മുഴുവനായും വാക്സിൻ സ്വീകരിച്ച അയർലണ്ട്, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിച്ച് യുഎസ്

അയര്‍ലണ്ട്, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള മുഴുവനായും വാക്‌സിനേറ്റ് ചെയ്തവര്‍ക്ക് തിങ്കളാഴ്ച മുതല്‍ (നവംബര്‍ 8) രാജ്യത്തേയ്ക്ക് പ്രവേശനം നല്‍കുമെന്ന് യുഎസ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കോവിഡ് കാരണം യുഎസ് ഇതര പൗരന്മാര്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ് അധികൃതര്‍. ഇത് കാരണം യൂറോപ്പ്, ഇന്ത്യ, ചൈന തുടങ്ങി വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് തങ്ങളുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനും മറ്റുമായി യുഎസില്‍ പോകാന്‍ സാധിച്ചിരുന്നില്ല. യുഎസില്‍ ജോലി ചെയ്യുന്ന പലരും നാട്ടില്‍ വന്ന ശേഷം തിരികെ പോകാന്‍ കഴിയാതെയും വിഷമിക്കുകയാണ്.

യൂറോപ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ, യു.കെ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുമുള്ളവര്‍ മുഴുവനായി വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ പ്രവേശനം അനുവദിക്കുമെന്നാണ് യുഎസ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വാക്‌സിനെടുത്തു എന്ന തെളിവ്, നെഗറ്റീവ് കോവിഡ് ടെസ്റ്റ് ഫലം എന്നിവ യാത്രയ്ക്കിടെ കൈയില്‍ കരുതണം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോവിഡ് വന്ന് ഭേദമായവര്‍ക്കും പ്രവേശനം നല്‍കും.

2020 ആദ്യം കോവിഡ് കാരണം അന്നത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് യുഎസ് പൗരന്മാര്‍ക്കൊഴികെ വിദേശത്ത് നിന്നുള്ള യാത്ര നിരോധിച്ചത്. 2021 ജനുവരിയില്‍ അധികാരത്തില്‍ വന്ന ജോ ബൈഡനും നിയന്ത്രണം തുടര്‍ന്നു. പല ലോകരാജ്യങ്ങളും യാത്രാ ഇളവ് നല്‍കാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും നിയന്ത്രണം കര്‍ശനമായി തുടരുകയായിരുന്നു യുഎസ്.

Share this news

Leave a Reply

%d bloggers like this: