അയർലണ്ടിൽ വീടുകൾക്ക് ഒരു വർഷത്തിനിടെ 15% വില വർദ്ധന; അതിർത്തി പ്രദേശങ്ങളിൽ വർദ്ധന 25%

അയര്‍ലണ്ടില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഭവനവില വര്‍ദ്ധിച്ചത് 14.8%. 2021 ജനുവരി മുതല്‍ 2022 ജനുവരി വരെയുള്ള ഭവനവില അടിസ്ഥാനമാക്കി Central Statistics Office (CSO) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഡബ്ലിന്‍ പ്രദേശത്തെ മാത്രമായി പരിഗണിക്കുമ്പോള്‍ 13.3% ആണ് വര്‍ദ്ധന. അതേസമയം ഡബ്ലിന് പുറത്ത് ശരാശരി വില വര്‍ദ്ധന 16% ആണ്.

ഈ 12 മാസത്തിനിടെ രാജ്യത്ത് വില്‍ക്കപ്പെട്ട വീടുകളുടെ ശരാശരി വില 280,000 യൂറോ ആണ്. ഏറ്റവും കുറഞ്ഞ ശരാശരി വില ലോങ്‌ഫോര്‍ഡിലാണ്- 130,000 യൂറോ. ഏറ്റവും കൂടിയ ശരാശരി വില ഡബ്ലിനിലെ Dún Laoghaire-Rathdown-ലും- 595,000 യൂറോ.

2021 ഡിസംബറിനെ അപേക്ഷിച്ച് ഒരു മാസത്തിനിടെ 0.9% വില വീടുകള്‍ക്ക് വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏതാനും നാളത്തെ പ്രവണത തുടര്‍ന്നുകൊണ്ട്, രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഭവനവില വര്‍ദ്ധന കുതിക്കുകയാണ്. ഒരു വര്‍ഷത്തിനിടെ 24.7% ആണ് ഇവിടെ വില വര്‍ദ്ധിച്ചത്. പിന്നാലെ ഏറ്റവുമധികം വില വര്‍ദ്ധന സംഭവിച്ചിരിക്കുന്നത് തെക്ക്-കിഴക്കന്‍ പ്രദേശങ്ങളിലാണ്- 18.8%. മധ്യമേഖലയില്‍ 18% ആണ് വില വര്‍ദ്ധന.

അപ്പാര്‍ട്ട്‌മെന്റുകളുടെ കാര്യമെടുത്താല്‍ ഡബ്ലിന്‍ ഒഴികെ ദേശീയ തലത്തില്‍ ശരാശരി 17.5% വില വര്‍ദ്ധനയും, ഡബ്ലിനില്‍ 11.8% വില വര്‍ദ്ധനയുമാണ് ഉണ്ടായിരിക്കുന്നത്.

നിലവില്‍ രാജ്യത്ത് വീടുകള്‍ക്കുള്ള ഡിമാന്‍ഡ് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണെന്നും, ഫസ്റ്റ് ടൈം ബയര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണെന്നും CSO കണക്കുകള്‍ ചൂണ്ടിക്കാട്ടി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഡിമാന്‍ഡ് അടുത്ത കാലത്തൊന്നും കുറയാനുള്ള സാധ്യതയില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: