കോവിഡിനിടയിലും വൻ നേട്ടം കൊയ്ത് അയർലണ്ടിലെ മോട്ടോർ ഇൻഷുറൻസ് കമ്പനികൾ; ക്ലെയിം തുക നൽകാതെ നേടിയത് വൻ ലാഭം

അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ഏറ്റവുമധികം ലാഭമുണ്ടാക്കിയത് 2020-ലെന്ന് റിപ്പോര്‍ട്ട്. കോവിഡ് കാലത്ത് വന്ന പല ആക്‌സിഡന്റ് ക്ലെയിമുകളും നിരാകരിച്ചിലൂടെയാണ് വമ്പന്‍ ലാഭം കമ്പനികള്‍ നേടിയതെന്നും സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആകെ നേടിയ പ്രീമിയം തുക മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7% കുറഞ്ഞിട്ടും, ഓപ്പറേറ്റിങ് പ്രോഫിറ്റായി 163 മില്യണ്‍ യൂറോയാണ് കമ്പനികള്‍ക്ക് ലഭിച്ചത്. 2020-ലെ ആകെ വരുമാനത്തിന്റെ 12% വരും ഇത് എന്ന് Private Motor Insurance Report വ്യക്തമാക്കുന്നു.

ആകെ 307 മില്യണ്‍ യൂറോയാണ് രാജ്യത്തെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ കഴിഞ്ഞ വര്‍ഷത്തെ ലാഭം. ഇതില്‍ 144 മില്യണ്‍ യൂറോ മറ്റ് റീ ഇന്‍ഷുറന്‍സ് തുകയില്‍ നിന്നുമാണ്.

രാജ്യത്ത് മോട്ടോര്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ 26% വരെ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കോവിഡ് കാരണം യാത്രകള്‍ ഗണ്യമായി കുറഞ്ഞതാണ് കാരണം. കമ്പനികള്‍ അനുവദിച്ചുകൊടുക്കുന്ന ക്ലെയിമുകളുടെ തുകയിലും 20% കുറവ് സംഭവിച്ചിട്ടുണ്ട്. ഇതാണ് കോവിഡിനിടയിലും കമ്പനികള്‍ക്ക് വന്‍ ലാഭമുണ്ടാകാന്‍ കാരണമായത്.

പ്രീമിയം അടവുകളില്‍ 7% കുറവാണ് 2020-ല്‍ ആകെ സംഭവിച്ചത്. അതേസമയം വര്‍ഷത്തിലെ അവസാന പാദമാകുമ്പോഴേയ്ക്കും ഇത് 16% ആയി കുറഞ്ഞു. കോവിഡ് കാരണം പ്രീമിയത്തില്‍ റിബേറ്റ് നല്‍കിയതാണ് തുക കുറയാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2020-ല്‍ ആകെ ക്ലെയിം ചെയ്തവയില്‍ 36% കേസുകളും ഇന്‍ഷുറന്‍സ് കമ്പനികളും വാഹന ഉടമകളും നേരിട്ട് സെറ്റില്‍ ചെയ്തവയാണ്. 34% ആണ് കോടതി ഇടപെട്ട് കേസ് ആകാതെ സെറ്റില്‍ ചെയ്തത്. 15% കേസുകള്‍ Personal Injuries Assessment Board (PIAB) വഴിയും, 13% ബോര്‍ഡിന്റെ നേരിട്ടുള്ള ഇടപെടല്‍ കാരണവും സെറ്റില്‍ ചെയ്തു. ബാക്കി 2% കോടതി വിധി വഴിയും സെറ്റില്‍ ചെയ്തു.

Share this news

Leave a Reply

%d bloggers like this: