കോർക്ക് സീറോ-മലബാർ കമ്മ്യൂണിറ്റിയിലെ പ്രശ്നപരിഹാരത്തിനായി മെത്രാൻമാർ ഇടപെടുന്നു

കോർക്ക്: കോർക്ക് സീറോ-മലബാർ കമ്യൂണിറ്റിയിൽ കലുഷിതമായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി കോർക്ക് ആൻഡ് റോസ് രൂപതാ മെത്രാൻ മാർ. ഫിൻ്റൻ ഗാവിൻ ഇടപെടുന്നു. യൂറോപ്പിലെ സീറോ മലബാർ വിശ്വസികൾക്കുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ മാർ. സ്റ്റീഫൻ ചിറപ്പണത്ത്, syro-malabar Ireland നാഷണൽ കോ-ഓർഡിനേറ്റർ ഫാ. ക്ലമൻ്റ് പടത്തിപറമ്പിൽ എന്നിവർ ശനിയാഴ്ച കോർക്കിൽ എത്തും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2:30 pm ന് സംഘം പ്രതിനിധിയോഗ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് കമ്യൂണിറ്റിയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ Syro-malabar community അംഗങ്ങളെ കാണും.

2020 നവംബറിൽ പുറത്തിറങ്ങിയ പ്രത്യേക പ്രതിനിധിയോഗ അജണ്ടയെതുർന്നാണ് കോർക്കിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
സീറോമലബാർ സഭാസംവിധാനമോ, അധികാരമോ ഇല്ലാത്ത അയർലണ്ടിൽ സിനഡിൻ്റെയോ ഐറിഷ് മെത്രാൻ സംഘത്തിന്റെയോ അനുമതിയില്ലാതെ സഭയുടെ പേര് ദുരുപയോഗിച്ചുകൊണ്ട്, പുതുതായി ഒരു ചാരിറ്റബിൾ ട്രസ്റ്റ് ഫാ. സിബി അറക്കലിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്നു. ഇതിനെ “ചർച്ച്” (സഭ) എന്ന് ചുരുക്കത്തിൽ വിളിച്ചുകൊണ്ട്, ഇനിമുതൽ ഈ ട്രസ്റ്റ് ആയിരിക്കും വേദപാഠമുൾപ്പെടയുള്ള സഭാസേവനങ്ങൾ നൽകുകയെന്നും പ്രസ്താവിക്കുകയുണ്ടായി. പ്രസ്തുത ചർച്ചിൽ” (ട്രസ്റ്റിൽ) ചേരുന്നതിനായി കോർക്ക് സീറോമലബാർ കമ്യൂണിറ്റിയിലെ അംഗങ്ങളെ നിർബന്ധിക്കുകയും ചെയ്തു. അതിൽചേരാൻ കൂട്ടാക്കാതിരുന്ന കുടുംബങ്ങളെ ഫാമിലിയുണിറ്റുകളിൽനിന്നും (കുടുംബ കൂട്ടായ്മകളിൽ) പുറത്താക്കുകയും , പ്രസ്തുത കുടുംബങ്ങളിലെ കുട്ടികളെ വേദപാഠ ക്ലാസുകളിൽനിന്നും പേര് വെട്ടിമാറ്റുകയും അവരെ സമൂഹമധ്യത്തിൽ അവഹേളിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തുകൊണ്ട്, ഒരു ഗോത്രവർഗ്ഗ സംസ്കാരത്തിലെന്നപോലെ കൈക്കാരൻമാർ തീരുമാനമെടുക്കുകയുണ്ടായി. കോർക്കിലെ ഉത്തരവാദപ്പെട്ട ചാപ്ലൈൻ ഫാ. സിബി എടുത്ത സഭാവിരുദ്ധ തീരുമാനങ്ങൾക്ക് മുൻപിൽ പുതിയതായി വന്ന മാനന്തവാടിരൂപതയിലെ പ്രൊകുറേറ്റർ കൂടിയായിരുന്ന പുതിയ ചാപ്ലൈനും നിഷ്ക്രിയനായി നിലകൊള്ളുകയായിരുന്നുവെന്നാണ് ആക്ഷേപം.

ക്രിസ്തുകേന്ദ്രീകൃതമായ കുടുംബങ്ങൾ ആണ് സഭയുടെ അടിസ്ഥാനമെന്ന വസ്തുത നിലനിൽക്കേ, കോർക്ക് സീറോ-മലബാർ കമ്യൂണിറ്റിയിൽ എല്ലാക്കാര്യങ്ങളിലും സഹകരിച്ചിരുന്ന കുറച്ചേറെ കുടുംബങ്ങളെ പുറത്താക്കിയതും, അവരുടെ കുട്ടികൾക്ക് വേദപാഠം പഠിക്കുന്നത് നിക്ഷേധിച്ചതും  വലിയപ്രതിക്ഷേധങ്ങൾക്ക് വഴിവച്ചിരുന്നു. അതേതുടർന്നു നല്ല രീതിയിൽ പോയിരുന്ന ഒരു സമൂഹത്തിലെ വിശ്വാസികൾ തമ്മിൽ സ്പർധയുണ്ടാകുകയും വിശ്വാസിസമൂഹം തന്നെ ശിഥിലമാകുകയും ചെയ്തു. ഫെബ്രുവരി മാസത്തിൽ വേദപാഠത്തിനു പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളുടെ യോഗം കുറേപ്പേരെ ഒഴിവാക്കി നടത്തിയിരുന്നു. അതേപോലെ കോർക്ക് ആൻഡ് റോസ് രൂപതാ മെത്രാന്റെ അധികാര പരിധിയിലുള്ള   കോർക്ക്സീറോമലബാർ കമ്യൂണിറ്റിയുടെ പൊതുയോഗവും ട്രസ്റ്റിൽ ചേർന്നു പണം കൊടുത്തവരെ മാത്രം പങ്കെടുപ്പിച്ചു മാർച്ച് മാസം 6ആം തിയതി നടത്താൻ കൈക്കാരന്മാർ ഏകപക്ഷീയമായി തീരുമാനിച്ചിരുന്നു.

പണപ്പിരിവിന് വേണ്ടി ഉണ്ടാക്കിയ “Syro Malabar Church of Cork” എന്ന പേരിലുള്ള ട്രസ്റ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സീറോ മലബാർ സഭാ നേതൃത്വമോ ഐറിഷ് കത്തോലിക്ക സഭാ നേതൃത്വമോ തയ്യാറായിരുന്നില്ല. ഇത് ഐറിഷ് കത്തോലിക്കരുടെയിടയിലും വൈദികസംഘാംഗങ്ങളുടെയിടയിലും അത്ര സുഖകരമല്ലാത്ത സംസാരങ്ങൾക്ക് കാരണമായിരുന്നു. വിശ്വാസികളെ ഭിന്നിപ്പിച്ചും വലിയ പ്രതിക്ഷേധങ്ങൾക്കിടയിൽ പ്രശ്നങ്ങൾ പരിഹരിക്കാതെയും പൊതുയോഗം നടത്തുന്നത് ഉചിതമല്ലന്ന് ശ്രദ്ധയിൽപ്പെടുത്തിയതിനെതുടർന്ന്  കോർക്ക് ആൻഡ് റോസ് രൂപതാ മെത്രാൻ   കൈക്കാരൻമാരുടെ തീരുമാനത്തെ തള്ളിക്കൊണ്ട്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുയോഗം നടത്താൻ പാടില്ലായെന്ന് കല്പന പുറപ്പെടുവിക്കുകയായിരുന്നു.


തുടർന്നാണ് കോർക്കിലെ പ്രശ്നപരിഹാരത്തിനായി മെത്രാൻമാർ മാർച്ച് 12, 13 തിയതികളിലായി  കോർക്ക് വിൽട്ടൺ  St. Joseph’s ചർച്ചിൽ എത്തി, സീറോമലബാർ സഭാ-സമൂഹത്തെ കാണാനും അഭിപ്രായങ്ങൾ അറിയാനും തീരുമാനം എടുത്തത്. വിശ്വാസികളെ ഭിന്നിപ്പിക്കാനും സ്വകാര്യ ട്രസ്റ്റുണ്ടാക്കി പണംപിരിക്കാനുമുള്ള ഫാ. സിബിയുടെയും കൈക്കാരന്മാരുടെയും ശ്രമമാണ് ഇതോടെ പൊളിയുന്നത് എന്ന വിലയിരുത്തലിലാണ് കോർക്കിലെ സീറോ മലബാർ വിശ്വാസികൾ.

Share this news

Leave a Reply

%d bloggers like this: