അയർലണ്ടിലെ സെൻസസ് ഇന്ന്; മലയാളത്തെ ഓർക്കാം, ഒപ്പം ഭാവിക്ക് ഒരു സന്ദേശവും

കോവിഡ്  മൂലം അയർലണ്ടിൽ മാറ്റി വെച്ച സെൻസസ് ഇന്ന്(ഏപ്രിൽ 3) നടക്കും.  എല്ലാ അഞ്ചു വർഷവും നടക്കുന്ന സെൻസസ് നടത്തുന്നത് Central Statistics Office (CSO) ആണ്.  24 പേജ് വരുന്ന സെൻസസ്  ഫോമുകൾ കഴിഞ്ഞ ആഴ്ച മുതൽ വിതരണം തുടങ്ങി. ഏപ്രിൽ 3 – നാണ്  സെൻസസ്   ഫോം ഔദ്യോഗികമായി പൂരിപ്പിക്കേണ്ടത്. അന്ന് രാത്രി വീട്ടിൽ  താമസിക്കുന്ന അംഗങ്ങളുടെ എണ്ണവും വിവരങ്ങളുമാണ് ഫോമിൽ ഉൾപ്പെടുത്തേണ്ടത്.

സെൻസസ് ഫോമിലെ 14 – ആം ചോദ്യത്തിൽ   ശേഖരിക്കുന്ന ഒരു പ്രധാന വിവരം ഇംഗ്ലീഷോ, ഐറിഷോ കൂടാതെ വീട്ടിൽ സംസാരിക്കുന്ന ഭാഷയാണ്. തീർച്ചയായും മലയാളികൾക്ക് അവരുടെ മാതൃഭാഷ എഴുതാൻ ഉള്ള അവസരമാണിത്. കഴിഞ്ഞ സെൻസസ് പ്രകാരം അയർലണ്ടിൽ മലയാളം സംസാരിക്കുന്ന ആളുകളുടെ എണ്ണം 10,642 ആയിരുന്നു. ഗവർമെന്റിന്റെ വിദ്യാഭ്യാസ  നയങ്ങളെയും മറ്റും സ്വാധീനിക്കാനും അയർലണ്ടിലെ മലയാളികളുടെ എണ്ണം ആധികാരികമായി  രേഖപ്പെടുത്താനും ഇത് വളരെയധികം സഹായിക്കും.

ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ  സംസാരിക്കുന്ന ഉറുദുവിനു ശേഷം (13,230) അയർലണ്ടിൽ ഏറ്റവും അധികം ആളുകൾ  സംസാരിക്കുന്ന ഇന്ത്യൻ  ഭാഷ മലയാളം ആണ്.

അത് കൊണ്ട് സെൻസസ് ഫോം പൂരിപ്പിക്കുമ്പോൾ  മലയാളം മറക്കരുതേ… ഓരോ അംഗത്തിന്റെ വിവരങ്ങൾ പൂരിപ്പിക്കുമ്പോൾ 14 -ആം  ചോദ്യത്തിന് ‘മലയാളം’ ഉത്തരം ആയി കൊടുക്കാൻ ഓർക്കുക.

പൂരിപ്പിച്ച ഫോമുകള്‍ ശേഖരിക്കാനായി ഏപ്രില്‍ 4 മുതല്‍ മെയ് 6 വരെയുള്ള ദിവസങ്ങളില്‍ സെന്‍സസ് എന്യൂമറേറ്റര്‍ എത്തും. ഫോം പരിശോധിച്ച ശേഷം എല്ലാം പൂരിപ്പിച്ചു എന്ന് ഉറപ്പാക്കാനായി ചില ചോദ്യങ്ങളും അവര്‍ ചോദിച്ചേക്കാം.

ഫോം ലഭിച്ചിട്ടില്ലാത്തവര്‍ക്ക് 0818202204 എന്ന നമ്പറില്‍ വിളിക്കുകയോ, സെന്‍സസ് വെബ്‌സൈറ്റില്‍ കയറി ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാം.

നിങ്ങളും കുടുംബവും നാട്ടിലാണെങ്കില്‍

സെന്‍സസ് ഫോം പൂരിപ്പിക്കേണ്ട ദിവസം നിങ്ങളും കുടുംബവും നാട്ടില്‍ പോയിരിക്കുകയോ മറ്റോ ആണെങ്കില്‍ ഫോം പൂരിപ്പിക്കേണ്ടതില്ല. പകരം ഫോം തിരികെ വാങ്ങാന്‍ വരുന്ന ദിവസം എന്യൂമറേറ്റര്‍ നിങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.

ഇന്ന് രാത്രി നിങ്ങള്‍ ആശുപത്രിയിലോ, ഗസ്റ്റ് ഹൗസിലോ മറ്റ് സ്ഥലങ്ങളിലോ ആണെങ്കില്‍ അവിടെ വച്ച് ഫോം പൂരിപ്പിക്കാം.

നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ നാളെ രാവിലെ തിരികെയെത്തിയ ശേഷം ഫോം പൂരിപ്പിക്കാം.

ഫോമിലെ ‘ടൈം കാപ്‌സ്യൂള്‍’ എന്ത്?

കഴിഞ്ഞ തവണത്തെ സെന്‍സസില്‍ നിന്ന് വിഭിന്നമായി ഇത്തവണ ‘ടൈം കാപ്‌സ്യൂള്‍’ സംബന്ധിച്ച ഒരു ചോദ്യം കൂടി സെന്‍സസ് ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരുന്ന തലമുറകള്‍ അറിയാനായി എന്തെങ്കിലും കാര്യം പറയാന്‍ ഓരോ വീട്ടുകാര്‍ക്കും അവസരം നല്‍കുന്നതാണ് ‘ടൈം കാപ്‌സ്യൂള്‍.’

ടൈം കാപ്‌സ്യൂള്‍ പ്രകാരം ഫോമില്‍ പറയുന്ന കാര്യം അധികൃതര്‍ സൂക്ഷിക്കുകയും, 100 വര്‍ഷത്തിന് ശേഷം മാത്രം, അതായത് 2122-ല്‍ പുറത്തുവിടുകയും ചെയ്യും.

അതേസമയം ഇത് ഓപ്ഷണല്‍ ആണ്. താല്‍പര്യമില്ലാത്തവര്‍ക്ക് ഇവിടം പൂരിപ്പിക്കാതെ വിടാം. കൂടാതെ എന്ത് വേണമെങ്കിലും ഇവിടെ എഴുതാമെന്നും, പ്രത്യേകിച്ച് ഒരു കാര്യവും CSO ആവശ്യപ്പെടുന്നില്ലെന്നും അധികൃതര്‍ പറയുന്നു.

സെന്‍സസില്‍ നല്‍കുന്ന എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്നും CSO ഉറപ്പ് നല്‍കുന്നു.

Share this news

Leave a Reply

%d bloggers like this: