ലേലം വിളിക്കാനും ,ഓഫറുകൾ ഇടാനും പുതിയ സൗകര്യമൊരുക്കി ഡാഫ്‌റ്റ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വീട് തേടുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സംവിധാനവുമായി പ്രമുഖ പ്രോപ്പര്‍ട്ടി സെര്‍ച്ചിങ് വെബ്സൈറ്റായ ഡാഫ്റ്റ്. ഡാഫ്റ്റില്‍ പുതുതായി ഏര്‍പ്പെടുത്തിയ ഓഫേഴ്സ് സംവിധാനം അയര്‍ലണ്ടിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിര്‍ണ്ണായക വഴിത്തിരിവാകുമെന്നാണ് കണക്കാക്കുന്നത്.

വീടുകള്‍ വാങ്ങുന്നതിനും, വില്‍ക്കുന്നതിനും ആളുകള്‍ തിരക്കുകൂട്ടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് അയര്‍ലണ്ട്‍ കടന്ന് പോവുന്നത്. ഇതുമൂലം രാജ്യത്തെ പ്രോപ്പര്‍ട്ടി ബിഡ്ഡര്‍മാരും, ഏജന്റുമാരും ഏറെ സമ്മര്‍ദ്ദത്തിലുമാണ്. ബാങ്കിങ് ആന്റ് പേയ്‍മെന്റ്സ് ഫെഡറേഷന്‍ ഓഫ് അയര്‍ലന്റ് നല്‍കുന്ന കണക്കുകള്‍ പ്രകാരം 2011 ന് ശേഷം ഏറ്റവും കൂടുതല്‍ മോര്‍ട്ട്ഗേജുകള്‍ അനുവദിക്കപ്പെട്ടത് ഇക്കഴിഞ്ഞ മാസത്തിലാണ്. റീമോര്‍ട്ട്ഗേജിങ്, സ്വിച്ചിങ്, എന്നിവയിലും പതിനൊന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കുകളാണ് നിലവിലുള്ളത്.

ഐറിഷ് ഹൌസിങ് മാര്‍ക്കറ്റിലെ ഈ സമ്മര്‍ദ്ദം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഫേഴ്സ് സ്കീമുമായി ഡാഫ്റ്റിന്റെ രംഗപ്രവേശം. ഈ സംവിധാനത്തിലൂടെ ഓരോ വസ്തുവിനും അത് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍‍ നല്‍കിയിരിക്കുന്ന ഓഫറുകള്‍ തത്സമയം വെബ്സൈറ്റില്‍ കാണാന്‍ കഴിയും. കൂടാതെ ആ വസ്തുവിന് നാം നല്‍കാന്‍ ആഗ്രഹിക്കുന്ന ഓഫര്‍ നമുക്ക് ചേര്‍ക്കാനും സാധിക്കും. ഈ ഓഫര്‍ സെല്ലിങ് ഏജന്റ് അംഗീകരിക്കുന്നതോടെ ഇത് വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ലോകത്തിലെവിടെ നിന്നു കൊണ്ടും അയര്‍ലണ്ടിലെ പ്രോപ്പര്‍ട്ടികളില്‍ ഓഫറുകള്‍ സമര്‍പ്പിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത.

ഓഫേഴ്സ് സ്കീമിന്റെ പരീക്ഷണ പതിപ്പിന് മികച്ച പ്രതികരണമായിരുന്നു ബയേഴ്സില്‍ നിന്നും ഏജന്റുമാരില്‍‍ നിന്നും ലഭിച്ചത്. ആകെ 49 പ്രോപ്പട്ടികള്‍ക്കായി 116 ബിഡ്ഡേഴ്സില്‍ നിന്നും ലഭിച്ചത് 296 ഓഫറുകളാണ്. ഇവയില്‍ 12 പ്രോപ്പര്‍ട്ടികളുടെ വില്‍പന ഇതോടെ നടക്കുകയും ചെയ്തു.

ഡാഫ്റ്റ് സൈറ്റിലെ സന്ദര്‍ശകര്‍ ഏറെ കാലമായി ആഗ്രഹിക്കുന്ന ഒരു സംവിധാനമാണ് ഓഫേഴ്സ് എന്നും, പ്രോപ്പര്‍ട്ടി വില്‍പ്പന കൂടുതല്‍ സുതാര്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ഡാഫ്റ്റ് ജനറല്‍ മാനേജര്‍ ജൊനാതന്‍ കാര്‍ട്ടര്‍ പറഞ്ഞു. പ്രതിമാസം പതിനേഴ് മില്യണോളം സന്ദര്‍ശകരുള്ള വെബ്സൈറ്റാണ് ഡാഫ്റ്റിന്റേത്. ഓരോ മിനിറ്റിലും സൈറ്റിലൂടെ ആയിരം പ്രോപ്പര്‍ട്ടി സെര്‍ച്ചുകളെങ്കിലും നടക്കുകയും ചെയ്യുന്നുണ്ട്. ഓഫേഴ്സ് സ്കീമിലൂടെ വെബ്സൈറ്റിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും, പ്രോപ്പര്‍ട്ടി വില്‍പനകള്‍ സുഗമമാക്കാന്‍ കഴിയുമെന്നും ഡാഫ്റ്റ് ഉടമകള്‍ പ്രതീക്ഷിക്കുന്നു

Share this news

Leave a Reply

%d bloggers like this: