അയർലണ്ടിൽ ദേശീയ കോവിഡ് അനുസ്‌മരണ ദിനം നാളെ

അയര്‍ലണ്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരെ ഓര്‍മ്മിക്കാനും, ആദരവ് അര്‍പ്പിക്കാനുമായുള്ള ദേശീയ അനുസ്മരണദിനം ഞായറാഴ്ച. National Day of Remembrance and Reflection Ceremony എന്ന പേരിട്ടിരിക്കുന്ന ചടങ്ങ് നോര്‍ത്ത് ഡബ്ലിനിലെ Garden of Remembrance-ലാണ് നടക്കുക.

കോവിഡ് ബാധിച്ച് മരിച്ചവരെ ഓര്‍ക്കുകയും, കോവിഡ് ബാധ തടയാനായി അശ്രാന്ത പരിശ്രമം നടത്തുന്നവരെ ആദരിക്കുകയുമാണ് ചടങ്ങില്‍ ചെയ്യുക. 2020 മാര്‍ച്ചില്‍ കോവിഡ് ബാധ ആരംഭിച്ച ശേഷം ഇതുവരെ 6,600-ലേറെ പേരാണ് അയര്‍ലണ്ടില്‍ കൊറോണ വൈറസ് കാരണം മരണപ്പെട്ടത്.

ഉച്ചയ്ക്ക് ശേഷം 2.30-ഓടെ ചടങ്ങ് ആരംഭിക്കുമെന്നും, RTE One-ല്‍ ലൈവായി സംപ്രേഷണം ചെയ്യുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

ചടങ്ങില്‍ പ്രത്യേകം തയ്യാറാക്കിയ കവിതയുടെ ആലാപനവും ഉണ്ടാകും. ആശുപത്രിയെ പ്രതിനിധീകരിക്കുന്ന ഒരു പുരോഹിതനും, കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ബന്ധുക്കളും, സുഹൃത്തുക്കളും ചടങ്ങില്‍ സംബന്ധിക്കും.

സര്‍ക്കാര്‍ പ്രതിനിധികളായി ഡബ്ലിന്‍ മേയര്‍ അലിസണ്‍ ഗില്ലിലാന്‍ഡും, ഉപപ്രധാനമന്ത്രി ലിയോ വരദ്കറും ചടങ്ങില്‍ പങ്കെടുക്കും.

നേരത്തെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ചടങ്ങില്‍ സന്നിഹിതനാകുമെന്ന് അറിയിച്ചിരുന്നെങ്കിലും, നിലവില്‍ കോവിഡ് ബാധിതനായി യുഎസില്‍ ഐസൊലേഷനില്‍ കഴിയുന്നതിനാല്‍, അദ്ദേഹത്തിന്റെ അഭാവത്തിലാകും ചടങ്ങ് നടത്തപ്പെടുക.

ചടങ്ങിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ദേശീയ പതാക പാതി താഴ്ത്തി കെട്ടും.

Share this news

Leave a Reply

%d bloggers like this: