ആണവോർജ്ജം, പ്രകൃതി വാതകം എന്നിവയെ ‘ഗ്രീൻ ലേബലിൽ’ ഉൾപ്പെടുത്താൻ EU; പിന്തുണയറിയിച്ച് ഫ്രാൻസും, എതിർപ്പുമായി ഓസ്ട്രിയയും ജർമ്മനിയും

ആണവോര്‍ജ്ജം (nuclear power), പ്രകൃതിവാതകം (natural gas) എന്നിവയെ ‘ഗ്രീന്‍’ ലേബലില്‍ ചേര്‍ക്കാനുള്ള നീക്കവുമായി യൂറോപ്യന്‍ യൂണിയന്‍. ഇവ രണ്ടും ഗ്രീന്‍ ലേബലിന് അര്‍ഹമാണോ എന്ന കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മേഖലകളില്‍ കൂടുതല്‍ മുതല്‍മുടക്കിന് പ്രേരകമാകുന്ന തരത്തില്‍ ഗ്രീന്‍ ലേബലിങ് നടത്താനുള്ള തീരുമാനവുമായി EU മുന്നോട്ട് നീങ്ങുന്നത്.

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനും, കാര്‍ബണ്‍ രഹിത ഭാവി സൃഷ്ടിക്കാനുമുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ആണവോര്‍ജ്ജം, പ്രകൃതിവാതകം എന്നിവ കൂടുതല്‍ സാധാരണമാക്കുന്നതിനായി ഗ്രീന്‍ ലേബലില്‍ പെടുത്താന്‍ EU ശ്രമിക്കുന്നത്. പക്ഷേ ഇതിനായി 27 അംഗരാജ്യങ്ങളില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ആവശ്യമാണ്. 2021-ല്‍ രണ്ട് തവണ ഇതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ശേഷമാണ് ഡിസംബര്‍ 31-ന് വീണ്ടും ഇത് സൂചിപ്പിച്ച് യൂണിയന്‍ അധികൃതര്‍ അംഗരാജ്യങ്ങള്‍ക്ക് സന്ദേശമയച്ചിരിക്കുന്നത്.

ഭൂരിപക്ഷം അംഗങ്ങളും നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുകയാണെങ്കില്‍ ഈ ഊര്‍ജ്ജസ്രോതസ്സുകളെ ഗ്രീന്‍ ലേബലില്‍ ഉള്‍പ്പെടുത്തി EU പുതിയ നിയമം രൂപീകരിക്കും. 2023 മുതല്‍ അത് നിലവില്‍ വരികയും ചെയ്യും.

കല്‍ക്കരി പോലുള്ള ഇന്ധനങ്ങളുടെ ഉപയോഗം ഇല്ലാതാക്കാന്‍ തീരുമാനം സഹായകമാകുമെന്നും, ഭാവിയില്‍ പുനരുപയോഗസാധ്യതയുള്ള ഊര്‍ജ്ജമാകാന്‍ പ്രകൃതിവാതകം, ആണവോര്‍ജ്ജം എന്നിവയ്ക്ക് കഴിയുമെന്നുമാണ് EU പറയുന്നത്.

തങ്ങളുടെ പ്രധാന ഊര്‍ജ്ജസ്രോതസ്സായതിനാല്‍ ഫ്രാന്‍സ് ആണ് ആണവോര്‍ജ്ജത്തെ ഗ്രീന്‍ ലേബലില്‍ ഉള്‍പ്പെടുത്താനായി കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. ഓസ്ട്രിയ ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കുമ്പോള്‍ ജര്‍മ്മനിയും ഇതുവരെ പിന്തുണ അറിയിച്ചിട്ടില്ല. മാത്രമല്ല രാജ്യത്തെ എല്ലാ ആണവോര്‍ജ്ജകേന്ദ്രങ്ങളും അടച്ചുപൂട്ടാനായി ജര്‍മ്മനി തയ്യാറെടുക്കുകയുമാണ്.

ആണവോര്‍ജ്ജം പരിസ്ഥിതിയില്‍ വന്‍ വിപത്തിന് കാരണമാകുമെന്ന് ജര്‍മ്മന്‍ പരിസ്ഥിതി വകുപ്പ് മന്ത്രി സ്റ്റെഫി ലെംകേ പരസ്യപ്രസ്താവന നടത്തുകയും ചെയ്തിട്ടുണ്ട്.

ആണവോര്‍ജ്ജത്തെ ‘ഭൂതകാലത്തിന്റെ ഊര്‍ജ്ജം’ എന്നാണ് ഓസ്ട്രിയന്‍ പരിസ്ഥിതി മന്ത്രി Leonore Gewessler വിമര്‍ശനത്തിനിടെ വിശേഷിപ്പിച്ചത്.

റേഡിയോ ആക്ടീവ് മാലിന്യങ്ങളുടെ കൃത്യമായ നിര്‍മ്മാര്‍ജ്ജനമടക്കമുള്ള ഉപാധികളോടെയാണ് ആണവോര്‍ജ്ജത്തെ ഗ്രീന്‍ ലേബലില്‍ ഉള്‍പ്പെടുത്താന്‍ EU നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഇത് നടപ്പിലായാല്‍ യൂണിയനിലെ രാജ്യങ്ങളില്‍ പുതിയ ആണവോര്‍ജ്ജ വൈദ്യുത നിർമ്മാണകേന്ദ്രങ്ങള്‍ നിര്‍മ്മിക്കപ്പെടും.

രണ്ടാഴ്ചയാണ് തീരുമാനമറിയിക്കാനായി അംഗരാജ്യങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ജനുവരി പകുതിയോടെ പദ്ധതിയുടെ പൂര്‍ണ്ണരൂപം EU പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. ശേഷം നാല് മാസത്തിനകം തീരുമാനം യൂറോപ്യന്‍ പാര്‍ലമെന്റില്‍ വോട്ടിനിട്ട് പാസാക്കുകയോ, തള്ളുകയോ ചെയ്യും.

Share this news

Leave a Reply

%d bloggers like this: