധിക്കൂ. സാധാരണക്കാരുടെ നിലവിലെ ശരാശരി വരുമാനത്തിന്റെ മൂന്നിരട്ടിയാണീ ശമ്പളം.

20% തുകയാണ് വീട് വാങ്ങാന്‍ ഡെപ്പോസിറ്റായി നല്‍കേണ്ടതെങ്കില്‍ 90,000 യൂറോയോളം ശമ്പളത്തിന് പുറമെ 34,300 യൂറോ വേറെയും കരുതണം. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് സര്‍ക്കാരില്‍ നിന്നും ഇതുവരെയില്ലാത്ത തരത്തിലുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ടായില്ലെങ്കില്‍ രാജ്യത്തെ ഭവനപ്രതിസന്ധി വരും വര്‍ഷങ്ങളില്‍ രൂക്ഷമായി തുടരുമെന്ന് തന്നെയാണ്.

രാജ്യത്ത് ഭവനലഭ്യത കൂടുകയും demand-supply സമവാക്യം ഏതാണ്ട് തുല്യമാകുകയും ചെയ്താല്‍പ്പോലും വില വര്‍ദ്ധനയില്‍ വലിയൊരു കുറവ് സംഭവിക്കില്ലെന്നാണ് O’Leary പറയുന്നത്. ‘വില വര്‍ദ്ധനയുടെ നിരക്ക് കുറഞ്ഞേക്കാം, എന്നാല്‍ വില വര്‍ദ്ധിക്കുക തന്നെ ചെയ്യും.’ അദ്ദേഹം വ്യക്തമാക്കുന്നു.

The Irish Times പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നുമുള്ള വിവരങ്ങള്‍.

Share this news

Leave a Reply

%d bloggers like this: