‘ഹൈടെക്’ ആകാൻ സഭയും; ഡബ്ലിനിലെ പള്ളികളിൽ ഇനി ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴി നേർച്ച നൽകാം

കോവിഡ് കാലത്തിനനുസൃതമായി പള്ളികളില്‍ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഡബ്ലിന്‍ അതിരൂപത. ഡബ്ലിനിലെയും, സമീപപ്രദേശങ്ങളെയും 200-ഓളം പള്ളികളില്‍ കാര്‍ഡുകള്‍ വഴി പണമടയ്ക്കാനുള്ള സംവിധാനങ്ങള്‍ ഉടനടി സ്ഥാപിക്കുമെന്നാണ് അതിരൂപത അറിയിച്ചിരിക്കുന്നത്. നേര്‍ച്ച നല്‍കാനും മറ്റുമായി ഇനിമുതല്‍ പണം കൈയില്‍ കൊണ്ടുവരേണ്ട കാര്യമില്ല. കോവിഡ് നിയന്ത്രണങ്ങള്‍ക്കകത്ത് നിന്നുകൊണ്ടുതന്നെ പണമിടപാട് നടത്തുകയും ചെയ്യാം.

രാജ്യത്ത് പണം കൈയില്‍ വച്ച് ഉപയോഗിക്കുന്നവര്‍ കുറവാണെന്ന വിലയിരുത്തലിലാണ് അതിരൂപത പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് കൂടി വന്നതോടെ നേരിട്ടുള്ള പണമിടപാടുകളില്‍ വന്‍ കുറവാണ് സംഭവിച്ചിരിക്കുന്നത്.

നേരത്തെ ഡബ്ലിന്‍ അതിരൂപതയ്ക്ക് കീഴിലെ 60 പള്ളികളില്‍ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങള്‍ സ്ഥാപിച്ചത് വിജയം കണ്ടിരുന്നു. ഇതോടെയാണ് പദ്ധതി വ്യാപിപ്പിക്കാനുള്ള തീരുമാനം.

ക്രിസ്മസ് കാലം അടുത്തിരിക്കെ പള്ളികളില്‍ തിരക്ക് കൂടുമെന്നതും, നേര്‍ച്ചയും മറ്റും വര്‍ദ്ധിക്കുമെന്നതും ഇതിന് ആക്കം കൂട്ടി.

Share this news

Leave a Reply

%d bloggers like this: