അയർലണ്ടിൽ പൗരത്വ അപേക്ഷയ്ക്ക് ഇനി സ്കോർ കാർഡ് നിർബന്ധം; എന്താണ് സ്കോർ കാർഡ്? എങ്ങനെ സ്കോർ നേടാം?

2022 ജനുവരി മുതല്‍ അയര്‍ലണ്ടില്‍ പൗരത്വ അപേക്ഷ നല്‍കുന്നവര്‍, പൗരത്വം ലഭിക്കാനായി നിശ്ചിത സ്‌കോര്‍ നേടിയിരിക്കണമെന്ന രീതിയില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി അധികൃതര്‍. രാജ്യത്ത് താമസിച്ചതിനുള്ള തെളിവ് അടിസ്ഥാനമാക്കിയാണ് സ്‌കോര്‍ നിശ്ചയിക്കുക. കുറഞ്ഞത് 150 പോയിന്റ് എങ്കിലും ഉള്ളവര്‍ക്ക് മാത്രമേ ഇനിമുതല്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധിക്കൂ. സ്‌കോര്‍ കാര്‍ഡ് സംവിധാനം എന്നാണ് ഈ രീതി അറിയപ്പെടുക.

ഓരോ വര്‍ഷവും അയര്‍ലണ്ടില്‍ താമസിച്ചതിന് വെവ്വേറെ തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ട്. ഈ തെളിവുകള്‍ക്ക് പോയിന്റുകളുമുണ്ട്. ഈ തെളിവുകളുടെയെല്ലാം പോയിന്റ് കൂട്ടി നോക്കുമ്പോള്‍ ആകെ ലഭിക്കുന്ന കുറഞ്ഞ പോയിന്റ് 150 ആയിരിക്കണം.

രാജ്യത്ത് HSE-ക്ക് കീഴിലും, വൊളന്ററി ഹോസ്പിറ്റലുകളിലും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ Medical Practitioner Employment History Summary ഇത്തരത്തില്‍ താമസത്തിന്റെ തെളിവായി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൗരത്വത്തിന്റെ ഭാഗമായി വ്യക്തിത്വം (Identity) ഉറപ്പിക്കുന്നതിനായും ഇതേ 150 പോയിന്റ് നിയമം ആണ് പിന്തുടരുന്നത്.

സ്‌കോര്‍ കാര്‍ഡ് നിലവില്‍ വരുന്നതോടെ എന്തെല്ലാം തെളിവുകളാണ് നല്‍കേണ്ടത് എന്ന് അപേക്ഷകര്‍ക്ക് വ്യക്തമാകുമെന്ന് ഇതുമായി ബന്ധപ്പെട്ട് നീതിന്യായ വകുപ്പ് പറഞ്ഞു. ആവശ്യത്തിന് തെളിവുകള്‍ കൂടി സമര്‍പ്പിക്കാത്ത പക്ഷം അപേക്ഷ തള്ളും.

അപേക്ഷയുടെ ഏത് ഘട്ടത്തില്‍ വേണമെങ്കിലും ഒറിജിനല്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷകരോട് ആവശ്യപ്പെടാമെന്നതും പുതിയ മാറ്റമാണ്. നീതിന്യായ വകുപ്പ് മന്ത്രിക്കാണ് ഇതിനുള്ള അധികാരം.

Share this news

Leave a Reply

%d bloggers like this: