പ്രതിസന്ധിക്കിടെ അലംഭാവവും; ഒഴിഞ്ഞു കിടക്കുന്ന വീടുകൾ പരിശോധിക്കാൻ ഓഫിസർമാരെ നിയമിച്ചത് 3 കൗൺസിലുകൾ മാത്രം

ലക്ഷക്കണക്കിന് പേര്‍ സ്വന്തമായി ഒരു വീടില്ലാതെ വിഷമിക്കുന്ന അയര്‍ലണ്ടില്‍ നിരവധി വീടുകള്‍ ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്നതായി ഈയിടെ നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഏകദേശം 137,000 വീടുകള്‍ ഇത്തരത്തിലുണ്ടെന്നാണ് കണ്ടെത്തിയത്. ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് Vacant Property Tax ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിന് ശക്തി പകരുന്നതായിരുന്നു ഈ കണ്ടെത്തല്‍. തുടര്‍ന്ന് ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ വാങ്ങി പാര്‍പ്പിടങ്ങളാക്കി മാറ്റാന്‍ തയ്യാറുള്ളവര്‍ക്ക് സബ്‌സിഡികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം രാജ്യത്തെ 31 ലോക്കല്‍ കൗണ്‍സിലുകളിലും വേക്കന്റ് ഹോംസ് ഡയറക്ടര്‍ എന്ന പേരില്‍ ഒരു ഉദ്യോഗസ്ഥനെ വീതം നിയമിക്കണെന്ന് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നിര്‍ദ്ദേശം നല്‍കിയെങ്കിലും അത് പാലിച്ചത് രാജ്യത്തെ വെറും മൂന്ന് കൗണ്‍സിലുകള്‍ മാത്രമാണെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പാര്‍ലമെന്ററി ചോദ്യോത്തരവേളയിലാണ് മുഴുവന്‍ സമയ വേക്കന്റ് ഹോം ഓഫിസറെ നിയമിച്ച കൗണ്‍സിലുകള്‍ ക്ലെയര്‍, ഡബ്ലിന്‍ സിറ്റി, കെറി എന്നിവ മാത്രമാണെന്ന് വ്യക്തമായത്. ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ കണ്ടെത്തി അവ വാസയോഗ്യമാക്കുന്നതിന് ഇത്തരം ഓഫിസര്‍മാരുടെ സാന്നിദ്ധ്യം സുപ്രധാനമാണെന്നിരിക്കെ, കൗണ്‍സിലുകളുടെ അലംഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

2021-ല്‍ തന്നെ നിയമനം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും അത് വൈകിയത് കാരണം നിലവില്‍ 2022-ന്റെ രണ്ടാം പാദത്തോടെ അത് നടപ്പിലാക്കാനാണ് പുതുക്കിയ നിര്‍ദ്ദേശം.

അതേസമയം എല്ലാ കൗണ്‍സിലുകളിലും താല്‍ക്കാലക വേക്കന്റ് ഹോം ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ രണ്ട് പേരെ വീതവും.

വേക്കന്റ് ഹോം ഓഫിസുകളുടെ ഫണ്ടിങ്ങില്‍ 20% വര്‍ദ്ധന വരുത്താന്‍തീരുമാനിച്ചതായി തദ്ദേശഭരണ വകുപ്പ് മന്ത്രി Peter Burke ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു. പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായകമാകും. എല്ലാ ഓഫിസര്‍മാരെയും മുഴുവന്‍ സമയ ജോലിക്കാരാക്കാനും നീക്കം നടത്തുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കൃത്യമായി ഓഫിസര്‍മാരെ നിയമിക്കാത്തത് ഭവനമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ പരാജയമാണെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റ്‌സ് വിമര്‍ശനമുന്നയിച്ചു.

Share this news

Leave a Reply

%d bloggers like this: