രേഖകളില്ലാതെ അയർലണ്ടിൽ താമസിക്കുന്ന കുടിയേയേറ്റക്കാരെ നിയമപരമായി അംഗീകരിക്കും; സുപ്രധാന പ്രഖ്യാനവുമായി നീതിന്യായ വകുപ്പ്; അർഹരായവർ ഇവർ

മതിയായ രേഖകളില്ലാതെയും, രേഖകള്‍ ഒന്നും തന്നെയില്ലാതെയും അയര്‍ലണ്ടില്‍ ജീവിക്കുന്ന കുടിയേറ്റക്കാരെയും, അവരുടെ കുടുംബങ്ങളെയും നിയമപരമായി അംഗീകരിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം. അര്‍ഹരായ കുടിയേറ്റക്കാരെ രാജ്യത്ത് തുടരാന്‍ അനുവദിക്കുമെന്നും, താമസം നിയമപരമായി അംഗീകരിക്കുമെന്നും നീതിന്യായ വകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ RTE News-നോട് പറഞ്ഞു.

അര്‍ഹരായ കുടിയേറ്റക്കാര്‍ നിശ്ചിതകാലയളവ് അയര്‍ലണ്ടില്‍ താമസിച്ചവരാണെങ്കില്‍, അവര്‍ക്കും, കുടുംബത്തിനും ഇതിന്റെ ഗുണം ലഭിക്കും.

അയര്‍ലണ്ടില്‍ കാലങ്ങളായി ജോലിയെടുത്ത് ജീവിക്കുന്ന കുടുംബംഗങ്ങളുണ്ടെന്നും, അവരുടെ കുട്ടികള്‍ ഇവിടെ ജനിച്ച്, ഇവിടുത്തെ സ്‌കൂളുകളില്‍ പഠിക്കുന്നവരാണെന്നും മക്കന്റീ പറഞ്ഞു. എന്നാല്‍ പൗരത്വവുമായി ബന്ധപ്പെട്ട നിയമപരിരക്ഷ ലഭിക്കാത്തത് അവരുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. പുതിയ തീരുമാനം ഇതിന് അറുതി വരുത്തും.

അവരെ നമ്മുടെ സമൂഹത്തിന്റെ ഭാഗമാക്കുക എന്നത് വളരെ പ്രധാനമാണ്- മക്കന്റീ പറഞ്ഞു.

താമസം അംഗീകരിക്കാനുള്ള അപേക്ഷ സ്വീകരിക്കുന്നത് ജനുവരിയില്‍ ആരംഭിക്കുമെന്നും, ആറ് മാസക്കാലം അപേക്ഷ സ്വീകരിക്കുന്നത് തുടരുമെന്നും മക്കന്റീ വ്യക്തമാക്കി. രേഖകളില്ലാതെ കുറഞ്ഞത് നാല് വര്‍ഷം രാജ്യത്ത് താമസിച്ചവര്‍ക്കാണ് നിയമപരമായ അംഗീകാരത്തിന് അര്‍ഹത. കുട്ടികള്‍ ഉള്ളവരാണെങ്കില്‍ കുറഞ്ഞത് മൂന്ന് വര്‍ഷവും.

അര്‍ഹരായവര്‍ക്ക് അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ ഇമിഗ്രേഷന്‍ പെര്‍മിഷനും, തൊഴിലെടുക്കാനുള്ള അവകാശവും ലഭിക്കും. തുടര്‍ന്ന് പൗരത്വം ലഭിക്കാനും സാധ്യതയേറും.

കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നവര്‍ 17,000-ഓളം വരുമെന്നാണ് നീതിന്യായ വകുപ്പ് പറയുന്നത്. ഇതില്‍ 3,000-ഓളം പേര്‍ കുട്ടികളാണ്. രേഖകളില്ലാതെ കഴിയുന്നവരില്‍ വലിയൊരു വിഭാഗവും തൊഴില്‍ ഇല്ലാത്തവരുമാണ്. മറ്റ് പലരും ചെറിയ കൂലിക്ക് ജോലി ചെയ്തുവരുന്നു. ഇതില്‍ എത്ര പേര്‍ നിയമപരിരക്ഷ ലഭിക്കാന്‍ അര്‍ഹരാണെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.

അര്‍ഹതയുള്ളവര്‍ക്ക് Deportation Order ലഭിച്ചവരാണെങ്കിലും അപേക്ഷ നല്‍കാമെന്ന് വകുപ്പ് അറിയിച്ചിട്ടുണ്ട്. ഗൗരവകരമായ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ അര്‍ഹരല്ല.

സ്റ്റുഡന്റ് പെര്‍മിഷന്‍ കാലാവധി കഴിഞ്ഞവര്‍ക്കും അപേക്ഷ നല്‍കാം.

Share this news

Leave a Reply

%d bloggers like this: